'സമുദായത്തിന് അപകീർത്തികരം'; പഞ്ചാബിൽ കങ്കണയുടെ 'എമർജൻസി' പ്രദർശിപ്പിക്കാൻ അനുവദിക്കില്ലെന്ന് സിഖ് സംഘടന

കങ്കണ റണൗട്ടിന്റെ വർ​ഗീയ- വിദ്വേഷ പ്രസം​ഗങ്ങൾ ലോക്സഭാ സ്പീക്കർ ​ഗൗരവത്തിലെടുക്കുകയും അം​ഗത്വം റദ്ദാക്കുകയും വേണമെന്നും സംഘടന ആവശ്യപ്പെട്ടു.

Update: 2024-09-29 04:41 GMT
Advertising

ചണ്ഡീ​ഗഢ്: ബിജെപി എംപിയും നടിയുമായ കങ്കണ റണൗട്ട് കേന്ദ്രകഥാപാത്രമാവുന്ന ചിത്രം 'എമർജൻസി' പഞ്ചാബിൽ പ്രദർശിപ്പിക്കാൻ അനുവദിക്കില്ലെന്ന് ശിരോമണി ​ഗുരുദ്വാര പർബന്ധക് കമ്മിറ്റി (എസ്ജിപിസി). സിഖ് സമുദായത്തെ അപകീർത്തിപ്പെടുത്തുന്നതാണ് സിനിമയെന്ന് ചൂണ്ടിക്കാട്ടിയാണ് കർശന നിലപാടുമായി സിഖ് സമുദായത്തിന്റെ മിനി പാർലമെന്റ് എന്നറിയപ്പെടുന്ന എസ്ജിപിസി രം​ഗത്തെത്തിയത്.

അമൃത്‌സറിൽ ചേർന്ന എസ്‌ജിപിസി എക്‌സിക്യൂട്ടീവ് യോഗത്തിൽ 'എമർജൻസി' പ്രമേയം പാസാക്കുകയും ചിത്രത്തിന് സമ്പൂർണ നിരോധനം ഏർപ്പെടുത്താൻ സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെടുകയും ചെയ്തു. ചിത്രം സിഖ് സമുദായത്തെ അപകീർത്തിപ്പെടുത്തുന്നതാണെന്ന് മാത്രമല്ല, ആചാര്യൻ ജർണയിൽ സിങ് ഖൽസ ഭിന്ദ്രൻവാല വ്യക്തിഹത്യ ചെയ്യുന്നതാണെന്നും ഇത് തങ്ങളുടെ സമൂഹത്തിന് സഹിക്കാനാവില്ലെന്നും എസ്‌ജിപിസി പ്രസിഡൻ്റ് ഹർജീന്ദർ സിങ് ധാമി പറഞ്ഞു.

സിഖ് വിരുദ്ധ അജണ്ട മുൻനിർത്തി വിഷം ചീറ്റുകയും സമൂഹത്തിനെതിരെ വിദ്വേഷം പ്രചരിപ്പിക്കുകയും ചെയ്യുക എന്ന മനോഭാവത്തോടെയാണ് ഈ സിനിമ നിർമിച്ചിരിക്കുന്നത്. അതിനാൽ പഞ്ചാബിൽ ഒരു കാരണവശാലും പ്രദർശിപ്പിക്കാൻ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. കങ്കണ റണൗട്ടിന്റെ വർ​ഗീയ- വിദ്വേഷ പ്രസം​ഗങ്ങൾ ലോക്സഭാ സ്പീക്കർ ​ഗൗരവത്തിലെടുക്കുകയും അം​ഗത്വം റദ്ദാക്കുകയും വേണമെന്നും ധാമി ആവശ്യപ്പെട്ടു.

