മതവിവേചനമുണ്ടാകില്ല; അഫ്ഗാൻ പൗരന്മാർക്ക് അടിയന്തര ഇ-വിസ പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ
വിസ അനുവദിക്കുന്നതിൽ മതപരമായ വിവേചനങ്ങളുണ്ടാകില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം വൃത്തങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്. ഹിന്ദു, സിഖ് മതക്കാര്‍ക്ക് മുൻഗണന നൽകുമെന്ന് കഴിഞ്ഞ ദിവസം കേന്ദ്രം പ്രഖ്യാപിച്ചത് വിവാദമായിരുന്നു
കാബൂളിൽ താലിബാൻ അധികാരം പിടിച്ചതിനു പിറകെ അഫ്ഗാനിസ്താൻ പൗരന്മാർക്ക് അടിയന്തര ഇ-വിസ പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ. 'ഇ-എമർജൻസി എക്‌സ്-മിസ്‌ക് വിസ' എന്ന പേരിലുള്ള വിസയ്ക്കായി അഫ്ഗാൻ പൗരന്മാർക്ക് ഓൺലൈനായി അപേക്ഷിക്കാം. പ്രത്യേക മതപരിഗണനകളൊന്നും കൂടാതെ വിസ അനുവദിക്കുമെന്നാണ് കേന്ദ്രം അറിയിച്ചിരിക്കുന്നത്. ഹിന്ദു, സിഖ് മതക്കാർക്ക് പ്രത്യേക പരിഗണന നൽകുമെന്നായിരുന്നു നേരത്തെ കേന്ദ്രം പ്രഖ്യാപിച്ചിരുന്നത്.
അഫ്ഗാനിലെ പ്രത്യേക സാഹചര്യം കണക്കിലെടുത്താണ് ഇത്തരമൊരു വിസ അനുവദിക്കുന്നതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചു. അഫ്ഗാനിൽനിന്ന് ഇന്ത്യയിലേക്ക് രക്ഷപ്പെടാൻ ആഗ്രഹിക്കുന്നവർക്ക് വിസാ നടപടിക്രമങ്ങൾ എളുപ്പമാക്കാനാണ് അടിയന്തര ഇ-വിസ ആരംഭിച്ചതെന്ന് മന്ത്രലായം വക്താവ് പറഞ്ഞു. അഫ്ഗാനിസ്താനിലെ ഇന്ത്യൻ കാര്യാലയങ്ങളെല്ലാം അടച്ചതിനാൽ ഓൺലൈനായി ലഭിക്കുന്ന അപേക്ഷകൾ ഡൽഹിയിലായിരിക്കും പരിശോധിച്ചു നടപടി സ്വീകരിക്കുക.
തുടക്കത്തിൽ ആറു മാസമാണ് വിസാ കാലാവധി. സുരക്ഷാ പരിശോധനകളെല്ലാം പൂർത്തിയാക്കിയ ശേഷമായിരിക്കും വിസ അനുവദിക്കുക. അതേസമയം, വിസ അനുവദിക്കുന്നതിൽ മതപരമായ വിവേചനങ്ങളുണ്ടാകില്ലെന്നും മന്ത്രാലയം വൃത്തങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്.
നേരത്തെ, അഫ്ഗാനിൽനിന്ന് ഇന്ത്യയിലെത്തുന്ന ഹിന്ദു, സിഖ് മതക്കാരെ സഹായിക്കുമെന്ന് കേന്ദ്രം പ്രഖ്യാപിച്ചത് വിവാദമായിരുന്നു. ഇന്ത്യയിലേക്കുള്ള വിമാന സർവീസിൽ ഹിന്ദുക്കൾക്കും സിഖുകാർക്കും മുൻഗണന നൽകുമെന്നായിരുന്നു കഴിഞ്ഞ ദിവസം കേന്ദ്രം അറിയിച്ചത്. അഫ്ഗാനിലെ ഹിന്ദു, സിഖ് മതപ്രതിനിധികളുമായി നിരന്തരം ബന്ധപ്പെട്ടുകൊണ്ടിരിക്കുകയാണെന്നും ഇന്ത്യയിലെത്താൻ ആഗ്രഹിക്കുന്നവർക്ക് അതിനുള്ള സൗകര്യങ്ങൾ ഒരുക്കുമെന്നും വിദേശകാര്യ മന്ത്രാലയം വക്താവ് അരിന്ദം ബാഗ്ച്ചി വെളിപ്പെടുത്തിയിരുന്നു.