വിമാനത്തിൽ യാത്രക്കാരിയുടെ മേൽ മൂത്രമൊഴിച്ച സംഭവം: പ്രതി ശങ്കർ മിശ്രയെ സ്ഥാപനം പുറത്താക്കി
കർണാടക സ്വദേശിനിയുടെ ദേഹത്ത് നവംബർ 26നാണ് മദ്യ ലഹരിയിൽ ആയിരുന്ന ശേഖർ മിശ്ര വിമാനത്തിൽ വെച്ച് മൂത്രം ഒഴിച്ചത്.
ഡല്‍ഹി: വിമാനത്തിൽ യാത്രക്കാരിയുടെ മേൽ മൂത്രമൊഴിച്ച സംഭവത്തിൽ പ്രതി ശങ്കർ മിശ്രയെ സ്ഥാപനം പുറത്താക്കി. വെൽസ് ഫാർഗോ ആണ് മിശ്രയെ ജോലിയിൽ നിന്ന് പുറത്താക്കിയത്. അന്വേഷണ സംഘവുമായി സഹകരിക്കുമെന്ന് കമ്പനി വ്യക്തമാക്കി. കർണാടക സ്വദേശിനിയുടെ ദേഹത്ത് നവംബർ 26നാണ് മദ്യ ലഹരിയിൽ ആയിരുന്ന ശേഖർ മിശ്ര വിമാനത്തിൽ വെച്ച് മൂത്രം ഒഴിച്ചത്.
യാത്രക്കാരിയുടെ പരാതി പൊലീസിന് കൈമാറിയത് രണ്ട് ദിവസത്തിന് ശേഷമാണ്. നിയമ നടപടി വൈകിപ്പിച്ചതിൽ എയർ ഇന്ത്യക്യാബിൻ ക്രൂവിനും പങ്കുണ്ടെന്നാണ് പൊലീസ് വിലയിരുത്തൽ. പരാതിയിൽ ആവശ്യമായ നടപടികൾ സ്വീകരിച്ചു എന്നാണ് എയർ ഇന്ത്യയുടെ വിശദീകരണം.
സംഭവത്തിൽ വിശദമായ റിപ്പോർട്ട് എയർ ഇന്ത്യ ഡി.ജി.സി.എയ്ക്ക് നൽകി. ഡിസംബർ ആറിലെ പാരിസ് - ഡൽഹി എയർ ഇന്ത്യ വിമാനത്തിലും മദ്യപിച്ച യാത്രക്കാരൻ സഹയാത്രികയുടെ പുതപ്പിൽ മൂത്രമൊഴിച്ചു. യാത്രക്കാരിയുടെ പരാതിയിൽ യാത്രക്കാരനെ കസ്റ്റഡിയിൽ എടുത്തെങ്കിലും മാപ്പ് എഴുതി നൽകിയതിനാൽ തുടർനടപടികൾ അവസാനിപ്പിച്ചു.