ചെളിക്കെട്ടിൽ ജീവനറ്റ് ഇനിയും നൂറിലേറെ പേർ, പുറത്തെടുക്കാനായില്ല; ഗുജറാത്ത് പാലം അപകടത്തിൽ ഇന്നത്തെ തിരച്ചിൽ നിർത്തി

അറ്റകുറ്റപണി നടത്തിയ ഗുജറാത്ത് കമ്പനിയുടെ നാല് തൊഴിലാളികളെ അറസ്റ്റ് ചെയ്തിട്ടുണ്ട്

Update: 2022-10-31 14:19 GMT
Editor : Shaheer | By : Web Desk
Advertising

അഹ്മദാബാദ്: ഗുജറാത്ത് മോർബിയിലെ തൂക്കുപാലം അപകടത്തിൽ രണ്ടാം ദിവസത്തെ തിരച്ചിൽ നിർത്തിവച്ചു. സംഭവത്തിൽ മരണസംഖ്യ 141 കടന്നിട്ടുണ്ട്. ഇനിയും നൂറിലേറെ പേരെ കണ്ടെത്താനായിട്ടില്ലെന്നാണ് വിവരം. കാണാതായവർക്കായി നാളയും തിരച്ചിൽ തുടരും.

മാച്ചു നദിയിൽ അപകടം നടന്ന ഭാഗത്ത് ചെളിക്കെട്ടാണ്. നിരവധി പേർ ഇതിനകത്ത് കുടുങ്ങിക്കിടക്കുകയാണെന്നാണ് സംശയിക്കുന്നത്. ചെളിയായതിനാൽ രക്ഷാപ്രവർത്തനവും ദുസ്സഹമാണ്. അപകടസമയത്ത് 500ഓളം പേർ പാലത്തിലുണ്ടായിരുന്നതായാണ് വിവരമുള്ളത്.

140ലേറെ വർഷം പഴക്കമുള്ള തൂക്കുപാലമാണ് ഇന്നലെ രാത്രി പുഴയിലേക്ക് തകർന്നുവീണത്. അറ്റകുറ്റപണിക്കായി ഏഴു മാസമായി അടച്ചിട്ടിരിക്കുകയായിരുന്നു പാലം. ഈ മാസം 24ന് ഗുജറാത്ത് പുതുവത്സരദിനത്തിലാണ് പാലം തുറന്നുകൊടുത്തത്. ഒരാഴ്ചയ്ക്കുള്ളിൽ അപകടവും സംഭവിച്ചു.

'15 വർഷത്തെ കരാർ; ചെറുകിട കമ്പനിക്ക് മറിച്ചുവിറ്റു'

അറ്റകുറ്റപണി നടത്തിയ ഗുജറാത്ത് കമ്പനിയായ ഒറേവയുടെ നാല് തൊഴിലാളികളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. അറ്റകുറ്റപണിയിൽ വീഴ്ച സംഭവിച്ചുവെന്നാണ് കുറ്റപത്രത്തിൽ ആരോപിക്കുന്നത്. തൂക്കുപാലം തുറന്നത് നിയമവിരുദ്ധമായാണെന്നും റിപ്പോർട്ടുണ്ട്. അറ്റകുറ്റപണിക്കുശേഷം ഫിറ്റ്‌നെസ് റിപ്പോർട്ട് നൽകിയിട്ടില്ലെന്നും തങ്ങളെ അറിയിക്കാതെയാണ് ജനങ്ങൾക്കായി തുറന്നുകൊടുത്തതെന്നും മോർബി മുനിസിപ്പൽ ഭരണകൂടം ആരോപിച്ചു.

15 വർഷത്തെ കരാർ അടിസ്ഥാനത്തിലാണ് മോർബി നഗരസഭാ അറ്റകുറ്റപ്രവൃത്തി ഒറേവ ഗ്രൂപ്പിനു കീഴിലുള്ള അജന്ത മാനുഫാക്ചറിങ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിക്ക് നൽകിയത്. 15 വർഷം പാലം നോക്കിനടത്തുന്നത് കമ്പനിയായിരിക്കും. സന്ദർശകരിൽനിന്ന് 17 രൂപ ടിക്കറ്റ് ആയി ഈടാക്കാനും അനുമതി നൽകിയിട്ടുണ്ട്.

അറ്റകുറ്റപണിയുടെ ഭാഗമായ സാങ്കേതിക പ്രവൃത്തികൾ ദേവ്പ്രകാശ് സൊല്യൂഷൻസ് എന്ന ചെറുകിട നിർമാണ കമ്പനിക്ക് അജന്ത നൽകുകയായിരുന്നുവെന്നും റിപ്പോർട്ടുണ്ട്. അപകടത്തിൽ ഒറേവ ഗ്രൂപ്പ് പ്രതികരിച്ചിട്ടില്ല. സന്ദർശകർ പാലത്തിനു കേടുപാട് വരുത്താതെ സൂക്ഷിക്കുകയാണെങ്കിൽ 15 വർഷം വരെ കാര്യമായ പ്രശ്‌നങ്ങളില്ലാതെ തുടരാനാകുമെന്നാണ് അറ്റകുറ്റപണി പൂർത്തിയാതിനു പിന്നാലെ ഒറേവ എം.ഡി ജയ്‌സുഖ്ഭായ് പട്ടേൽ മാധ്യമങ്ങളോട് അവകാശപ്പെട്ടിരുന്നത്.

Summary: Nearly 100 still missing as search operations stopped temporally at Gujarat cable bridge collapse tragedy 

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News