വ്യത്യസ്ത രൂപം, പിന്നിലും വെൻറിലേറ്റഡ് സീറ്റുകൾ; ഗെയിം ചെയ്ഞ്ചറാകാൻ കിയ സിറോസ്
വാഹനത്തിെൻറ ബുക്കിങ് ജനുവരി മൂന്നിന് ആരംഭിക്കും
ഇന്ത്യയിൽ നിലവിൽ ഏറ്റവും ജനപ്രിയമായ സെഗ്മെൻറാണ് കോംപാക്ട് എസ്യുവി. ഇവിടേക്കാണ് ദക്ഷിണ കൊറിയൻ കമ്പനിയായ കിയ തങ്ങളുടെ പുതിയ വാഹനമായ സിറോസിനെ കഴിഞ്ഞദിവസം അവതരിപ്പിച്ചിട്ടുള്ളത്. ഫീച്ചറുകളിലും പ്രായോഗികതയിലും എതിരാളികളെ നിഷ്പ്രഭമാക്കും വിധമാണ് സിറോസിനെ കിയ അണിയിച്ചൊരുക്കിയിട്ടുള്ളത്. സോണറ്റിനും സെൽറ്റോസിനും ഇടയിലാണ് ഈ നാല് മീറ്ററിന് താഴെയുള്ള എസ്യുവിയുടെ സ്ഥാനം. വാഹനത്തിെൻറ ബുക്കിങ് ജനുവരി മൂന്നിന് ആരംഭിക്കും. ഫെബ്രുവരി ആദ്യം വിൽപ്പന തുടങ്ങും.
ഏറെ വ്യത്യസ്തമായ ബോക്സി ഡിസൈനാണ് സിറോസിന് നൽകിയിട്ടുള്ളത്. മുമ്പ് സ്കോഡ ഇന്ത്യയിൽ വിറ്റിരുന്ന ‘യെതി’യുടെ രൂപവുമായി ചെറിയ സാദൃശ്യമുണ്ട്. ലംബമായി അടുക്കിയിരിക്കുന്ന ഹെഡ്ലാംപുകളും എൽ ആകൃതിയിലുള്ള ടെയിൽ ലൈറ്റുമെല്ലാം വാഹനത്തിന് വ്യത്യസ്തത സമ്മാനിക്കുന്നു. 2550 എംഎം ആണ് വീൽബേസ്. ഇത് ഉള്ളിൽ കൂടുതൽ വിശാലത നൽകുന്നുവെന്ന് കിയ അവകാശപ്പെടുന്നു.
രണ്ട് എൻജിൻ ഒപ്ഷനുകളാണ് കിയ വാഗ്ദാനം ചെയ്യുന്നത്. 1 ലിറ്റർ ടർബോ പെട്രോൾ എൻജിൻ 120 എച്ച്പിയും 172 എൻഎം ടോർക്കും നൽകുന്നു. 6 സ്പീഡ് മാനുവൽ, 7 സ്പീഡ് ഡിസിടി ഗിയർബോക്സുകൾ ഇതിൽ ലഭ്യമാണ്. 1.5 ലിറ്റർ ഡീസൽ എൻജിൻ 116 എച്ച്പിയും 250 എൻഎം ടോർക്കും ഉൽപ്പാദിപ്പിക്കും. 6 സ്പീഡ് മാനുവൽ, 6 സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ഗിയർ ബോക്സുകൾ ഇതുമായി ഉൾചേർത്തിരിക്കുന്നു. നാല് വേരിയൻറുകളിൽ വാഹനം ലഭ്യമാകും. സിറോസിെൻറ വില കിയ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.
എതിരാളികളെ വെല്ലുന്ന ഫീച്ചറുകൾ
ഹ്യുണ്ടായ് വെന്യു, ടാറ്റ നെക്സോൺ, മഹീന്ദ്ര എക്സ്യുവി 3XO, മാരുതി ബ്രെസ്സ, വരാനിരിക്കുന്ന സ്കോഡ കൈലാഖ് എന്നിവയാകും പ്രധാന എതിരാളികൾ. എന്നാൽ, ഈ വാഹനങ്ങളുടേതിന് വ്യത്യസ്തമായി പ്രീമിയം ഫീച്ചറുകളാണ് സിറോസിലുള്ളത്. അതിനാൽ തന്നെ ഇതിനൊപ്പം പിടിച്ചുനിൽക്കാൻ എതിരാളികൾ അൽപ്പം വിയർക്കുമെന്നാണ് വാഹന വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.
