മഥുര ഷാഹി ഈദ്ഗാഹ് മസ്ജിദിൽ സർവേ നടത്താൻ അനുമതി
സർവേക്കായി അഭിഭാഷക കമ്മിഷനെ നിയോഗിക്കാൻ അലഹബാദ് ഹൈക്കോടതി അനുമതി നൽകി.
അലഹബാദ്: മഥുര ഷാഹി ഈദ്ഗാഹ് മസ്ജിദിൽ സർവേ നടത്താൻ അലഹബാദ് ഹൈക്കോടതി അനുമതി നൽകി. സർവേക്ക് അഭിഭാഷക കമ്മിഷനെ നിയമിക്കാനാണ് ജസ്റ്റിസ് മായങ്ക് കുമാർ ജെയ്ൻ അനുമതി നൽകിയത്. മൂന്നംഗ കമ്മിഷനെ നിയമിക്കാനാണ് കോടതി തീരുമാനം. തുടർനടപടികൾ ഡിസംബർ 18ന് കോടതി തീരുമാനിക്കും.
ശ്രീകൃഷ്ണന്റെ ജന്മഭൂമിയിലാണ് മസ്ജിദ് നിലനിൽക്കുന്നതെന്നും സർവേ നടത്തണമെന്നുമായിരുന്നു ഹരജിക്കാരുടെ വാദം. കഴിഞ്ഞ വർഷം ഡിസംബറിൽ മഥുരയിലെ കോടതി ഇത് ശരിവെച്ചതിനെ തുടർന്നാണ് മസ്ജിദ് കമ്മിറ്റിയും യു.പി സുന്നി സെൻട്രൽ വഖഫ് ബോർഡും ഹൈക്കോടതിയെ സമീപിച്ചത്.
2020 സെപ്റ്റംബർ 25നാണ് ശ്രീകൃഷ്ണ വിരാജ്മാന്റെ പേരിൽ ലഖ്‌നോ കേന്ദ്രമായ രഞ്ജന അഗ്നിഹോത്രിയും മറ്റു ആറുപേരും ചേർന്ന് ഹരജി നൽകിയത്. നൂറ്റാണ്ടുകൾ പഴക്കമുള്ള കത്ര കേശവ ദേവ് ക്ഷേത്രം തകർത്താണ് മുഗൾ ചക്രവർത്തിയായിരുന്ന ഔറംഗസേബിന്റെ നിർദേശപ്രകാരം മസ്ജിദ് നിർമിച്ചതെന്നാണ് ഹരജിക്കാരുടെ വാദം. പള്ളി പൊളിച്ചുമാറ്റി 13.37 ഏക്കർ സ്ഥലം തങ്ങൾക്ക് കൈമാറണമെന്നും ഇവർ ആവശ്യപ്പെടുന്നു.
ഹൈന്ദവ വിശ്വാസവുമായി ബന്ധപ്പെട്ട താമരയുടെയും മറ്റു കൊത്തുപണികൾ പള്ളിയുടെ ചുവരിലുണ്ടെന്നും ഇത് ക്ഷേത്രത്തിന്റെ മുകളിലാണ് പള്ളി നിർമിച്ചതെന്നതിന്റെ തെളിവാണെന്നും ഹരജിക്കാർ വാദിക്കുന്നു. എന്നാൽ 1991ലെ ആരാധനാലയ സംരക്ഷണ നിയമം പാലിക്കണമെന്നും അത് പ്രകാരം പള്ളിയുടെ ഉടമസ്ഥാവകാശം മുസ് ലിംകൾക്കാണെന്നുമാണ് മസ്ജിദ് കമ്മിറ്റി വാദിക്കുന്നത്.