കേന്ദ്രത്തിന്റെ വാദം അടിസ്ഥാനരഹിതം, ഹിന്ദുത്വ വാച്ചിന്റെ അക്കൗണ്ട് പുനഃസ്ഥാപിക്കാൻ തയ്യാർ; എക്‌സ് ഡൽഹി ഹൈക്കോടതിയിൽ

ഹിന്ദുത്വ വാച്ചിന്റെ അക്കൗണ്ട് റദ്ദാക്കിയ കേന്ദ്രസർക്കാറിന്റെ തീരുമാനം നീതിയില്ലാത്തതും അംഗീകരിക്കാൻ കഴിയാത്തതുമാണെന്നും എക്സ്

Update: 2024-09-28 17:39 GMT
Advertising

‍ഡൽഹി: ഹിന്ദുത്വ വാച്ചിന്റെ അക്കൗണ്ട് ഇന്ത്യയിൽ റദ്ദാക്കിയ കേന്ദ്രസർക്കാറിന്റെ തീരുമാനം നീതിയില്ലാത്തതും അംഗീകരിക്കാൻ കഴിയാത്തതുമാണെന്ന് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്‌സ് ഡൽഹി ഹൈക്കോടതിയിൽ. അക്കൗണ്ട് പുനഃസ്ഥാപിക്കാൻ തയ്യാറാണെന്നും എക്സ് ഹൈക്കോടതിയെ അറിയിച്ചു.

ഹിന്ദുത്വ വാച്ചിന്റെ അക്കൗണ്ട് രാജ്യത്ത് അക്രമങ്ങൾക്ക് വഴിവെക്കുമെന്നും പൊതുനിയമങ്ങൾക്ക് ഭീഷണിയാണെന്നുമുള്ള കേന്ദ്ര സർക്കാറിന്റെ വാദം അടിസ്ഥാനരഹിതമാണെന്നെന്നും എക്‌സ് പറഞ്ഞു. വിഷയവുമായി ബന്ധപ്പെട്ട് കേന്ദ്ര ഇലക്‌ട്രോണിക്‌സ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി മന്ത്രാലയത്തിൻ്റെ അവലോകന സമിതിയുമായി കൂടിക്കാഴ്ച നടത്താനുള്ള തങ്ങളുടെ അഭ്യർത്ഥന മന്ത്രാലയം അംഗീകരിച്ചിട്ടില്ലെന്നും എക്‌സ് വ്യക്തമാക്കി.

കശ്മീരി മാധ്യമപ്രവർത്തകനായ റാഖിബ് ഹമീദ് നായിക്കിന്റെ അപേക്ഷയ്ക്ക് മറുപടി നൽകിയ സബ്മിഷനിലാണ് എക്‌സ് ഇക്കാര്യം കോടതിയെ അറിയിച്ചത്. ഇന്ത്യയിലെ ഹിന്ദുത്വ ഗ്രൂപ്പുകൾ മുസ്‍ലിംകള്‍ക്കും പാർശ്വവൽക്കരിക്കപ്പെട്ട സമുദായങ്ങൾക്കുമെതിരെ നടത്തുന്ന വിദ്വേഷക്കുറ്റങ്ങൾ നിരന്തരം റിപ്പോർട്ടു ചെയ്ത ഗവേഷണ പദ്ധതിയാണ് ഹിന്ദുത്വ വാച്ച്. 2021 ഏപ്രിലിലാണ് നായിക് ഹിന്ദുത്വ വാച്ച് സ്ഥാപിച്ചത്. യുഎസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഈ ഗവേഷണ പദ്ധതി തങ്ങളുടെ എക്‌സ് അക്കൗണ്ടിലൂടെയാണ് രാജ്യത്തെ പ്രധാന വിദ്വേഷക്കുറ്റങ്ങളെല്ലാം പുറത്തുകൊണ്ടുവന്നത്.

രാജ്യത്തെ വിദ്വേഷ പ്രചാരണം തുറന്നു കാട്ടുന്ന ഹിന്ദുത്വ വാച്ചിന്റെ ഇന്ത്യയിലെ പ്രവർത്തനങ്ങളെ ഒരു തെരഞ്ഞെടുപ്പ് കാലത്തിലാണ് കേന്ദ്ര സർക്കാർ വിലക്കിയത്. ഐടി നിയമപ്രകാരമാണ് ഹിന്ദുത്വ വാച്ചിനെയും ഇന്ത്യ ഹേറ്റ് ലാബിനെയും ഇലക്ട്രോണിക്സ് ആൻഡ് ഇൻഫോർമേഷൻ ടെക്നോളജി മന്ത്രാലയം തടഞ്ഞുവെച്ചത്. കഴിഞ്ഞ ജനുവരി 29 മുതൽ ഇരു വെബ്സൈറ്റുകളും രാജ്യത്ത് ലഭിച്ചിരുന്നില്ല.

ഐടി നിയമത്തിന്റെ വിവാദ 69 എ സെക്ഷനിൽപ്പെടുത്തിയാണ് വെബ്സൈറ്റുകൾ സർക്കാർ തടഞ്ഞത്. ഇന്ത്യയുടെ പരമാധികാരം, അഖണ്ഡത, സുരക്ഷ എന്നിവ മുൻനിർത്തി വിവരങ്ങൾ തടയാനുള്ള അധികാരം ഉപയോഗിച്ചായിരുന്നു നടപടി.

Tags:    

Writer - അരുണ്‍രാജ് ആര്‍

contributor

Editor - അരുണ്‍രാജ് ആര്‍

contributor

By - Web Desk

contributor

Similar News