'എതിർവിഭാഗവുമായി ഒത്തുകളിക്കുന്നു'; ഉത്തർപ്രദേശ് സർക്കാരിനെതിരെ ഗ്യാൻവാപി മസ്ജിദ് കമ്മിറ്റി
യു.പി സർക്കാറിനോട് കോടതി വിശദീകരണം തേടി
ന്യൂഡല്‍ഹി: ഗ്യാൻവാപി മസ്ജിദിലെ പൂജയിൽ ഉത്തർപ്രദേശ് സർക്കാരിനെതിരെ മസ്ജിദ് കമ്മിറ്റി ഹൈക്കോടതിയിൽ. എതിർവിഭാഗവും സർക്കാർ ഒത്തുകളിക്കുന്നെന്നും കക്ഷി അല്ലാത്ത സർക്കാർ എന്തിന് കോടതിയിൽ ഹാജരാകുന്നുവെന്നും മസ്ജിദ് കമ്മിറ്റി ചോദിച്ചു. തർക്കത്തിൽ യു.പി സർക്കാറിനോട് കോടതി വിശദീകരണം തേടി. ഇരുവിഭാഗവും കൈവശാവകാശം തെളിയിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. ഹരജി തിങ്കളാഴ്ച വീണ്ടും പരിഗണിക്കും.
ഗ്യാൻവാപി മസ്ജിദ് തർക്കത്തിൽ തുടരെ ഹരജികൾ നൽകുന്നതിൽ അലഹബാദ് ഹൈക്കോടതി കഴിഞ്ഞദിവസം വിമര്‍ശനം ഉന്നയിച്ചിരുന്നു. എല്ലാ ഹരജികളും ഒന്നിച്ച് ആക്കണമെന്ന് പള്ളിക്കെതിരെ ഹരജി നൽകിയ ഹിന്ദു പക്ഷത്തെ നാല് സ്ത്രീകളുടെ അഭിഭാഷകനോട് കോടതി നിർദേശിച്ചു. പല ഹരജികളും പബ്ലിസിറ്റിക്ക് വേണ്ടിയാണെന്ന് ജസ്റ്റിസ് രോഹിത് രഞ്ജൻ അഗർവാൾ വിമര്‍ശിക്കുകയും ചെയ്തു.
ഗ്യാൻവാപി മസ്ജിദ് കേസിൽ എത്ര ഹരജികൾ ഉണ്ടെന്നും ഇതെല്ലാം ഒന്നാക്കണമെന്നും ഹിന്ദുപക്ഷ അഭിഭാഷകൻ വിഷ്ണു ശങ്കർ ജെയ്‌നോട് കോടതി നിർദേശിച്ചു. കോടതിയുടെ പരിഗണനയുള്ള വിഷയത്തിൽ പരസ്യപ്രസ്താവന പാടില്ലെന്നും നിർദേശം നൽകി. നിലവറകളിൽ പുരാവസ്തു വകുപ്പ് സർവേ നടത്തണമെന്ന് ആവശ്യപ്പെട്ട് ഇന്നലെയും ഹരജി നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് വിമർശനം.
മസ്ജിദിലെ അടച്ചിട്ട നിലവറകളിൽ നേരത്തെ നമസ്‌കാരം നടന്നിരുന്നോയെന്നും നിലവറകൾ മസ്ജിദിന്റേതാണെന്ന് തെളിയിക്കാൻ സാധിക്കുമോയെന്നും ജസ്റ്റിസ് രോഹിത് രഞ്ജൻ അഗർവാൾ കഴിഞ്ഞദിവസം വാദത്തിനിടെ ചോദിച്ചിരുന്നു. 1968 മുതൽ നിലവറകളിൽ പൂജ നടന്നിട്ടില്ല. പിന്നെ എങ്ങനെ 1993 വരെ പൂജ നടക്കുവെന്ന് അവകാശപ്പെടുമെന്ന് മസ്ജിദ് കമ്മറ്റിക്ക് വേണ്ടി ഹാജരായ മുതിർണ അഭിഭാഷകൻ എസ്എഫ്എ നഖ്‌വിയും ചോദിച്ചു. വാരാണസി ജില്ലാകോടതി ഉത്തരവ് എങ്ങനെയാണ് റിസീവറായാ ജില്ലാ മജിസ്‌ട്രേറ്റിന് നൽകിയതെന്ന് ഉത്തരവിൽ പരാമർശമില്ല. പിന്നെ എങ്ങനെ ഡിഎം മണിക്കൂറുകൾക്കുള്ളിൽ ക്രമീകരണങ്ങൾ ഒരുക്കി നൽകാൻ പള്ളിയിൽ എത്തിയതെന്നും നഖ്‌വി ചോദിച്ചു. എന്നാൽ, നിലവറ വ്യാസ് കുടുംബത്തിന്റെ കൈവശമായിരുന്നുവെന്നും പൂജകൾ നടന്നിരുന്നുവെന്നും വിഷ്ണു ശങ്കർ ജെയ്ൻ അവകാശപ്പെട്ടു.