ഗുജറാത്തിൽ ബുൾഡോസർ നടപടി തുടരുന്നു; ദ്വാരക, പിറോട്ടൻ ദ്വീപുകളിൽ 10 ദർഗകൾ ഉൾപ്പെടെ നൂറുകണക്കിന് കെട്ടിടങ്ങൾ പൊളിച്ചുനീക്കി

200ഓളം വീടുകളും പ്രശസ്തമായ ഹസ്രത്ത് പീർ പഞ്ച് ദർഗ ഉൾപ്പെടെയുള്ള സൂഫി തീർഥാടനകേന്ദ്രങ്ങളും ഇടിച്ചുനിരപ്പാക്കപ്പെട്ടവയിൽ ഉൾപ്പെടും

Update: 2025-01-15 03:26 GMT
Editor : Shaheer | By : Web Desk
Advertising

അഹ്മദാബാദ്: ബുൾഡോസർ നടപടികളിൽ സുപ്രിംകോടതിയുടെ കർശന നിർദേശങ്ങൾ നിലനിൽക്കെ ഗുജറാത്തിലെ വിവിധ ഭാഗങ്ങളിൽ പൊളിച്ചുനീക്കൽ യജ്ഞവുമായി ഭരണകൂടം. ദ്വാരക ജില്ലയിലെ ബെറ്റ് ദ്വാരക, ജാംനഗർ ജില്ലയിലെ പിറോട്ടൻ ദ്വീപുകളിലായി 200ഓളം വീടുകളും കെട്ടിടങ്ങളും ദർഗകളുമാണ് ഭരണകൂടം പൊളിച്ചത്. അനധികൃത കൈയേറ്റം ആരോപിച്ചാണു നടപടി. പ്രശസ്തമായ ഹസ്രത്ത് പീർ പഞ്ച് ദർഗ ഉൾപ്പെടെ പത്ത് സൂഫി തീർഥാടനകേന്ദ്രങ്ങളും ഇടിച്ചുനിരപ്പാക്കപ്പെട്ടവയിൽ ഉൾപ്പെടും.

ഓഖയിലുള്ള ഗുജറാത്ത് മാരിടൈം ബോർഡിന്റെ(ജിഎംബി) ഉടമസ്ഥതയിലുള്ള ഭൂമിയിലാണ് പീർ പഞ്ച് ദർഗ സ്ഥിതി ചെയ്യുന്നതെന്നാണു ഭരണകൂടം ആരോപിക്കുന്നത്. നൂറുകണക്കിന് വിശ്വാസികൾ സന്ദർശിക്കാറുള്ള സംസ്ഥാനത്തെ പ്രശസ്തമായ ദർഗങ്ങളിലൊന്നാണിത്. ദർഗയുടെ കവാടവും പ്രധാന കെട്ടിടവും ഉൾപ്പെടെ ബുൾഡോസർ ഉപയോഗിച്ചു നിരപ്പാക്കുന്ന വിഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. നടപടിക്കു മുന്നോടിയായി തീർഥാടകരുടെ സന്ദർശനത്തിനു നിരോധനം ഏർപ്പെടുത്തിയിരുന്നു.

ബെറ്റ് ദ്വാരകയിൽ സർക്കാർ ഭൂമി കൈയേറിയും അനധികൃതമായും നിർമിച്ച കെട്ടിടങ്ങളും വീടുകളും ഒഴിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് നടപടികൾ തുടരുന്നത്. 9.5 കോടിയോളം രൂപ വിലമതിക്കുന്ന 16,000 ചതുരശ്ര അടി സ്ഥലമാണ് ഇതിനകം ഭരണകൂടം ഒഴിപ്പിച്ചതെന്നാണു വിവരം. ദ്വാരക സബ് ഡിവിഷനൽ മജിസ്‌ട്രേറ്റിന്റെ നേതൃത്വത്തിൽ ജില്ലാ ഭരണകൂടവുമായി ചേർന്നാണു ബുൾഡോസർ നടപടികൾ പുരോഗമിക്കുന്നത്. സുരക്ഷയ്ക്കായി ആയിരത്തിലേറെ പൊലീസുകാരെയും സ്ഥലത്ത് വിന്യസിച്ചിട്ടുണ്ട്.

കോടിക്കണക്കിനു മനുഷ്യരുടെ പുണ്യഭൂമിയായ ബെറ്റ് ദ്വാരകയുടെ സാംസ്‌കാരികവും പാരിസ്ഥിതികവുമായ പൈതൃകം സംരക്ഷിക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നാണ് ഗുജറാത്ത് ആഭ്യന്തര മന്ത്രി ഹർഷ് സംഘവി ബുൾഡോസർ നടപടിയിൽ പ്രതികരിച്ചത്. ശ്രീകൃഷ്ണന്റെ ഭൂമി ഉൾപ്പെട്ട, മതപരമായ പ്രാധാന്യമുള്ള സ്ഥലങ്ങളിൽ ഉൾപ്പെടെയുള്ള കൈയേറ്റങ്ങളോട് ഭൂപേന്ദ്ര പട്ടേൽ സർക്കാർ ഒരു തരത്തിലുള്ള വിട്ടുവീഴ്ചയും ചെയ്യില്ലെന്നും മന്ത്രി വ്യക്തമാക്കി. ശ്രീകൃഷ്ണനും സുഹൃത്തായ സുദാമയും കണ്ടുമുട്ടിയ സ്ഥലമാണ് ദ്വാരകയെന്നു വിശ്വാസമുണ്ട്. കൃഷ്ണൻ കഴിഞ്ഞിരുന്നതും ഇവിടെയാണെന്നു വിശ്വസിക്കുന്നവരുമുണ്ട്.

