'ഹോർലിക്സ് ഇനി ഹെൽത്ത് ഡ്രിങ്കല്ല' പ്രഖ്യാപനവുമായി ഹിന്ദുസ്ഥാൻ യൂണിലിവർ
ഹോർലിക്‌സ് അടക്കമുള്ള പാനിയങ്ങൾക്ക് കേന്ദ്ര സർക്കാർ നോട്ടീസ് നൽകിയതിന് പിന്നാലെയാണ് തീരുമാനം
ന്യൂഡൽഹി: ഹോർലിക്‌സിൽ നിന്ന് 'ഹെൽത്ത്' ലേബൽ ഒഴിവാക്കി ഹിന്ദുസ്ഥാൻ യൂണിലിവർ. ഹോർലിക്‌സിനെ 'ഫംഗ്ഷണൽ ന്യൂട്രീഷ്യൻ ഡ്രിങ്ക്‌സ്' (എഫ്.എൻ.ഡി) എന്നായിരിക്കും ഇനി അവതരിപ്പിക്കുക. നേരത്തെ 'ഹെൽത്ത് ഫുഡ് ഡ്രിങ്ക്‌സ്' എന്നായിരുന്നു അവകാശപ്പെട്ടിരുന്നത്.
നിയമപരമായ വ്യക്തതയില്ലാത്തതിനാൽ ഡയറി, ധാന്യങ്ങൾ അല്ലെങ്കിൽ മാൾട്ട് അധിഷ്ഠിത പാനീയങ്ങൾ എന്നിവയെ 'ഹെൽത്ത് ഡ്രിങ്ക്‌സ്' അല്ലെങ്കിൽ 'എനർജി ഡ്രിങ്ക്‌സ്' എന്നിങ്ങനെ തരംതിരിക്കാൻ പാടില്ലെന്ന് വാണിജ്യ വ്യവസായ മന്ത്രാലയം ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകൾക്ക് നിർദ്ദേശം നൽകിയതിന് പിന്നാലെയാണ് ഈ മാറ്റം.
ബോൺവിറ്റ ഉൾപ്പെടെയുള്ള പാനീയങ്ങളെ 'ഹെൽത്ത് ഡ്രിങ്ക്സ്' വിഭാഗത്തിൽനിന്ന് നീക്കാൻ കേന്ദ്ര സർക്കാർ ഇ-കൊമേഴ്സ് സൈറ്റുകളോട് നേരത്തെ നിർദേശിച്ചിരുന്നു. ഏപ്രിൽ പത്തിനാണ് നിർദേശം നൽകിയത്. എഫ്.എസ്.എസ്.എ.ഐ ആക്ട് 2006 പ്രകാരം ഹെൽത്ത് ഡ്രിങ്ക് എന്നൊരു വിഭാഗമില്ലെന്ന് ദേശീയ ബാലാവകാശ സംരക്ഷണ കമ്മീഷൻ ചൂണ്ടിക്കാണിച്ചിരുന്നു. ഇതിന് പിന്നാലെയായിരുന്നു കേന്ദ്രത്തിന്റെ നടപടി. ഹെൽത്ത് ഡ്രിങ്ക് എന്ന പ്രയോഗം ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് ഉത്തരവിൽ പറഞ്ഞിരുന്നു. ഉയർന്ന പഞ്ചസാരയുടെ അളവ് സംബന്ധിച്ച ആശങ്കകളെ തുടർന്നാണ് തീരുമാനം.
ഹിന്ദുസ്ഥാൻ യുണിലിവറിന്റെ ചീഫ് ഫിനാൻഷ്യൽ ഓഫീസർ റിതേഷ് തിവാരി വാർത്താ സമ്മേളനത്തിലാണ് മാറ്റം പ്രഖ്യാപിച്ചത്. പോഷകാഹാര ലേബലിലേയ്ക്കുള്ള ഈ മാറ്റം കൂടുതൽ കൃത്യവും സുതാര്യവുമായ വിവരണം നൽകുന്നുമെന്നും തിവാരി പറഞ്ഞു.