ഉപതെരഞ്ഞെടുപ്പ്; ബിജെപിയെ തോൽപ്പിച്ച് ബംഗാൾ തൂത്തുവാരി തൃണമൂൽ; ഇടത് മുന്നണിക്ക് കെട്ടിവെച്ച പണം നഷ്ടം

സിറ്റിങ് സീറ്റ് തൃണമൂൽ പിടിച്ചെടുത്തത് ബിജെപിക്ക് കനത്തപ്രഹരമായി

Update: 2024-11-25 10:38 GMT
Advertising

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ നിയമസഭ ഉപതെരഞ്ഞെടുപ്പിൽ ശ്രദ്ധേയമായ വിജയമാണ് മമതാ ബാനർജിയുടെ നേതൃത്വത്തിലുള്ള തൃണമൂൽ കോൺഗ്രസ് നേടിയത്. തെരഞ്ഞെടുപ്പ് നടന്ന ആറ് സീറ്റും അവർ തൂത്തുവാരി. ബിജെപിയിൽ നിന്ന് ഒരു മണ്ഡലം പിടിച്ചെടുക്കുകയും അഞ്ച് മണ്ഡലം നിലനിർത്തുകയും ചെയ്തു. രണ്ട് മണ്ഡലങ്ങളിൽ സിപിഎം നേതൃത്വത്തിലുള്ള ഇടതുമുന്നണിക്ക് കെട്ടിവെച്ച കാശ്പോലും കിട്ടിയില്ല. 

ലോക്സഭാ തെരഞ്ഞെടുപ്പിൽ വിജയിച്ചതിനെ തുടർന്ന് സിറ്റിങ് എംഎൽഎമാർ രാജിവെച്ചതിനെ തുടർന്നാണ് മദാരിഹട്ട്,സിതായ്, നൈഹാത്തി, ഹരോവ, മേദിനിപൂര്, തൽദാൻഗ്ര എന്നീ ആറ് മണ്ഡലങ്ങളിലാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. 

ഒരുകാലത്ത് സിപിഎം കുത്തകയായിരുന്ന മദാരിഹട്ടിൽ 2016 മുതൽ ബിജെപിയായിരുന്നു ജയിച്ചിരുന്നത്. ആ മണ്ഡലമാണ് തൃണമൂൽ ബിജെപിയിൽ നിന്ന് പിടിച്ചെടുത്തത്. ഇവിടെയാണ് സിപിഎം നേതൃത്വത്തിലുള്ള ഇടതുമുന്നണിക്ക് കെട്ടിവെച്ച കാശ്പോലും നഷ്ടമായത്.സിതായിയാണ് ഇടതുമുന്നണിക്ക് കെട്ടിവെച്ച പണം നഷ്മായ മറ്റൊരു മണ്ഡലം. ആറ് മണ്ഡലങ്ങളിലൊന്നിൽ പോലും ഇടതുമുന്നണിക്ക് രണ്ടാമതെത്താൻ കഴിഞ്ഞില്ല. ഹരോവ മണ്ഡലമൊഴികെ അഞ്ചിടത്തും ബിജെപിയാണ് രണ്ടാമത്. ഓൾ ഇന്ത്യാ സെക്കുലർ ഫ്രണ്ട് ആണ് ഹരോവ മണ്ഡലത്തിൽ രണ്ടാമതെത്തിയത്. 

നൈഹാത്തിയിൽ സനത് ഡേയും ഹരോവയിൽ റാബിയുൽ ഇസ്‍ലാമും മേദിനിപൂരിൽ സുജോയ് ഹസ്രയും തദാൻഗ്രയിൽ ഫാൽഗുനി സിംഗബാബുവും സിതായിൽ സംഗീത റോയിയും മദാരിഹത്തിൽ ജയ പ്രകാശ് ടോപോയും ജയം നേടി. ആറിടത്തും വമ്പൻ ഭൂരിപക്ഷത്തിലാണ് ടിഎംസി സ്ഥാനാർഥികൾ ജയിച്ചത്. 

സിതായിൽ 130636 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ടിഎംസി ജയിച്ചത്. നാലാമതെത്തിയ ഇടതുമുന്നണി സ്ഥാനാർഥിക്ക് ലഭിച്ചത് 3319 വോട്ടുകൾ മാത്രമാണ്. മദാരിഹത്തിൽ 28168 വോട്ടുകളുടെ ഭൂരിപക്ഷമാണ് തൃണമൂലിന് ലഭിച്ചത്. അവിടെയും നാലാമ​തെത്തിയ ഇടതുമുന്നണി സ്ഥാനാർഥിക്ക് 3412 വോട്ടുകൾ മാത്രമാണ് ലഭിച്ചത്. നൈഹാത്തിയിൽ 49,227 വോട്ടുകളാണ് ഭൂരിപക്ഷം. ഹരോവയിൽ 1,31,388 വോട്ടിന്റെയും മേദിനിപൂരിൽ 33996 വോട്ടും തൽദാൻഗ്രയിൽ 34082 വോട്ടുമാണ് ഭൂരിപക്ഷം.

അതേസമയം, നിരവധി പ്രതികൂല സാഹചര്യങ്ങ​ളുണ്ടായിട്ടും ജനങ്ങൾ അനുകൂല വിധിയെഴുതിയത് തൃണമൂലിന് ഗുണകരമായി. ആർജി കർ മെഡിക്കൽ കോളജിൽ ഡോക്ടർ ബാലത്സംഗത്തിന് ഇരയായി​ കൊല്ലപ്പെട്ട സംഭവത്തെത്തുടർന്നുണ്ടായ പ്രക്ഷോഭങ്ങളും പ്രതിഷേധങ്ങളും ഉപതെരഞ്ഞെടുപ്പിനെ ബാധിച്ചില്ല എന്നാണ് വിലയിരുത്തപ്പെടുന്നത്. മുഖ്യമന്ത്രി മമതാ ബാനർജിയുടെ പിന്തുണകൂടുതൽ കരുത്താർജ്ജിച്ചുവെന്നാണ് പാർട്ടി കണക്കുകൂട്ടുന്നത്.

Tags:    

Writer - അനസ് അസീന്‍

contributor

Editor - അനസ് അസീന്‍

contributor

By - Web Desk

contributor

Similar News