ഗ്രൂപ്പ് ക്യാപ്റ്റൻ വരുൺസിങ് മരുന്നുകളോട് പ്രതികരിക്കുന്നു ; ചർമം വെച്ചുപിടിപ്പിക്കൽ ആരംഭിച്ചു

മികച്ച ചികിത്സയാണ് ലഭിക്കുന്നതെന്നും ശുഭവാർത്തക്ക് വേണ്ടി കാത്തിരിക്കുയാണെന്നും കുടുംബം

Update: 2021-12-14 05:28 GMT
Editor : Lissy P | By : Web Desk
Advertising

കൂനൂരിൽ സൈനിക ഹെലികോപ്ടർ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഗ്രൂപ്പ് ക്യാപ്റ്റൻ വരുൺ സിങ്ങ് മരുന്നുകളോട് പ്രതികരിക്കുന്നതായി ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. നിലവിൽ ആരോഗ്യ നിലയിൽ കാര്യമായി പുരോഗതിയില്ല. ഇടക്കിടെ മെച്ചപ്പെടുകയും ചിലപ്പോൾ പഴയ രീതിയിലേക്ക് മാറുകയും ചെയ്യുകയാണെന്ന് അദ്ദേഹത്തിന്റെ പിതാവ് റിട്ട.കേണൽ കെ.പി.സിങ്പറഞ്ഞു. ഒന്നും പറയാനായിട്ടില്ല. രാജ്യത്തെ മുഴുവൻ ജനങ്ങളുടെയും പ്രാർഥന വരുൺസിങ്ങിനൊപ്പമുണ്ട്. അവൻ വിജയിച്ചു വരും. അവനൊരു യോദ്ധാവാണ്.  ശുഭ വാർത്തക്ക് വേണ്ടിയാണ് കുടുംബം കാത്തിരിക്കുന്നതെന്നും ഏറ്റവും മികച്ച ചികിത്സയാണ് മകന് ലഭിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.ബംഗളൂരുവിലെ കമാന്റ് ആശുപത്രിയിലാണ് വരുൺസിങ്ങിപ്പോഴുള്ളത്.

കഴിഞ്ഞ ബുധനാഴ്ചയാണ് കൂനൂരിൽ ഹെലികോപ്ടർ തകർന്ന് അപകടമുണ്ടായത്. അപകടത്തിൽ സംയുക്തസൈനിക മേധാവി വിപിൻ റാവത്തടക്കം 13 പേർ മരണപ്പെട്ടിരുന്നു. അപകടത്തിൽ  നിന്ന് രക്ഷപ്പെട്ട വരുൺസിങിന് 80 ശതമാനത്തോളം പൊള്ളലേറ്റിട്ടുണ്ട്. വരുൺ സിങ്ങിന് ചർമം വെച്ചുപിടിപ്പിക്കാനുള്ള ചികിത്സ ആരംഭിച്ചതായും റിപ്പോർട്ടുണ്ട്. ഇതിനായുള്ള ചർമം ബംഗളുരു മെഡിക്കൽ കോളജ് ആന്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ ചർമ ബാങ്ക് കമാന്റ് ആശുപത്രിക്ക് കൈമാറി. കൂടുതൽ ചർമം ആവശ്യമായി വരികയാണെങ്കിൽ മുംബൈ ചെന്നൈ എന്നിവടങ്ങളിലെ സ്‌കിൻ ബാങ്കുകളിൽ നിന്ന് എത്തിക്കുകയും ചെയ്യുമെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News