ജനസംഖ്യാ വര്‍ധന വികസനത്തിന് വെല്ലുവിളിയെന്ന് യോഗി ആദിത്യനാഥ്

പുതിയ ജനസംഖ്യാ നയത്തിന്‍റെ ഭാഗമായി യു.പിയില്‍ ഗർഭനിരോധന മാർഗങ്ങളുടെ ലഭ്യത വർധിപ്പിക്കുകയും ഗർഭച്ഛിദ്രത്തിന്​ സുരക്ഷിത സംവിധാനം ഏർപ്പെടുത്തുകയും ചെയ്യും.

Update: 2021-07-11 13:07 GMT
Advertising

ജനസംഖ്യ വര്‍ധിക്കുന്നത് സംസ്ഥാനത്തിന്‍റെയും രാജ്യത്തിന്‍റെയും വികസനത്തിന് തടസമാണെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. സംസ്ഥാന സർക്കാറിന്‍റെ 2021- 2030 വർഷത്തേക്കുള്ള പുതിയ ജനസംഖ്യാ നയം​ പ്രകാ​ശനം ചെയ്​ത്​ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

സംസ്ഥാനത്തെ ജനനനിരക്ക് 2.7ൽനിന്ന്​ 2026 ഓടെ 2.1 ആയും 2030 ഓടെ 1.9 ആയും കുറക്കുകയാണ്​ ലക്ഷ്യമെന്ന്​ യോഗി പറഞ്ഞു. ജനസംഖ്യ നിയന്ത്രിക്കുന്നതിന് രണ്ടു കുട്ടികൾ തമ്മിലുള്ള കാലവ്യത്യാസം വര്‍ധിപ്പിക്കണം. ജനസംഖ്യാ വർധനയും ദാരിദ്ര്യവും പരസ്​പര ബന്ധിതമാണ്. പുതിയ നയത്തിൽ എല്ലാ സമുദായങ്ങളെയും പരിഗണിക്കുന്നുണ്ട്​. നയരൂപവത്കരണത്തിന്​ 2018 മുതൽ സംസ്ഥാന സർക്കാർ പരിശ്രമിക്കുകയായിരുന്നെന്നും ആദിത്യനാഥ് പറഞ്ഞു. 

വിവാദമായ നിരവധി വ്യവസ്ഥകളാണ് കഴിഞ്ഞ ദിവസം പുറത്തിറക്കിയ​ യു.പി ജനസംഖ്യ (നിയന്ത്രണ, സുസ്ഥിര, ക്ഷേമ) ബിൽ 2021 എന്നപേരിലുള്ള കരടിൽ ഉള്‍പ്പെടുത്തിയിരിക്കുന്നത്. സംസ്ഥാനത്ത് ഗർഭനിരോധന മാർഗങ്ങളുടെ ലഭ്യത വർധിപ്പിക്കാനും ഗർഭച്ഛിദ്രത്തിന്​ സുരക്ഷിത സംവിധാനം ഏർപ്പെടുത്താനും കരടിൽ വ്യവസ്ഥ ചെയ്യുന്നുണ്ട്. 

ദമ്പതികൾക്ക്​ രണ്ടു കുട്ടികൾ മതി എന്നതാണ്​ പുതിയ ബില്ലിൽ അനുശാസിക്കുന്നത്. രണ്ടിലധികം കുട്ടികളുണ്ടെങ്കിൽ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനും സർക്കാർ ജോലിക്ക് അപേക്ഷിക്കുന്നതിനും ഏതെങ്കിലും സർക്കാർ സബ്‌സിഡി ലഭിക്കുന്നതിനും വിലക്ക്​ ഏർപ്പെടുത്തും. മാതാപിതാക്കളും കുട്ടികളുമടക്കം നാലുപേരെ മാത്രമേ റേഷൻ കാർഡിൽ ഉൾപ്പെടുത്തൂ.

രണ്ടുകുട്ടി നയം പിന്തുടരാൻ വന്ധ്യംകരണത്തിന് വിധേയമാകുന്നവർക്ക് വിവിധ ആനുകൂല്യങ്ങള്‍ നല്‍കുമെന്നും കരടില്‍ പറയുന്നു. ഈ നയം അംഗീകരിക്കുന്ന സർക്കാർ ജീവനക്കാർക്ക് രണ്ട് ഇൻസെന്‍റീവ് നൽകും. മുഴുവൻ ശമ്പളത്തോടു കൂടിയ പ്രസവാവധി ഒരു വർഷമാക്കും. സമാന ആനുകൂല്യങ്ങളോടെ ഒരു വർഷം നീളുന്ന അവധി പിതാവിനും ലഭിക്കും.

ഒരു കുട്ടി മതിയെന്ന് തീരുമാനിച്ച് വന്ധ്യംകരണം നടത്തിയാൽ സൗജന്യ ചികിത്സാ സൗകര്യവും കുട്ടിക്ക് 20 വയസ്സുവരെ ഇൻഷുറൻസും ഉണ്ടാകും. വിദ്യാഭ്യാസസ്ഥാപനങ്ങളിൽ ഒറ്റക്കുട്ടി പ്രവേശനത്തിന് മുൻഗണന നൽകും. സൗജന്യ വിദ്യാഭ്യാസം ബിരുദതലം വരെയാക്കും. പെൺകുട്ടിയെങ്കിൽ ഉന്നതവിദ്യാഭ്യാസ സ്കോളർഷിപ് നൽകും. ഇവർക്ക് സർക്കാർ ജോലിയിൽ മുൻഗണനയുണ്ടാകുമെന്നും ബില്ല് നിര്‍ദേശിക്കുന്നു. 

ഉത്തർപ്രദേശ് നിയമ കമ്മീഷൻ വെബ്സൈറ്റ് വഴിയാണ് കരട് പുറത്തുവിട്ടത്. ഇതിൽ ഈമാസം19വരെ പൊതുജനാഭിപ്രായം സ്വീകരിക്കും. ഗസറ്റിൽ വിജ്ഞാപനം ചെയ്താൽ ഒരു വർഷത്തിനകം ബിൽ പ്രാബല്യത്തിലാകും. 

Tags:    

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News