ഹിസ്ബുല്ല തലവൻ ഹസൻ നസ്റുല്ല വധം; തെരഞ്ഞെടുപ്പ് പ്രചാരണം നിർത്തിവെച്ച് മെഹ്ബൂബ മുഫ്തി

ഫലസ്തീനിലെയും ലെബനനിലെയും ജനങ്ങള്‍ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ടാണ് മെഹബൂബയുടെ നടപടി

Update: 2024-09-29 06:31 GMT
Advertising

ശ്രീന​ഗർ: ഹിസ്ബുല്ല തലവൻ സയ്യിദ് ഹസൻ നസ്റുല്ല ഇസ്രായേൽ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടതിനു പിന്നാലെ തെരഞ്ഞെടുപ്പ് പ്രചാരണം നിർത്തിവെച്ച് പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി (പിഡിപി) നേതാവും മുൻ മുഖ്യമന്ത്രിയുമായ മെഹബൂബ മുഫ്തി. ലെബനനിലെ ജനങ്ങളോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ടാണ് മെഹബൂബയുടെ നടപടി.

ലെബനനിലെയും ഗാസയിലെയും രക്തസാക്ഷികളോട് പ്രത്യേകിച്ച് ഹസൻ നസറുല്ലയോട് ഐക്യദാർഢ്യം പ്രകടിപ്പിച്ച് തെരഞ്ഞെടുപ്പ് പ്രചരണം റദ്ദാക്കുകയാണ്. അങ്ങേയറ്റം ദുഃഖം നിറഞ്ഞതും ചെറുത്തുനിൽപ്പിൻ്റെതുമായ സമയത്തിലൂടെയാണ് ലെബനൻ കടന്നു പോകുന്നത്. ഞങ്ങൾ ഫലസ്തീനിലെയും ലെബനനിലെയും ജനങ്ങൾക്കൊപ്പം നിൽക്കുന്നു. മെഹബൂബ തന്റെ എക്സ് പോസ്റ്റിൽ കുറിച്ചു.

ശ്രീനഗറിൽ നിന്നുള്ള പാർലമെൻ്റ് അംഗവും നാഷണൽ കോൺഫറൻസ് നേതാവുമായ രുഹുളള മെഹ്ദിയും തെരഞ്ഞെടുപ്പ് പ്രചരണം നിർത്തിവെക്കുന്നതായി അറിയിച്ചിട്ടുണ്ട്. നസ്റുല്ലയുടെ കൊലപാതകത്തിൽ പ്രതിഷേധിച്ച് ജമ്മു കശ്മീരിലെ ബുദ്ഗാമിലും ശ്രീനഗറിലും ആളുകൾ പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു. ഹസ്സൻ നസ്‌റല്ലയുടെ ചിത്രങ്ങളുമായാണ് ആളുകൾ കൂട്ടത്തോടെ തെരുവിലിറങ്ങിയത്.

ഓൾ ഇന്ത്യ ഷിയ പേഴ്‌സണൽ ലോ ബോർഡിൻ്റെ (എഐഎസ്‌പിഎൽബി) ജനറൽ സെക്രട്ടറി മൗലാന യാസൂബ് അബ്ബാസും നസ്റുല്ലയുടെ രക്തസാക്ഷിത്വത്തിൽ അനുശോചനം രേഖപ്പെടുത്തി. അദ്ദേഹത്തിൻ്റെ മരണം മുസ്‌ലിം ലോകത്തിന് വലിയ നഷ്ടമാണെന്നും മൂന്ന് ദിവസത്തെ ദുഃഖാചരണത്തം നടത്താനും വീടുകളിൽ കരിങ്കൊടി ഉയർത്താനും ആഹ്വാനം ചെയ്തു. ഫലസ്തീനിലെയും ലെബനനിലെയും ജനങ്ങൾ നേരിടുന്ന അക്രമങ്ങൾ അവസാനിപ്പിക്കാൻ ഐക്യരാഷ്ട്രസഭയുടെ അടിയന്തര ഇടപെടൽ ഉണ്ടാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

വെള്ളിയാഴ്ച ലബനാൻ തലസ്ഥാനമായ ബെയ്റൂത്തിലുണ്ടായ ആക്രമണത്തിലാണ് നസ്റുല്ല കൊല്ലപ്പെട്ടത്. ഹിസ്ബുല്ലയുടെ ആസ്ഥാനത്തിന് നേരെ ഇസ്രായേൽ ആക്രമണം നടത്തുകയായിരുന്നു. ആക്രമണത്തിൽ ഹിസ്ബുല്ലയുടെ മറ്റൊരു നേതാവായ അലി കരാകിയും കൊല്ലപ്പെട്ടിരുന്നു. എ​ന്നാ​ൽ, ക​രാ​ക്കെ​യു​ടെ മ​ര​ണം ഹി​സ്ബു​ല്ല സ്ഥി​രീ​ക​രി​ച്ചി​ട്ടി​ല്ല. ക​ഴി​ഞ്ഞ​യാ​ഴ്ച, ഹി​സ്ബു​ല്ല​യു​ടെ മി​സൈ​ൽ വി​ഭാ​ഗം മേ​ധാ​വി ഇ​ബ്രാ​ഹീം ഖു​ബൈ​സി​യെ​യും ഇ​സ്രാ​യേ​ൽ വ​ധി​ച്ചി​രു​ന്നു.

ഇറാൻ പിന്തുണയുള്ള രാഷ്ട്രീയ പാർട്ടിയും സായുധ വിഭാഗവുമായ ഹിസ്ബുല്ലയുടെ സെക്രട്ടറി ജനറലാണ് ഹസൻ നസ്റുല്ല. കഴിഞ്ഞ 32 വർഷമായി അദ്ദേഹമാണ് സംഘടനയെ നയിക്കുന്നത്. 1992 ഫെബ്രുവരിയിലാണ് ഇദ്ദേഹം ചുമതലയേൽക്കുന്നത്.

Tags:    

Writer - അരുണ്‍രാജ് ആര്‍

contributor

Editor - അരുണ്‍രാജ് ആര്‍

contributor

By - Web Desk

contributor

Similar News