വാരണസി വിമാനത്താവളത്തിൽ വിഗ്ഗിനടിയിൽ ഒളിപ്പിച്ച 45 ലക്ഷം രൂപയുടെ സ്വർണം പിടികൂടി
ഷാർജയിൽ നിന്നുള്ള എയർ ഇന്ത്യ വിമാനത്തിലെ യാത്രക്കാരിൽ നിന്നാണ് സ്വർണം പിടിച്ചെടുത്തത്
Update: 2022-02-20 04:57 GMT
യു.എ.ഇയിൽ നിന്ന് മടങ്ങിയ രണ്ട് യാത്രക്കാരിൽ നിന്ന് വാരണാസി വിമാനത്താവളത്തിൽ കസ്റ്റംസ് ഉദ്യോഗസ്ഥർ ശനിയാഴ്ച 45 ലക്ഷം രൂപയുടെ സ്വർണം പിടികൂടി. ഷാർജയിൽ നിന്നുള്ള എയർ ഇന്ത്യ വിമാനത്തിലെ യാത്രക്കാരിലൊരാൾ സ്വർണം ഉരുക്കി വിഗ്ഗിനടിയിലെ പൗച്ചിൽ ഒളിപ്പിച്ച നിലയിലായിരുന്നു. തലയുടെ ഒരുഭാഗം ഷേവ് ചെയ്ത് അവിടെ ചെറിയൊരു കവറിൽ സ്വർണം പൊതിഞ്ഞ് വെക്കുകയും അതിന് മുകളിൽ വിഗ്ഗ് ധരിക്കുകയുമായിരുന്നെന്ന് കസ്റ്റംസ് ഉദ്യോഗസ്ഥർ പറയുന്നു.32.97 ലക്ഷം രൂപ വിലമതിക്കുന്ന 646 ഗ്രാം സ്വർണമാണ് ഇയാളുടെ വിഗ്ഗിൽ നിന്നും കണ്ടെടുത്തത്.
ഇതേ വിമാനത്തിലെ മറ്റൊരു യാത്രക്കാരന്റെ കൈവശം 12.14 ലക്ഷം രൂപ വിലമതിക്കുന്ന 238.2 ഗ്രാം സ്വർണവും കണ്ടെത്തി. കാർട്ടൺ പൊതിയാൻ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് പാളികൾക്കിടയിൽ ഒളിപ്പിച്ച നിലയിലായിരുന്നു സ്വർണം കണ്ടെത്തിയത്.