'അഫ്ഗാന്‍ സുരക്ഷയില്‍ ആശങ്ക': ഇന്ത്യ വിളിച്ച യോഗം തുടരുന്നു

താലിബാൻ അധികാരത്തിലെത്തിയ ശേഷം അഫ്‌ഗാന്‍റെ അയൽരാജ്യങ്ങൾ ആദ്യമായാണ് യോഗം ചേരുന്നത്.

Update: 2021-11-10 07:42 GMT
Advertising

അഫ്ഗാൻ സ്ഥിതിഗതികൾ ചർച്ച ചെയ്യാന്‍ സുരക്ഷാ ഉപദേഷ്ടാക്കളുടെ യോഗം ഡൽഹിയിൽ പുരോഗമിക്കുന്നു. താലിബാൻ അധികാരത്തിലെത്തിയ ശേഷം അഫ്‌ഗാന്‍റെ അയൽരാജ്യങ്ങൾ ആദ്യമായാണ് യോഗം ചേരുന്നത്. പാകിസ്താനും ചൈനയും പങ്കെടുക്കുന്നില്ല.

അഫ്‌ഗാൻ വിഷയത്തിൽ സുരക്ഷാ ആശങ്കയുമായി അയൽരാജ്യങ്ങളിലെ സുരക്ഷാ ഉപദേഷ്ടാക്കൾ മൂന്നാം വട്ടമാണ് യോഗം ചേരുന്നത്. അഫ്‌ഗാനിൽ നിന്നുള്ള മയക്കുമരുന്ന് കയറ്റുമതിയിലും തീവ്രവാദ പ്രവർത്തനങ്ങളിലും താജിക്കിസ്ഥാൻ ആശങ്ക ഉയർത്തി. അഫ്ഗാനുമായി കൂടുതൽ അതിർത്തി പങ്കിടുന്ന രാജ്യമായതിനാലാണ് ആശങ്ക കൂടുതലെന്ന്‌ താജിക്കിസ്ഥാൻ ചൂണ്ടിക്കാട്ടി.

ആശങ്കയിലും അഫ്‌ഗാൻ ജനതയോട് സഹാനുഭൂതിയോടെയാണ് സുരക്ഷാ ഉപദേഷ്ടാക്കളുടെ ചർച്ച മുന്നോട്ടു പോകുന്നത്. അഫ്‌ഗാനിലെ അഭയാർഥി വിഷയം കൈകാര്യം ചെയ്യാൻ പ്രത്യേക സംവിധാനമൊരുക്കണമെന്ന ആവശ്യം ഇറാൻ മുന്നോട്ട് വച്ചു. അഫ്ഗാനിലെ സാമൂഹ്യ -സാമ്പത്തിക സാഹചര്യങ്ങൾ പരിതാപകരമാണെന്നും അയൽ രാജ്യങ്ങൾ സഹായിക്കണമെന്നും കസാഖിസ്ഥാൻ ആവശ്യപ്പെട്ടു. ഇന്ത്യൻ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലാണ് യോഗത്തിൽ അധ്യക്ഷത വഹിക്കുന്നത്.

2018, 2019 യോഗങ്ങൾ ഇറാനിലായിരുന്നു ചേർന്നിരുന്നത്. കോവിഡ് മൂലമാണ് 2020ൽ ഇന്ത്യയിൽ നടക്കേണ്ടിയിരുന്ന യോഗം ഇത്രയും വൈകിയത്. ഇതിനിടയിൽ താലിബാൻ അഫ്ഗാൻ അധികാരം പിടിച്ചെടുക്കുകയും ചെയ്തു. ഇന്ത്യയിൽ നടക്കുന്ന യോഗത്തോട് സഹകരിക്കില്ലെന്ന് പാകിസ്താൻ നേരത്തെ അറിയിച്ചിരുന്നു. ചർച്ചയുടെ സമയക്രമത്തിലുള്ള അസൗകര്യമെന്ന ന്യായം നിരത്തി ചൈനയും പാകിസ്താന്റെ ഒപ്പം ചർച്ചകളിൽ നിന്ന് മാറിനിൽക്കുകയാണ്.

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News