ബിബിസിയിലെ ആദായ നികുതി വകുപ്പ് പരിശോധന മൂന്നാം ദിവസത്തില്‍
വീട്ടിലിരുന്നു ജോലി തുടരാൻ ജീവനക്കാര്‍ക്ക് ബിബിസി നിർദേശം നൽകി
ഡല്‍ഹി: ബിബിസിയുടെ ഡൽഹി, മുംബൈ ഓഫിസുകളിലെ ആദായ നികുതി വകുപ്പ് പരിശോധന മൂന്നാം ദിവസവും തുടരുന്നു. 2012 മുതലുള്ള സാമ്പത്തിക രേഖകളാണ് പരിശോധിക്കുന്നത്. ജീവനക്കാരോട് വീട്ടിലിരുന്നു ജോലി തുടരാൻ ബിബിസി നിർദേശം നൽകി. ഇന്നത്തോടെ പരിശോധന പൂർത്തിയാകുമെന്നാണ് വിവരം.
ചൊവ്വാഴ്ച രാവിലെ 11:30ന് ആരംഭിച്ച പരിശോധനാണ് തുടർച്ചയായ മൂന്നാം ദിവസവും തുടരുന്നത്. ബിബിസിയുടെ 100 വർഷത്തെ ചരിത്രത്തിൽ ആദ്യമായാണ് ഇത്തരമൊരു നടപടി നേരിടേണ്ടി വന്നത്. അക്കൗണ്ട്സ് വിഭാഗത്തിൽ നടക്കുന്ന പരിശോധനയിൽ 10 വർഷത്തെ കണക്കുകൾ വിശദമായി ആദായ നികുതി വകുപ്പ് പരിശോധിക്കുന്നുണ്ട്.
അന്താരാഷ്ട്ര വിനിമയം, മാതൃകമ്പനിയും ഉപകമ്പനിയും തമ്മിലുള്ള ഇടപാടുകളിലെ നികുതി വെട്ടിപ്പ് തുടങ്ങിയവയാണ് പരിശോധിക്കുന്നത്. നോട്ടിസ് നൽകിയിട്ടും ബിബിസിയുടെ ഭാഗത്തുനിന്ന് നിഷേധാത്മക സമീപനമുണ്ടായതാണ് പരിശോധനകൾക്ക് കാരണമെന്നാണ് ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നത്. ഉദ്യോഗസ്ഥരോട് സഹകരിക്കാൻ ബിബിസി ജീവനക്കാർക്ക് നിർദേശം നൽകിയതിനൊപ്പം വ്യക്തിപരമായ വരുമാനത്തെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് മറുപടി പറയേണ്ടതില്ലെന്നും നിർദേശിച്ചു.
രണ്ട് ഷിഫ്റ്റായി 24 ഉദ്യോഗസ്ഥരാണ് ഡൽഹിയിലും മുംബൈയിലും പരിശോധന നടത്തുന്നത്. ബിബിസിക്കെതിരെയുള്ള പ്രതിഷേധം കണക്കിലെടുത്ത് ഡൽഹി ഓഫീസിന് മുന്നിൽ കേന്ദ്രസേനയെ വിന്യസിച്ചു. മാധ്യമ സ്ഥാപനത്തിനെതിരായ കേന്ദ്രനടപടിക്കെതിരെ പ്രതിഷേധവും ശക്തമാണ്.