സിഖുകാർ, പ്രത്യേകിച്ച് ശിരോമണി അകാലിദൾ നേതൃത്വം അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി അടിച്ചേൽപ്പിച്ച അടിയന്തരാവസ്ഥയ്‌ക്കെതിരെ പ്രതിഷേധിക്കുന്നതിൽ നിർണായക പങ്കാണ് വഹിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കി. സമാധാനപരമായ സാമുദായിക അന്തരീക്ഷം നിലനിർത്താൻ 'എമർജൻസി' സിനിമ നിരോധിച്ച് പഞ്ചാബ് സർക്കാർ സംസ്ഥാനത്തെ പ്രതിനിധീകരിക്കണമെന്നും ധാമി ആവശ്യപ്പെട്ടു.

ചില ഭാ​ഗങ്ങൾ ഒഴിവാക്കിയാൽ മാത്രമേ എമർജൻസി റിലീസ് ചെയ്യാൻ അനുവദിക്കൂ എന്ന് സെൻസർ ബോർഡ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷന്റെ റിവിഷൻ കമ്മിറ്റി ശിപാർശ ചെയ്യുന്ന ചില കട്ടുകൾക്ക് ശേഷമേ റിലീസ് അനുവദിക്കാനാവൂ എന്ന് ബോംബെ ഹൈക്കോടതിയിലാണ് അധികൃതർ വ്യക്തമാക്കിയത്.

റിലീസിന് അനുമതി തേടി സിനിമയുടെ വിതരണക്കാരായ സീ സ്റ്റുഡിയോസ് സമർപ്പിച്ച ഹരജിയിലാണ് സെൻസർ ബോർഡ് നിലപാട് അറിയിച്ചത്. സെൻസർ ബോർഡ് റിവിഷൻ കമ്മിറ്റി നിർദേശിച്ച ചില വെട്ടിത്തിരുത്തലുകൾ വരുത്തിയാൽ സിനിമ റിലീസ് ചെയ്യാമെന്ന് ബോർഡിനു വേണ്ടി ഹാജരായ അഡ്വക്കേറ്റ് അഭിനവ് ചന്ദ്രചൂഡ് ജസ്റ്റിസ് ബി.പി കൊളബാവല്ലയും ഫിർദോഷ് പൂനിവാലയുമടങ്ങുന്ന ബെഞ്ചിന് മുമ്പാകെ പറഞ്ഞു.

റിലീസ് ചെയ്യുന്നതിന് മുമ്പ് സിനിമയിൽ ചെയ്യേണ്ട 11 പരിഷ്കാരങ്ങൾ ചൂണ്ടിക്കാട്ടി സീ സ്റ്റുഡിയോസിന് വേണ്ടി ഹാജരായ അഭിഭാഷകൻ ശരൺ ജഗ്തിയാനിക്ക് നോട്ടീസ് കൈമാറുകയും ചെയ്തു. നിർദേശിച്ചിട്ടുള്ള 11 പരിഷ്‌കരണങ്ങളിൽ സിനിമയിൽ ചെയ്യേണ്ട ചില കട്ടുകളും കൂട്ടിച്ചേർക്കലുകളും ഉൾപ്പെടുന്നു. ഈ പരിഷ്‌കാരങ്ങൾ അംഗീകരിക്കണോ വേണ്ടയോ എന്ന് സിനിമയുടെ അണിയറ പ്രവർത്തകർക്ക് തീരുമാനിക്കാം. അതേസമയം, കേസ് തിങ്കളാഴ്ച കോടതി വീണ്ടും പരി​ഗണിക്കും.

സെപ്തംബർ ആറിന് റിലീസ് ചെയ്യേണ്ടിയിരുന്ന ചിത്രം, സിഖ് സമുദായത്തെ മോശമാക്കി ചിത്രീകരിക്കുന്നു എന്ന പരാതിയെത്തുടർന്നാണ് പ്രതിസന്ധിയിലായത്. 1975ൽ അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി ഏർപ്പെടുത്തിയ അടിയന്തരാവസ്ഥയെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. കങ്കണ റണൗട്ട് തന്നെയാണ് ചിത്രം നിർമിക്കുന്നതും സംവിധാനം ചെയ്യുന്നതും.



Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News