60 വിദ്യാർഥികൾക്ക് കോവിഡ്; ഗുവാഹത്തി ഐ.ഐ.ടിയെ കണ്ടെയ്‌മെന്റ് സോണാക്കി

രോഗികളുടെ സാമ്പിളുകൾ ജനിതക ശ്രേണീകരണത്തിന് അയച്ചു

Update: 2022-01-06 07:58 GMT
Editor : Lissy P | By : Web Desk
Advertising

60 ലധികം വിദ്യാർഥികൾക്ക് കോവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ ഗുവാഹത്തിയെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി കാമ്പസിനെ കണ്ടെയ്‌മെന്റ് സോണായി പ്രഖ്യാപിച്ചു. രോഗം വ്യാപിച്ചതിനെ തുടർന്ന് കാമ്പസിനകത്തേക്കുള്ള പ്രവേശനം നിരോധിച്ചു. കൂടാതെ നിലവിൽ കാമ്പസിലുള്ളവരോട് പുറത്തിറങ്ങരുതെന്നും നിർദേശം നൽകിയിട്ടുണ്ട്. ഐ.ഐ.ടി ഗുവാഹത്തിയിലെ പുതിയ ഗസ്റ്റ് ഹൗസിലാണ് രോഗവ്യാപനം രൂക്ഷമായിരിക്കുന്നത്. സ്വന്തം സംസ്ഥാനങ്ങളിൽ നിന്ന് തിരിച്ചെത്തിയവരാണ് രോഗബാധിതരിൽ കൂടുതലും. രോഗം കണ്ടെത്തിയവരുടെ സാമ്പിളുകൾ ജനിതക ശ്രേണീകരണത്തിന് അയച്ചിട്ടുണ്ട്.നിലവിൽ ഓൺലൈനായിട്ടാണ് ക്ലാസുകൾ നടക്കുന്നത്.

രോഗികളുമായി നേരിട്ടോ അല്ലാതെയോ സമ്പർക്കം പുലർത്തിയവരുടെ വിവരങ്ങൾ ഗുവാഹത്തി പൊലീസ് ശേഖരിച്ചുകൊണ്ടിരിക്കുകയാണ്.സമ്പർക്കപട്ടികയിലുള്ളവരുടെ സാമ്പിളുകൾ ശേഖരിച്ച് പരിശോധനക്ക് അയക്കുമെന്നും അധികൃതർ പറഞ്ഞു. രോഗം സ്ഥിരീകരിച്ചവരെ നിരീക്ഷണത്തിലാക്കിയിട്ടുണ്ടെന്നും ആവശ്യമായ വൈദ്യസഹായം ചെയ്യുന്നുണ്ടെന്നും അധികൃതർ പുറത്തിറക്കിയ വാർത്തകുറിപ്പിൽ അറിയിച്ചു. കണ്ടെയ്ൻമെന്റ് സോണിന് കീഴിൽ പുറപ്പെടുവിച്ച ഉത്തരവുകൾ കർശനമായി പാലിക്കുന്നുണ്ടെന്നും ക്രമസമാധാന പ്രശ്നങ്ങളൊന്നും ഉണ്ടാകില്ലെന്നും നോർത്ത് ഗുവാഹത്തി സർക്കിൾ ഓഫീസർ രശ്മി പ്രതാപ് അറിയിച്ചു.

അതേസമയം, ഒഡീഷയിൽ അഞ്ച് മാസത്തിനിടെ കോവിഡ് കേസുകളിൽ ഏറ്റവും ഉയർന്ന വർദ്ധനവാണ് ബുധനാഴ്ചയുണ്ടായത്. 187 കുട്ടികൾ ഉൾപ്പെടെ 1,216 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് അറിയിച്ചു. ബുധനാഴ്ചത്തെ പോസിറ്റിവിറ്റി നിരക്ക് 1.72 ശതമാനമാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 34,314 സാമ്പിളുകൾ പരിശോധിച്ചതായി ആരോഗ്യ വകുപ്പ് ബുധനാഴ്ച അറിയിച്ചു.

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News