ശാഹി മസ്ജിദ് കമ്മിറ്റി പ്രസിഡന്റ് കസ്റ്റഡിയിൽ; പ്രസിഡന്റ് സംഘർഷത്തിന് പ്രേരിപ്പിച്ചെന്ന് യുപി പൊലീസ്

നടപടിയിൽ സംഭലിൽ വൻ പ്രതിഷേധം

Update: 2024-11-25 11:06 GMT
Editor : ശരത് പി | By : Web Desk
Advertising

ഉത്തർപ്രദേശ്: സംഭൽ മസ്ജിദ് സംഘർഷത്തിൽ ശാഹി മസ്ജിദ് കമ്മിറ്റി പ്രസിഡന്റ് കസ്റ്റഡിയിൽ. സംഘർഷത്തിന് മസ്ജിദ് കമ്മിറ്റി പ്രസിഡന്റ് പ്രേരിപ്പിച്ചതായാണ് പൊലീസ് ആരോപണം. അറസ്റ്റ് രേഖപ്പെടുത്താതെയാണ് നടപടി. പ്രസിഡൻ്റിനെ കസ്റ്റഡിയിലെടുത്ത് നടപടിക്കെതിരെ സംഭലിൽ വൻ പ്രതിഷേധമാണ് ഉയർന്നുകൊണ്ടിരിക്കുന്നത്. സംഘർഷസാധ്യത കണക്കിലെടുത്ത് പ്രദേശത്തെ ഇന്റർനെറ്റ് സംവിധാനങ്ങൾ റദ്ദാക്കുകയും നിരോധനാജ്ഞ പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്.പുറത്തുനിന്നുള്ളവർക്ക് നവംബർ 30 വരെ വിലക്കേർപ്പെടുത്തിയിട്ടുമുണ്ട്.

ഇതിനിടെ സംഘർഷത്തെതുടർന്നുണ്ടായ വെടിവെപ്പിൽ മരിച്ചവരുടെ എണ്ണം അഞ്ചായി. ഇന്നലെയുണ്ടായ വെടിവെപ്പിൽ മൂന്ന് പേർ സംഭവസ്ഥലത്തുതന്നെ കൊല്ലപ്പെട്ടിരുന്നു. മസ്ജിദ് സ്ഥിതി ചെയ്യുന്നത് പണ്ട് ക്ഷേത്രമുണ്ടായിരുന്ന സ്ഥലത്താണോയെന്ന് പരിശോധിക്കാൻ നടത്തിയ സർവ്വേയാണ് കല്ലേറിലും സംഘർഷത്തിലും കലാശിച്ചത്. നഈം,ബിലാൽ, നുഅ്മാൻ എന്നിവരാണ് ഇന്നലെ കൊല്ലപ്പെട്ടത്. ഇന്ന് മരിച്ചവരുടെ പേര് പുറത്തുവന്നിട്ടില്ല. കല്ലേറിൽ 30 ഓളം പൊലീസുകാർക്ക് പരിക്കേറ്റിരുന്നു. സംഭവത്തിൽ സംഭൽ എം.പി സിയാവുർ റഹ്മാനെതിരെ പൊലീസ് കേസെടുത്തു. സ്പര്ദ്ധ ഉണ്ടാക്കാൻ ശ്രമിച്ചുവെന്ന് ആരോപിച്ചാണ് കേസ്. കൃത്യനിർവഹണം തടസ്സപ്പെടുത്തിയെന്നും എഫ്‌ഐആറിലുണ്ട്.

പൊലീസ് വെടിവെപ്പിലാണ് യുവാക്കൾ മരിച്ചതെന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്. എന്നാൽ സമരക്കാർക്കിടയിൽനിന്ന് വെടിവെപ്പുണ്ടായതായി പൊലീസ് പറയുന്നു. അതേസമയം തോക്കുധാരികളായ പൊലീസുകാർ പ്രതിഷേധക്കാർക്ക് നേരെ തോക്കുചൂണ്ടുന്ന ചിത്രങ്ങൾ പുറത്തുവന്നിട്ടുണ്ട്.ഞായറാഴ്ച രാവിലെ ഏഴ് മണി മുതലാണ് കോടതി നിയോഗിച്ച അഭിഭാഷകസംഘം സർവേക്കായി മസ്ജിദിലെത്തിയത്. ഇതിനിടെ ഒരു സംഘം പ്രതിഷേധവുമായി എത്തുകയായിരുന്നു. തുടർന്ന് അത് വലിയ സംഘർഷത്തിലേക്ക് നീങ്ങി. പൊലീസും സമരക്കാരും തമ്മിൽ പല തവണ ഏറ്റുമുട്ടലുണ്ടായി. സമരക്കാരെ പിരിച്ചുവിടാൻ ടിയർ ഗ്യാസ് പ്രയോഗവും ലാത്തിച്ചാർജും നടത്തിയെന്നാണ് പൊലീസ് പറയുന്നത്.

Tags:    

Writer - ശരത് പി

Web Journalist, MediaOne

Editor - ശരത് പി

Web Journalist, MediaOne

By - Web Desk

contributor

Similar News