'വന്ധ്യംകരണത്തിന് വിധേയനായ നവവരനെ പോലെ': കോണ്‍ഗ്രസ് നേതൃത്വത്തോട് ഇടഞ്ഞ് ഹാര്‍ദിക് പട്ടേല്‍
യോഗങ്ങളിലേക്ക് തന്നെ വിളിക്കുന്നില്ലെന്നും തീരുമാനങ്ങള്‍ എടുക്കുമ്പോള്‍ ആലോചിക്കുന്നില്ലെന്നുമാണ് ഹാർദിക് പട്ടേലിന്‍റെ പരാതി
അഹമ്മദാബാദ്: കോണ്‍ഗ്രസ് നേതൃത്വം തന്നെ അവഗണിക്കുകയാണെന്ന് പാര്‍ട്ടിയുടെ ഗുജറാത്തിലെ വര്‍ക്കിങ് പ്രസിഡന്‍റ് ഹാര്‍ദിക് പട്ടേല്‍. പതിദര്‍ സംവരണ സമരവുമായി ബന്ധപ്പെട്ട കേസില്‍ ഹാര്‍ദിക് പട്ടേലിന്‍റെ ശിക്ഷ സുപ്രീംകോടതി സ്റ്റേ ചെയ്തിരുന്നു. ഇതോടെ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള താത്പര്യം ഹാര്‍ദിക് പട്ടേല്‍ വെളിപ്പെടുത്തി. പിന്നാലെയാണ് കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനവും നടത്തിയത്.
യോഗങ്ങളിലേക്ക് തന്നെ വിളിക്കുന്നില്ലെന്നും തീരുമാനങ്ങള്‍ എടുക്കുമ്പോള്‍ ആലോചിക്കുന്നില്ലെന്നുമാണ് ഹാർദിക് പട്ടേലിന്‍റെ പരാതി- "പാർട്ടിയിലെ എന്‍റെ സ്ഥാനം വന്ധ്യംകരണത്തിന് വിധേയനായ നവവരനെ പോലെയാണ്. പി.സി.സിയുടെ ഒരു യോഗത്തിലേക്കും എന്നെ ക്ഷണിക്കാറില്ല. അടുത്തിടെ പുതിയ 75 ജനറല്‍ സെക്രട്ടറിമാരെയും 25 വൈസ് പ്രസിഡന്‍റുമാരെയും പ്രഖ്യാപിച്ചു. എന്നോട് കൂടിയാലോചിച്ചിട്ടില്ല. പിന്നെ പദവി കൊണ്ട് എന്തുകാര്യം?" എന്നാണ് ഹാര്‍ദിക് പട്ടേലിന്‍റെ ചോദ്യം.
പതിദര്‍ നേതാവ് നരേഷ് പട്ടേലിനെ കോണ്‍ഗ്രസില്‍ ഉൾപ്പെടുത്തുന്നതിലെ കാലതാമസം സംബന്ധിച്ചും കോൺഗ്രസ് നേതൃത്വത്തിനെതിരെ ഹാര്‍ദിക് പട്ടേല്‍ രൂക്ഷവിമര്‍ശനം ഉന്നയിച്ചു. രണ്ടു മാസമായിട്ടും നേതൃത്വത്തിന് ഇതുവരെ തീരുമാനം എടുക്കാനായില്ലെന്ന് ഹാര്‍ദിക് കുറ്റപ്പെടുത്തി. 2015ലെ തദ്ദേശ തെരഞ്ഞെടുപ്പിലും 2017ലെ നിയമസഭാ തെരഞ്ഞെടുപ്പിലും സീറ്റുകള്‍ നേടാന്‍ പതിദര്‍ സംവരണ പ്രക്ഷോഭം കോണ്‍ഗ്രസിനെ സഹായിച്ചിരുന്നെന്നും ഹാര്‍ദിക് അവകാശപ്പെടുകയുണ്ടായി. 2017ല്‍ 182 അംഗ നിയമസഭയില്‍ 77 സീറ്റ് നേടാന്‍ കോണ്‍ഗ്രസിന് കഴിഞ്ഞു.
രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിലാണ് ഹാര്‍ദികിനെ കോണ്‍ഗ്രസിലേക്ക് കൊണ്ടുവന്നത്. 2020ലാണ് വര്‍ക്കിങ് പ്രസിഡന്‍റായത്. പാര്‍ട്ടിയില്‍ അര്‍ഹിക്കുന്ന സ്ഥാനം ലഭിച്ചില്ലെന്ന് ഹാര്‍ദിക് പട്ടേല്‍ നേരത്തെയും പരാതിപ്പെട്ടിരുന്നു. തന്നെ പാർട്ടി വേണ്ടവിധം ഉപയോഗിച്ചില്ലെന്ന് കോൺഗ്രസിനുള്ളില്‍ തന്നെ അഭിപ്രായമുണ്ടെന്നും ഹാര്‍ദിക് പറയുകയുണ്ടായി.
2015ലെ പാതിദര്‍ സംവരണ സമരവുമായി ബന്ധപ്പെട്ട കേസിൽ മെഹ്സാന സെഷന്‍സ് കോടതി രണ്ട് വര്‍ഷത്തെ തടവു ശിക്ഷ വിധിച്ചിരുന്നു. ഹാർദിക് പട്ടേലിന്റെ ശിക്ഷ സുപ്രീംകോടതി കഴിഞ്ഞ ദിവസം സ്റ്റേ ചെയ്തു. ജസ്റ്റിസ് എസ് അബ്ദുല്‍ നസീർ അധ്യക്ഷനായ ബെഞ്ചാണ് ഹരജി പരിഗണിച്ചത്.
Summary- A day after indicating his willingness to contest the elections after the Supreme Court stayed his conviction in a 2015 case, Patidar leader and Gujarat Congress working president Hardik Patel Wednesday lashed out at his party.