നിയമവിരുദ്ധമായി ലിംഗനിർണയ പരിശോധന, പെൺകുട്ടിയാണെന്ന് തിരിച്ചറിഞ്ഞതിനു പിന്നാലെ ഗർഭച്ഛിദ്രം; ഡോക്ടർ അറസ്റ്റിൽ

പരിശോധനയ്ക്ക് വിധേയമായത് നാലു മാസം ​ഗർഭിണിയായിരുന്ന യുവതി

Update: 2024-09-29 04:25 GMT
Advertising

ഹൈദരാബാദ്: നിയമവിരുദ്ധമായി ലിംഗനിർണയ പരിശോധന നടത്തുകയും പെൺകുട്ടിയാണെന്ന് തിരിച്ചറിഞ്ഞ ശേഷം ഗർഭച്ഛിദ്രം നടത്തുകയും ചെയ്ത കേസിൽ ഡോക്ടർ അറസ്റ്റിൽ. സ്വകാര്യ ആശുപത്രിയിലെ ഡോക്ടറായ പ്രവീൺ ആണ് പൊലീസ് പിടിയിലായത്. തെലങ്കാനയിലെ കാമറെഡ്ഡി ജില്ലയിൽ കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു സംഭവം.

മഹാരാഷ്ട്രയിൽ ലാത്തൂരിൽ നിന്നുള്ള ഗർഭിണിയായ യുവതിയാണ് ലിംഗനിർണയ പരിശോധനയ്ക്ക് വിധേയമായത്. ഇവർ നാലു മാസം ​ഗർഭിണിയായിരുന്നു. കാമറെഡ്ഡിയിലെ സ്വകാര്യ ആശുപത്രിയിലെത്തുകയും തുടർന്ന് നടത്തിയ പരിശോധനയിൽ ഭ്രൂണം പെണ്ണാണെന്ന് കണ്ടെത്തുകയുമായിരുന്നു. ഇതിനു പിന്നാലെയാണ് ഗർഭച്ഛിദ്രം നടത്തിയെന്നാണ് കരുതുന്നത്.

മഹാരാഷ്ട്രയിലെ ഒരു ലോക്കൽ പൊലീസ് സ്റ്റേഷനിൽ ലഭിച്ച പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഡോ. പ്രവീണിനെ അറസ്റ്റ് ചെയ്തത്. അതേസമയം ഇയാൾക്കെതിരെ മുമ്പും സമാന ആരോപണം ഉയരുകയും ശിക്ഷിക്കപ്പെടുകയും ചെയ്തതായി പൊലീസ് അറിയിച്ചു. ഇദ്ദേഹം പ്രവർത്തിച്ചിരുന്ന മറ്റൊരു ആശുപത്രിയിലും നിയമവിരുദ്ധമായ ലിംഗനിർണയ പരിശോധനകൾ നടത്തിയതായി ആരോപണം ഉയരുകയും തുടർന്ന് നടന്ന പരിശോധനയിൽ ഇയാൾക്കെതിരെ നടപടി സ്വീകരിക്കുകയും ചെയ്തിരുന്നു.

അതേസമയം തെലങ്കാനയിലെ പുതിയ സംഭവത്തിന്റെ കൂടുതൽ കാരണങ്ങൾ അന്വേഷിച്ചുവരികയാണെന്നും വൈകാതെ തന്നെ വിശദമായ വിവിരങ്ങൾ ലഭിക്കുമെന്നും പൊലീസ് അറിയിച്ചു.

Tags:    

Writer - അരുണ്‍രാജ് ആര്‍

contributor

Editor - അരുണ്‍രാജ് ആര്‍

contributor

By - Web Desk

contributor

Similar News