ഔറംഗസേബിന്റെ പിൻഗാമികൾ റിക്ഷ വലിച്ച് ജീവിക്കുന്നു; ദൈവിക നീതിയെന്ന് യോഗി, വിവാദം

അയോധ്യയിലെ അസർഫി ഭവൻപീഠത്തിൽ നടന്ന സമ്മേളനത്തിൽ സംസാരിക്കവെ ആയിരുന്നു യോഗിയുടെ പരാമർശം.

Update: 2024-12-20 11:23 GMT
Editor : banuisahak | By : Web Desk
Advertising

ലക്‌നൗ: മുഗൾ ചക്രവർത്തി ഔറംഗസേബിനെതിരെ അധിക്ഷേപ പരാമർശവുമായി യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്‌ വീണ്ടും രംഗത്ത്. ഔറംഗസേബിന്റെ പിൻഗാമികൾ ഇന്ന് റിക്ഷ വലിച്ച് ജീവിക്കുന്നുവെന്ന യോഗിയുടെ പരാമർശം വിവാദങ്ങൾക്ക് വഴിവെച്ചു. വെള്ളിയാഴ്‌ച അയോധ്യയിലെ അസർഫി ഭവൻപീഠത്തിൽ നടന്ന സമ്മേളനത്തിൽ സംസാരിക്കവെ ആയിരുന്നു യോഗിയുടെ പരാമർശം.

ഔറംഗസേബിന്റെ പിൻഗാമികൾ ഇപ്പോൾ കൊൽക്കത്തക്ക് സമീപം താമസിക്കുന്നുണ്ടെന്നും അവർ ഓട്ടോറിക്ഷ വലിച്ചാണ് ഉപജീവനം നടത്തുന്നതെന്നും യോഗി അവകാശപ്പെട്ടു. 'ചരിത്രത്തിന്റെ ദൈവിക നീതി' എന്നുപറഞ്ഞുകൊണ്ടായിരുന്നു യോഗി ഈ വാദങ്ങൾ ജനങ്ങൾക്ക് മുന്നിൽ നിരത്തിയത്. 'ഔറംഗസേബിൻ്റെ പിൻഗാമികൾ കൊൽക്കത്തയ്ക്ക് സമീപം താമസിക്കുന്നുണ്ടെന്ന് ചിലർ എന്നോട് പറഞ്ഞു. റിക്ഷ വലിച്ച് അവർ ഉപജീവനം കണ്ടെത്തുന്നു. . ഔറംഗസേബ് ദൈവികതയെ ധിക്കരിക്കുകയും ക്ഷേത്രങ്ങളും ആരാധനാലയങ്ങളും അക്രമാസക്തമായി അടിച്ചമർത്തുകയും ചെയ്‌തു. അദ്ദേഹം അന്ന് അങ്ങനെ ചെയ്‌തിരുന്നില്ല എങ്കിൽ ഇന്ന് അദ്ദേഹത്തിന്റെ സന്തതികൾക്ക് ഇത്തരമൊരു സാഹചര്യത്തിൽ ജീവിക്കേണ്ടി വരില്ലായിരുന്നു'- യോഗി പറഞ്ഞു. 

