'ഞാന്‍ ഹാര്‍ദിക് പട്ടേല്‍ അല്ല': അഖിലേഷ് യാദവ് ജയിലില്‍ സന്ദര്‍ശിച്ചില്ലല്ലോ എന്ന ചോദ്യത്തിന് അസം ഖാന്‍റെ മറുപടി
അസം ഖാന് രണ്ടു വര്‍ഷത്തെ ജയില്‍വാസത്തിന് ശേഷം ജാമ്യം ലഭിച്ചു
ലഖ്നൌ: സമാജ്‌വാദി പാർട്ടി നേതാവ് അസം ഖാന് രണ്ടു വര്‍ഷത്തെ ജയില്‍വാസത്തിന് ശേഷം ജാമ്യം ലഭിച്ചു. ഉത്തർപ്രദേശിലെ സീതാപൂർ ജയിലിൽ നിന്നാണ് മോചിതനായത്. അഖിലേഷ് യാദവ് ജയിലില്‍ സന്ദര്‍ശിക്കാത്തതിനെ കുറിച്ചുള്ള ചോദ്യത്തിന് അസം ഖാന്‍ നല്‍കിയ മറുപടി ഇങ്ങനെ-
"ഞാൻ ഹാർദിക് പട്ടേലല്ല. എസ്.പിയുമായും അഖിലേഷ് യാദവുമായും ഒരു നീരസവുമില്ല. ഞാൻ ആദ്യം എന്‍റെ ആരോഗ്യം വീണ്ടെടുക്കട്ടെ. ബാക്കി കാര്യങ്ങള്‍ അതിനുശേഷം"
ജൗഹർ സർവകലാശാലയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിലാണ് അസം ഖാനെതിരായ ഒരു അന്വേഷണം. അസം ഖാനാണ് ജൗഹർ സർവകലാശാലയുടെ സ്ഥിരം ചാൻസലര്‍.
"എന്നെ മാഫിയ എന്ന് വിളിച്ചു. ആടിനെയും കോഴികളെയും മോഷ്ടിച്ചെന്നാണ് എനിക്കെതിരായ ആരോപണം. 20 ദിവസത്തിനുള്ളിൽ ഞാൻ ഏറ്റവും വലിയ കുറ്റവാളിയായി. തെരഞ്ഞെടുപ്പ് അജണ്ടയായിരുന്നു എനിക്കെതിരായ കേസ്"- അസം ഖാന്‍ പറഞ്ഞു.
നിയമ പോരാട്ടത്തിൽ സത്യം സത്യം തന്നെയാണെന്ന് അസം ഖാന്‍ പറഞ്ഞു- "ജയിലിൽ സന്ദർശകർക്ക് ജില്ലാ ഭരണകൂടം നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. എനിക്ക് ആരെയും കാണാൻ പോലും കഴിഞ്ഞില്ല. പുറത്ത് എന്താണ് നടക്കുന്നതെന്ന് എനിക്ക് അറിയുമായിരുന്നില്ല. ബ്രിട്ടീഷുകാർ വധശിക്ഷയ്ക്ക് മുമ്പ് തടവുകാരെ പാർപ്പിച്ചിരുന്ന വളരെ ചെറിയ സെല്ലിലാണ് എന്നെ അടച്ചത്"- അസം ഖാന്‍ പറഞ്ഞു. ഗ്യാന്‍വാപി പള്ളിയെ കുറിച്ചുള്ള ചോദ്യത്തിന് കോടതിയുടെ തീരുമാനം എല്ലാവരും അംഗീകരിക്കണമെന്നും സമാധാനം കാത്തുസൂക്ഷിക്കണമെന്നും അസം ഖാന്‍ പ്രതികരിച്ചു.
ബി.ജെ.പി ഉത്തര്‍പ്രദേശില്‍ അധികാരത്തില്‍ വന്നതിനു ശേഷം 81 എഫ്.ഐ.ആര്‍ തനിക്കെതിരെ രജിസ്റ്റര്‍ ചെയ്തെന്ന് അസം ഖാന്‍ കോടതിയില്‍ പറയുകയുണ്ടായി. ജയില്‍ മോചിതനായ അസം ഖാനെ സ്വീകരിക്കാന്‍ അദ്ദേഹത്തിന്റെ മകനും എം.എല്‍.എയുമായ അബ്ദുല്ല അസം, പ്രഗതിശീൽ സമാജ്‌വാദി പാർട്ടി (ലോഹിയ) നേതാവ് ശിവപാൽ സിങ് യാദവ് എന്നിവരോടൊപ്പം നിരവധി പ്രവര്‍ത്തകരും എത്തി.