ദ്വാരകയിൽ ആരംഭിച്ച പൊളിച്ചുനീക്കൽ നടപടികൾ പിറോട്ടൻ ദ്വീപിലേക്കും വ്യാപിപ്പിച്ചിരിക്കുകയാണിപ്പോൾ. ദ്വീപിലുള്ള ഒൻപത് ദർഗകളാണ് പൊളിച്ചുനീക്കിയത്. ഇവിടെ 4,000ത്തോളം ചതുരശ്ര അടി ഭൂമി ഒഴിപ്പിച്ചിട്ടുണ്ട്. റോഡ് മാർഗമുള്ള വാഹന ഗതാഗത സൗകര്യം ലഭ്യമല്ലാത്തതിനാൽ ബുൾഡോസറിനു പകരം തൊഴിലാളികളെ എത്തിച്ചാണ് ഇവിടെ പൊളിക്കൽ തുടരുന്നത്.

പാരിസ്ഥിതികമായും തന്ത്രപരമായും ഏറെ പ്രാധാന്യമുള്ള മേഖലയാണ് പിറോട്ടൻ ദ്വീപ്. കണ്ടൽക്കാടുകളും കടൽസസ്യങ്ങളും പവിഴപ്പുറ്റുകളും നിറഞ്ഞ, സമുദ്ര ജൈവവൈവിധ്യങ്ങൾക്കു പേരുകേട്ട മേഖലയാണിവിടെ. കച്ച് ഉൾക്കടലിലെ മറൈൻ നാഷനൽ പാർക്കിന്റെ ഭാഗം കൂടിയാണ് ദ്വീപ്. വനം-കസ്റ്റംസ് വകുപ്പുകളുടെയും പൊലീസിന്റെയും പ്രത്യേക അനുമതി വാങ്ങി വേണം ഇവിടെ സന്ദർശിക്കാൻ.

രാജ്യത്തെ അസംസ്‌കൃത എണ്ണയുടെ 60 ശതമാനവും എത്തുന്നത് ഇതുവഴിയാണെന്നാണു വിവരം. ചരക്കുമായി എത്തുന്ന കപ്പലുകൾക്ക് നങ്കൂരമിടാൻ സജ്ജീകരിച്ച പ്രത്യേക സംവിധാനമായ സിംഗിൾ പോയിന്റ് മൂറിങ്‌സിന്റെ(എസ്പിഎം) അഞ്ച് കേന്ദ്രങ്ങൾ ദ്വീപിലുണ്ട്. ദ്വീപിലെ അനധികൃതമായ കെട്ടിടങ്ങളിലേക്ക് ആളുകളെത്തുന്നത് പ്രമുഖ വ്യാവസായിക സ്ഥാപനങ്ങൾക്കു ഭീഷണിയായി മാറിയിരിക്കുകയാണെന്നാണ് ജാംനഗർ എസ്പി പ്രേംസുഖ് ദേലു പറയുന്നത്. ഇതോടൊപ്പം തീരസുരക്ഷയ്ക്കും വെല്ലുവിളിയുയർത്തുന്നുണ്ട്. ലഹരിക്കടത്തിന്റെ താവളമായും ഇവിടെ മാറിയിട്ടുണ്ടെന്നും അദ്ദേഹം ആരോപിച്ചു.

ഗുജറാത്ത് സ്റ്റേറ്റ് ഫെർട്ടിലൈസേഴ്‌സ് ആൻഡ് കെമിക്കൽസ്(ജിഎസ്എഫ്‌സി), റിലയൻസ്, നയാര എനർജി തുടങ്ങിയ കമ്പനികളെല്ലാം ദ്വീപിൽ പ്രവർത്തിക്കുന്നുണ്ട്. വ്യോമ-നാവിക താവളങ്ങളും ഇവിടെ സ്ഥിതി ചെയ്യുന്നുണ്ട്. ഇവയുടെയെല്ലാം സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായാണു പൊളിച്ചുനീക്കൽ നടപടികൾ നടക്കുന്നതെന്നും എസ്പി പ്രേംസുഖ് ദേലു പറഞ്ഞു.

Summary: Massive bulldozing operation continues in Gujarat; Hundreds of buildings, including 10 dargahs, demolished on Bet Dwarka and Pirotan islands

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News