ബംഗ്ലാദേശ്, പാകിസ്ഥാൻ, അഫ്ഗാനിസ്ഥാൻ തുടങ്ങിയ രാജ്യങ്ങളിൽ ഹിന്ദുക്കൾക്ക് നേരെ അതിക്രമങ്ങളാണ് നടക്കുന്നതെന്നും യോഗി പറഞ്ഞു. സനാതന മൂല്യങ്ങൾ സംരക്ഷിക്കാൻ സമൂഹത്തോട് ആഹ്വാനം ചെയ്യുകയും ചെയ്‌തു. 'വസുധൈവ കുടുംബകം' (ലോകം ഒരു കുടുംബം) എന്ന ആശയം ആയിരക്കണക്കിന് വർഷങ്ങൾക്ക് മുമ്പ് നമ്മുടെ ഋഷിമാർ വിഭാവനം ചെയ്തിട്ടുണ്ട്. പ്രതിസന്ധി ഘട്ടങ്ങളിൽ എല്ലാ വിഭാഗങ്ങൾക്കും വിശ്വാസങ്ങൾക്കും അഭയം നൽകിയ ഒരേയൊരു മതമാണ് സനാതൻ ധർമ്മം. പക്ഷേ, ഹിന്ദുക്കൾക്ക് തിരിച്ചുകിട്ടിയത് എന്താണ്? ബംഗ്ലാദേശിലും അതിനുമുമ്പ് പാകിസ്ഥാനിലും അഫ്‌ഗാനിസ്ഥാനിലും സംഭവിച്ചത് അതിനുള്ള ഉത്തരമാണെന്ന് യോഗി കൂട്ടിച്ചേർത്തു. 

നൂറ്റാണ്ടുകളായി ഹിന്ദു ക്ഷേത്രങ്ങളെ ലക്ഷ്യമിട്ട് പ്രവർത്തനങ്ങൾ നടന്നുവരികയാണ്. കാശി വിശ്വനാഥ് ധാം, അയോധ്യ, സംഭാൽ എന്നിവിടങ്ങളിൽ നടന്ന സംഭവങ്ങൾ ചൂണ്ടിക്കാട്ടിക്കൊണ്ടായിരുന്നു യോഗിയുടെ പരാമർശം. തുടർന്നാണ് പതിനേഴാം നൂറ്റാണ്ടിൽ ഇന്ത്യ ഭരിച്ചിരുന്ന ഔറംഗസേബിനെതിരെ വിവാദപരാമശങ്ങൾ നടത്തിയത്. മുൻപും ഔറംഗസേബിനെതിരെ അധിക്ഷേപങ്ങളുമായി യോഗി രംഗത്തെത്തിയിട്ടുണ്ട്. 

ഝാർഖണ്ഡ് മുക്തി മോർച്ച നേതാവ് ആലംഗീർ ആലമിനെ മുഗൾ ചക്രവർത്തി ഔറംഗസേബിനോട് ഉപമിച്ച് യോഗി നടത്തിയ പ്രസ്‌താവന ഏറെ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു.ഔറംഗസേബ് രാജ്യം കൊള്ളയടിച്ചുവെന്നും വിശുദ്ധമായ ക്ഷേത്രങ്ങൾ നശിപ്പിച്ചുവെന്നും അതുപോലെ ഝാർഖണ്ഡ് മുക്തി മോർച്ചയിലെ മന്ത്രി ആലംഗീർ ആലം ഝാർഖണ്ഡ് കൊള്ളയടിച്ചുവെന്നുമായിരുന്നു യോഗിയുടെ അന്നത്തെ ആരോപണം. ഔറംഗസീബിന്റെ ആത്മാവിനെ പോലും രാജ്യത്ത് ജീവിക്കാൻ അനുവദിക്കില്ലെന്ന ഉത്തർപ്രദേശിൽ വെച്ച് നടത്തിയ മറ്റൊരു പരാമർശവും ചർച്ചകൾക്ക് വഴിവെച്ചിരുന്നു. 

ഔറംഗസേബിന്റെ ഭരണകാലത്ത് ക്ഷേത്രങ്ങൾ വ്യാപകമായി തകർക്കപ്പെട്ടെന്നും ഹിന്ദുക്കൾക്കെതിരെ അക്രമങ്ങൾ അഴിച്ചുവിട്ടെന്നും ആരോപിച്ചാണ് സംഘ്പരിവാർ അധിക്ഷേപങ്ങളും വിവാദ പരാമർശങ്ങളും ഉയർത്തുന്നത്. 

Tags:    

Writer - banuisahak

contributor

Editor - banuisahak

contributor

By - Web Desk

contributor

Similar News