സി.എ.എ റദ്ദാക്കാൻ ധൈര്യമുള്ള ആരെങ്കിലും ഇവിടെ ജനിച്ചിട്ടുണ്ടോ?; പ്രതിപക്ഷത്തെ വെല്ലുവിളിച്ച് മോദി
'സി.എ.എ നടപ്പാക്കും, അത് മോദിയുടെ ഗ്യാരണ്ടിയാണ്...''
ലഖ്നൗ: അധികാരത്തിലെത്തിയാൽ പൗരത്വ ഭേദഗതി നിയമം (സിഎഎ) നീക്കം ചെയ്യുമെന്ന പ്രതിപക്ഷ സഖ്യത്തിന്റെ പ്രസ്താവനക്കെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. സിഎഎ നീക്കം ചെയ്യാൻ ആർക്കും കഴിയില്ലെന്നും അതിന് ധൈര്യമുള്ളവർ ആരെങ്കിലുമുണ്ടോ എന്നും മോദി ചോദിച്ചു. ഉത്തർപ്രദേശിലെ 'അസംഗഢിലെ ലാൽഗഞ്ചിൽ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സി.എ.എ നടപ്പാക്കും, അത് മോദിയുടെ ഗ്യാരണ്ടിയാണ്. ഈ വിഷയത്തിൽ ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടികൾ ആളുകളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും മോദി ആരോപിച്ചു.
'സമാജ് വാദി പാർട്ടിയും കോൺഗ്രസും പോലുള്ള പാർട്ടികൾ സിഎഎ വിഷയത്തിൽ നുണ പ്രചരിപ്പിച്ചു. യുപി ഉൾപ്പെടെ രാജ്യത്തെ കലാപത്തിൽ കത്തിക്കാനാണ് അവർ പരമാവധി ശ്രമിച്ചത്. മോദി സിഎഎ കൊണ്ടുവന്നുവെന്നും അദ്ദേഹം പോകുന്ന ദിവസം സിഎഎയും നീക്കം ചെയ്യുമെന്നുമാണ് ഇൻഡ്യ സഖ്യത്തിലെ ആളുകൾ പറയുന്നത്. സിഎഎ റദ്ദാക്കാൻ കഴിയുന്ന ആരെങ്കിലും ഈ രാജ്യത്ത് ജനിച്ചിട്ടുണ്ടോ?' .. മോദി ചോദിച്ചു.
'സിഎഎ നീക്കം ചെയ്യാൻ ആർക്കും കഴിയില്ല. വോട്ടുബാങ്ക് രാഷ്ട്രീയം ചെയ്യാൻ ശ്രമിച്ച അവരുടെ വ്യാജ മതേതരത്വത്തിന്റെ മൂടുപടമാണ് മോദി ഇന്ന് വലിച്ചുകീറിയത്. കാപട്യക്കാരും വർഗീയവാദികളുമാണ് നിങ്ങൾ. വ്യാജ മതേതരത്വത്തിന്റെ മൂടുപടമണിഞ്ഞ് ഹിന്ദുക്കളെയും മുസ്‍ലിംകളെയും പരസ്പരം പോരടിപ്പിക്കാണ് പ്രതിപക്ഷം ശ്രമിക്കുന്നത്. അഭയാർഥികൾക്ക് ഇന്ത്യൻ പൗരത്വം നൽകുന്നത് ആരംഭിച്ചു കഴിഞ്ഞു. അവരെല്ലാം ഒരുപാട് കാലമായി നമ്മുടെ രാജ്യത്ത് കഴിയുന്നവരാണ്. മഹാത്മാ ഗാന്ധിയുടെ പേരിൽ അധികാരത്തിലെത്തിയവർ അദ്ദേഹം എന്താണ് പറഞ്ഞതെന്ന് ഇപ്പോൾ ഓർക്കുന്നില്ല. ഇന്ത്യയിൽ ശരണം പ്രാപിച്ചവരെ കോൺഗ്രസ് അവഗണിച്ചു.കോൺഗ്രസിന്റെ വോട്ടുബാങ്കല്ലാത്തതിനാലാണ് അവഗണിച്ചത്...' മോദി പറഞ്ഞു.
ലോക്‌സഭ തെരഞ്ഞെടുപ്പ് അവസാനിക്കുന്നതിന് മുമ്പ് രാജ്യത്ത് കൂടുതൽ പേർക്ക് പൗരത്വ നിയമ ഭേദഗതി പ്രകാരം പൗരത്വ സർട്ടിഫിക്കറ്റ് നൽകാനൊരുങ്ങുകയാണ് കേന്ദ്ര സർക്കാർ. ഇന്നലെ 300 പേർക്കാണ് പൗരത്വം നൽകിയത്. പാകിസ്താനിൽ നിന്ന് അഭയാർഥികളായി ഡൽഹിയിൽ കഴിഞ്ഞിരുന്ന 14 പേർക്ക് ഇന്നലെ കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് കുമാർ ഭല്ലയാണ് സർട്ടിഫിക്കറ്റ് കൈമാറിയത്.