'പറയാനുള്ളത് കോടതിയിൽ പറഞ്ഞോളാം'; വിവാദങ്ങളിൽ പ്രതികരിച്ച് പൂജ ഖേദ്കർ

കാര്യങ്ങൾ വേണ്ട രീതിയിൽ കോടതി കൈകാര്യം ചെയ്തുകൊള്ളുമെന്നും പൂജ

Update: 2024-07-19 16:24 GMT
Advertising

ന്യൂഡൽഹി: സിവിൽ സർവീസ് പരീക്ഷയിൽ തട്ടിപ്പ് നടത്തിയതിന് ഡൽഹി ക്രൈം ബ്രാഞ്ച് കേസെടുത്തതിന് പിന്നാലെ വിവാദങ്ങളിൽ പ്രതികരണവുമായി ഐഎഎസ് ട്രെയിനി പൂജ ഖേദ്കർ. തനിക്ക് പറയാനുള്ളത് കോടതിയിൽ പറഞ്ഞോളാമെന്നാണ് പൂജയുടെ പ്രതികരണം. കാര്യങ്ങൾ വേണ്ട രീതിയിൽ കോടതി കൈകാര്യം ചെയ്തുകൊള്ളുമെന്നും പൂജ ഇന്ന് ഡൽഹിയിൽ മാധ്യമങ്ങളോട് പ്രതികരിച്ചു.

പരീക്ഷാത്തട്ടിപ്പിനും വ്യാജരേഖ ചമച്ചതിനും ഡൽഹി പൊലീസ് ക്രൈംബ്രാഞ്ച് കേസെടുത്തതിന് പിന്നാലെയാണ് പൂജ പ്രതികരണവുമായി രംഗത്തെത്തിയത്. പരീക്ഷാ അപേക്ഷയിൽ മാതാപിതാക്കളുടെ പേരടക്കം മാറ്റി നൽകി തട്ടിപ്പ് നടത്തിയെന്ന് കാട്ടി പൂജയുടെ ഐഎഎസ് റദ്ദാക്കാനുള്ള നടപടികൾ യുപിഎസ്‌സി തുടക്കം കുറിച്ചിരുന്നു. ഐഎഎസ് റദ്ദാക്കാതിരിക്കാനുള്ള കാരണം കാണിക്കൽ നോട്ടീസും യുപിഎസ്‌സി പൂജയ്ക്ക് അയച്ചിട്ടുണ്ട്. ഇതിൽ മറുപടി ലഭിച്ചശേഷമായിരിക്കും തുടർനടപടി. ഇനിയുള്ള യുപിഎസ്‌സി പരീക്ഷകളിൽ നിന്ന് പൂജയെ വിലക്കാനാണ് യുപിഎസ്‌സിയുടെ തീരുമാനം.

പ്രൊബേഷൻ കാലളവിൽ സ്വകാര്യ കാറിൽ അനധികൃതമായി ബീക്കൺ ലൈറ്റ് ഘടിപ്പിച്ചതിനും അധികാര ദുർവിനിയോഗം നടത്തിയതിനുമായിരുന്നു കേന്ദ്ര പഴ്‌സനൽ മന്ത്രാലയം പൂജയ്‌ക്കെതിരെ നടപടിയെടുത്തത്. ഇതിന് പിന്നാലെ പൂജ നടത്തിയ തട്ടിപ്പുകളുടെ പരമ്പര തന്നെ പുറത്തായി. യുപിഎസ്‌സി പരീക്ഷയെഴുതാൻ വ്യാജ ഒബിസി സർട്ടിഫിക്കറ്റും കാഴ്ചാ പരിമിതിയുണ്ടെന്ന് കാട്ടുന്ന വ്യാജ മെഡിക്കൽ രേഖയും ഹാജരാക്കിയതിന് കേന്ദ്രകമ്മിഷൻ തുടർന്ന് പൂജയ്‌ക്കെതിരെ അന്വേഷണം നടത്തി.

ഇതിനിടെ കർഷകനെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തിയതിന് പൂജയുടെ അമ്മ മനോരമ പൊലീസ് പിടിയിലായിരുന്നു. അനധികൃത സ്വത്ത് സമ്പാദനക്കേസിൽ വിജിലൻസിന്റെ അന്വേഷണം നേരിടുകയാണ് പൂജയുടെ അച്ഛൻ ദിലീപ് ഖേദ്കർ.

Tags:    

Writer - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

Editor - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

By - Web Desk

contributor

Similar News