സിറോസിലെ 30 ഇഞ്ച് ട്രിനിറ്റി പനോരമിക് ഡിസ്േപ്ല ആരെയും അതിശയിപ്പിക്കുന്നതാണ്. ഈ സെഗ്മെൻറിലെ ഏറ്റവും വലിയ ഡിസ്േപ്ലയാണിത്. ഇതിൽ 12.3 ഇഞ്ചിെൻറ രണ്ട് സ്ക്രീനുകൾ വീതമുണ്ട്. ഒന്ന് ഇൻഫോടൈൻമെൻറ് സംവിധാനവും മറ്റൊന്ന് ഡ്രൈവർക്കുള്ള ഇൻസ്ട്രുമെൻറ് ക്ലസ്റ്ററുമാണ്. ഇതിന് പുറമെ ക്ലൈമറ്റ് കൺട്രോളിനായി അഞ്ച് ഇഞ്ചിെൻറ ടച്ച് പാനലും ഉൾപ്പെടുത്തിയിട്ടുണ്ട്. ഇത് കൂടാതെ സെൻട്രൽ കൺസോളിൽ ഫിസിക്കൽ ബട്ടണുകളും നൽകിയിരിക്കുന്നു.
ഡ്രൈവർ സീറ്റിൽ വെൻറിലേറ്റഡ് സീറ്റുകൾ ഇന്ന് പല വാഹനങ്ങളിലും പതിവാണ്. എന്നാൽ, പിന്നിലെ സീറ്റിൽ ഇത് പ്രീമിയം ലക്ഷ്വറി വാഹനങ്ങളിലാണ് കൂടുതൽ കാണാറ്. ഈയൊരു ഫീച്ചർ സിറോസിലും കിയ നൽകിയിരിക്കുകയാണ്. ഡോർ ഹാൻഡിലിലാണ് ഇതിെൻറ ബട്ടൺ നൽകിയിട്ടുള്ളത്. അതിനാൽ തന്നെ ഉപയോഗിക്കാനും ഏറെ എളുപ്പമാണ്.
പിൻസീറ്റിലെ കിയയുടെ മാന്ത്രികവിദ്യകൾ വെൻറിലേറ്റഡ് സീറ്റിൽ അവസാനിക്കുന്നില്ല. യാത്രക്കാരെൻറ ആവശ്യത്തിന് അനുസരിച്ച് ചരിക്കാനും നീക്കാനും കഴിയുന്ന പിൻസീറ്റാണ് സിറോസിലുള്ളത്. ഇതും മറ്റു വാഹനങ്ങളിൽ സാധാരണയായി കാണാത്തതാണ്. ഇന്ത്യയിൽ തന്നെ എസ്യുവി വിഭാഗത്തിൽ ആദ്യമായിട്ടാണ് ഈ ഫീച്ചർ ലഭ്യമാകുന്നത്. ഇതുവഴി യാത്രക്കാർക്ക് കൂടുതൽ ലെഗ് സ്പേസ് വർധിപ്പിക്കാനാകും. ആവശ്യമെങ്കിൽ ബൂട്ട് സ്പേസും കൂടുതൽ ലഭിക്കും. അതുപോലെ 60:40 രീതിയിൽ സീറ്റുകൾ മടക്കാനും സാധിക്കും. 465 ലിറ്ററാണ് സിറോസിെൻറ ബൂട്ട് സ്പേസ്.
ആറ് പാർക്കിങ് സെൻസറുകളും വാഹനത്തെ അടുത്തതലത്തിലേക്ക് എത്തിക്കുന്നു. മുന്നിലും പിന്നിലുമുള്ള സെൻസറുകൾക്ക് പുറമെ മുന്നിലെ വീൽ ആർച്ചുകൾക്ക് താഴെയായിട്ടാണ് നാല് സെൻസറുകൾ നൽകിയിട്ടുള്ളത്. ഇത് പാർക്കിങ് കൂടുതൽ സുഖപ്രദമാക്കും.
വാഹനത്തിെൻറ ബോഡിയേട് ചേർന്നുനിൽക്കുന്ന ഫ്ലഷ് ഡോർ ഹാൻഡിലാണ് മറ്റൊരു പ്രത്യേകത. ഈ ഫീച്ചറുള്ള ഏറ്റവും വില കുറഞ്ഞ വാഹനമാകും സിറോസ്. 20 സുരക്ഷാ സവിശേഷതകളുള്ള ലെവൽ 2 അഡാസാണ് കിയ ഈ വാഹനത്തിൽ നൽകിയിട്ടുള്ളത്. അതിനാൽ തന്നെ സുരക്ഷയിലും ഫീച്ചറിലും സെഗ്മെൻറിലെ മറ്റു വാഹനങ്ങളേക്കാൾ സിറോസ് മുന്നിലാണെന്ന് നിസ്സംശയം പറയാം.