വിലങ്ങില്ല, കയ്യിൽ കയറുകെട്ടി.. പ്രതിയെ മുന്നിലിരുത്തി പൊലീസുകാരന്റെ ബൈക്ക് യാത്ര; അന്വേഷണം
ഉത്തർപ്രദേശിലെ മെയിൻപുരിയിലാണ് സംഭവം
ലക്‌നൗ: പ്രതിയെ മുന്നിലിരുത്തി ബൈക്കിൽ യാത്ര ചെയ്യുന്ന പൊലീസുകാരന്റെ ദൃശ്യങ്ങൾ വൈറലാകുന്നു. ഉത്തർപ്രദേശിലെ മെയിൻപുരിയിലാണ് സംഭവം. കാറിൽ യാത്ര ചെയ്യുന്നവർ പകർത്തിയ ദൃശ്യങ്ങൾ എക്‌സിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
തിരക്കേറിയ റോഡിൽ സ്‌പീഡിൽ ഓടിച്ചുവരുന്ന ബൈക്കിന് പിന്നിലിരിക്കുന്നയാൾ ഒരു പൊലീസുകാരനാണ്. യൂണിഫോമും ഒപ്പം ഹെൽമെറ്റും ധരിച്ചിട്ടുണ്ട്. മുന്നിൽ ഇരുന്ന് ഓടിക്കുന്നയാളെ സൂക്ഷിച്ച് നോക്കിയാൽ കൈത്തണ്ടയിൽ കയറുകെട്ടിയിരിക്കുന്നതായി കാണാം. കയറിന്റെ ഒരറ്റം പൊലീസുകാരന്റെ കയ്യിലാണ്. അറസ്റ്റ് ചെയ്‌ത് കൊണ്ടുപോകും വഴി പകർത്തിയ ദൃശ്യങ്ങളാണിതെന്നാണ് വിവരം.
പ്രതിക്ക് ഹെൽമെറ്റും ഉണ്ടായിരുന്നില്ല. മെയിൻപുരി പൊലീസ് സംഭവം ശരിയാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ബൈക്കോടിക്കുമ്പോൾ കാറ്റടിച്ച് തണുപ്പ് സഹിക്കാൻ വയ്യാതായതിനാൽ പ്രതിയെ വണ്ടിയോടിപ്പിക്കുകയായിരുന്നു എന്ന് കോൺസ്റ്റബിളും സമ്മതിച്ചു. സംഭവം അന്വേഷിച്ച് ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് മെയിൻപുരി പൊലീസ് പ്രസ്‌താവനയിൽ അറിയിച്ചു.
പ്രതിയെ ബൈക്ക് ഓടിപ്പിച്ചതിനേക്കാൾ അയാൾ ഹെൽമെറ്റ് ധരിക്കാത്തത് സംബന്ധിച്ചാണ് സോഷ്യൽ മീഡിയയിൽ വിമർശനങ്ങൾ ഉയരുന്നത്.