'ഐക്യമാണ് ഞങ്ങളുടെ ആയുധം, ഭിന്നിപ്പിക്കാന്‍ കഴിയില്ല': ബിജെപിയെ ലക്ഷ്യമിട്ട് ഹേമന്ത് സോറൻ
ജാർഖണ്ഡിന്റെ 14ാമത് മുഖ്യമന്ത്രിയായി ഹേമന്ത് സോറൻ ഇന്നാണ് സത്യപ്രതിജ്ഞ ചെയ്യുന്നത്. റാഞ്ചിയിൽ വൈകിട്ടാണ് ചടങ്ങ്
റാഞ്ചി: ഐക്യമാണ് സംസ്ഥാനത്തെ ജനങ്ങളുടെ ഏറ്റവും വലിയ ആയുധമെന്നും ഞങ്ങളെ ഭിന്നിപ്പിക്കാനോ നിശബ്ദമാക്കാനോ കഴിയില്ലെന്നും ഹേമന്ത് സോറൻ. ജാർഖണ്ഡിന്റെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാൻ മണിക്കൂറുകൾ മാത്രം അവശേഷിക്കെയാണ് ബിജെപി നേതൃത്വം കൊടുക്കുന്ന കേന്ദ്ര സർക്കാറിനെ ലക്ഷ്യമിട്ടുള്ള സോറന്റെ പരാമര്‍ശം.
‘അവർ നമ്മെ നിശബ്ദരാക്കാൻ ശ്രമിക്കുമ്പോഴെല്ലാം നമ്മുടെ കലാപത്തിന്റെയും വിപ്ലവത്തിന്റെയും ശബ്ദങ്ങള്‍ ഉയർന്നുവരും. ഞങ്ങൾ ജാർഖണ്ഡുകാരാണ്. ഞങ്ങള്‍ തലകുനിക്കുകയില്ല’- സോറൻ എക്‌സിൽ പോസ്റ്റ് ചെയ്തു.
ജാർഖണ്ഡിന്റെ 14ാമത് മുഖ്യമന്ത്രിയായി ഹേമന്ത് സോറൻ ഇന്നാണ് സത്യപ്രതിജ്ഞ ചെയ്യുന്നത്. റാഞ്ചിയിൽ വൈകിട്ടാണ് ചടങ്ങ് നടക്കുക. ഗവർണർ സന്തോഷ് കുമാർ ഗാംഗ്‌വാർ സത്യവാചകം ചൊല്ലിക്കൊടുക്കും. ഹേമന്ത് സോറനൊപ്പം ഭാര്യ കൽപ്പന സോറനും ജെഎംഎമ്മിൽ നിന്നുള്ള ആറ് മന്ത്രിമാരും കോൺഗ്രസ് ആർജെഡി തുടങ്ങിയ പാർട്ടികളിൽ നിന്നുള്ളവരും സത്യപ്രതിജ്ഞ ചെയ്യും.
ജാർഖണ്ഡിന്റെ ചരിത്രത്തിൽ ആദ്യമായാണ് അഞ്ച് വർഷം പൂർത്തിയാക്കിയ ഒരു സർക്കാർ അധികാരത്തിൽ തിരിച്ചെത്തുന്നത്. ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി സത്യപ്രതിജ്ഞ ചടങ്ങിൽ സംബന്ധിക്കും. പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ, ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി സുഖ്‌വീന്ദർ സിംഗ് സുഖു, മേഘാലയ മുഖ്യമന്ത്രി കോൺറാഡ് സാങ്മ, എഎപി നേതാവ് അരവിന്ദ് കെജ്‍രിവാൾ, മറ്റ് ഇന്ത്യാ മുന്നണി നേതാക്കളും ചടങ്ങിൽ പങ്കെടുക്കും