ഗുജറാത്ത് - ഹിമാചൽ തെരഞ്ഞെടുപ്പ് ഫലം ഇന്ന്
ഗുജറാത്തിലും ഹിമാചൽ പ്രദേശിലും ബിജെപി അധികാരത്തിൽ തുടരുമെന്നാണ് എക്‌സിറ്റ് പോൾ പ്രവചനം
ന്യൂഡല്‍ഹി: ഗുജറാത്ത് - ഹിമാചൽ പ്രദേശ് സംസ്ഥാനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിന്റെ ഫലം ഇന്നറിയാം. വോട്ടെണ്ണൽ രാവിലെ എട്ടു മണിക്ക് ആരംഭിക്കും. 11 മണിയോടെ ആദ്യഫല സൂചനകൾ ലഭ്യമാകും. ഉച്ചയോടെ ഗുജറാത്തിന്റെ മനസ്സ് ആർക്കൊപ്പം എന്നും വ്യക്തമാവും. ഔദ്യോഗിക ഫലപ്രഖ്യാപനം വോട്ടെണ്ണൽ തീരുന്ന മുറയ്ക്ക് വൈകീട്ടോടെ ലഭ്യമാകും. എന്നാൽ ഹിമാചൽ പ്രദേശിൽ പോരാട്ടം കനക്കുമെന്നാണ് എക്‌സിറ്റ് പോളുകൾ പ്രവചിക്കുന്നത്. അത് കൊണ്ട് തന്നെ ഹിമാചൽ പ്രദേശിന്റേ ഭരണം ആർക്കായിരിക്കുമെന്നറിയാൻ വൈകീട്ടോടെ മാത്രമേ സാധിക്കൂ.
ഗുജറാത്തിലും ഹിമാചൽ പ്രദേശിലും ബിജെപി അധികാരത്തിൽ തുടരുമെന്നാണ് എക്‌സിറ്റ് പോൾ പ്രവചനം. എന്നാൽ അട്ടിമറി വിജയം ഉണ്ടാകും എന്ന് പ്രതീക്ഷയിലാണ് കോൺഗ്രസും ആം ആദ്മി പാർട്ടിയും.
ഹിമാചലിൽ 68 മണ്ഡലങ്ങളിലായി ആകെ 412 സ്ഥാനാർഥികളാണ് മത്സരിക്കുന്നത്. ഗുജറാത്തിൽ 182 സീറ്റുകളാണ് ആകെയുള്ളത്. 33 ജില്ലകളിലായി 37 കേന്ദ്രങ്ങൾ വോട്ടെണ്ണലിനായി തയ്യാറാക്കിയിട്ടുണ്ട്.182 ഒബ്‌സർമാർ അടക്കം 700ഓളം ഉദ്യോഗസ്ഥരെയാണ് കൗണ്ടിങ് സ്‌റ്റേഷനുകളിൽ നിയാഗിക്കുക.
ഉത്തർപ്രദേശിലെ മെയിൻ പുരി ലോക്‌സഭാ മണ്ഡലത്തിലും വിവിധ സംസ്ഥാനങ്ങളിലായി ആറ് നിയമസഭാ മണ്ഡലങ്ങളിലും നടന്ന ഉപതെരഞ്ഞെടുപ്പുകളുടെ ഫലവും ഇന്നറിയാം. സമാജ് വാദി പാർട്ടി നേതാവ് മുലായം സിങ് യാദവിന്റെ മരണത്തെ തുടർന്ന് ഒഴിവ് വന്ന മെയിൻ പുരി സീറ്റിൽ അദ്ദേഹത്തിന്റെ മകൻ അഖിലേഷ് യാദവിന്റെ ഭാര്യ ഡിംപിൾ യാദവാണ് എസ്.പി സ്ഥാനാർത്ഥിയായി ജനവിധി തേടിയത്. ഉത്തർപ്രദേശിന് പുറമെ ഒഡീഷയിലെ പദംപൂർ, രാജസ്ഥാനിലെ സർദാർ ഷഹർ, ബീഹാറിലെ കുർഹാനി ഛത്തീസ്ഗഢിലെ ഭാനുപ്രതാപ് പൂർ എന്നീ നിയമസഭാ മണ്ഡലങ്ങളിലുമാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്.