നൂറു ശതമാനം യാത്രക്കാരുമായി ഇന്ത്യയിലേക്കുള്ള അന്താരാഷ്ട്ര വിമാന സർവീസുകൾ പുനരാരംഭിച്ചു
കോവിഡ് രോഗവ്യാപനത്തെ തുടർന്ന് 2020 മാർച്ചിലാണ് അന്താരാഷ്ട്ര സർവ്വീസ് നടത്തുന്ന വിമാനങ്ങൾക്ക് രാജ്യത്തേക്ക് ഉള്ള പ്രവേശനം കേന്ദ്ര സർക്കാർ വിലക്കിയത്
ഡല്‍ഹി: കോവിഡിനെ തുടർന്ന് നിർത്തലാക്കിയ അന്താരാഷ്ട്ര വിമാന സർവീസുകൾ പുനരാരംഭിച്ചു. നൂറു ശതമാനം യാത്രക്കാരുമായി സർവീസ് നടത്താൻ കേന്ദ്ര സർക്കാർ അനുമതി നൽകി. എയർപോർട്ടിലും വിമാനങ്ങൾക്ക് ഉള്ളിലും ഏർപ്പെടുത്തിയിരുന്ന കോവിഡ് പ്രതിരോധ നിയന്ത്രണങ്ങളാണ് കേന്ദ്ര വ്യോമയാന മന്ത്രാലയം നീക്കിയത്. ഇതോടെ വിമാനങ്ങളിൽ ഒഴിച്ചിട്ടിരുന്ന സീറ്റുകളിലും വിമാനക്കമ്പനികൾക്ക് യാത്രക്കാരെ അനുവദിക്കാം. അടിയന്തര സാഹചര്യങ്ങൾക്കായി 3 സീറ്റുകൾ വിമാനത്തിൽ ഒഴിച്ചിടേണ്ടതില്ല എന്നും സർക്കാർ അറിയിച്ചു. കോവിഡ് നിയന്ത്രണങ്ങളുടെ പേരിൽ ഉയർത്തിയ യാത്രാ നിരക്ക് ഈ തീരുമാനത്തിൻ്റെ പശ്ചാത്തലത്തിൽ കുറയുമെന്നാണ് യാത്രക്കാരുടെ പ്രതീക്ഷ.
കോവിഡ് രോഗവ്യാപനത്തെ തുടർന്ന് 2020 മാർച്ചിലാണ് അന്താരാഷ്ട്ര സർവ്വീസ് നടത്തുന്ന വിമാനങ്ങൾക്ക് രാജ്യത്തേക്ക് ഉള്ള പ്രവേശനം കേന്ദ്ര സർക്കാർ വിലക്കിയത്. ഇതേ വർഷം ജൂലൈ മുതൽ ബയോ ബബിളിൽ ഉൾപ്പെട്ട രാജ്യങ്ങളിൽ നിന്ന് മാത്രമുള്ള സർവീസുകൾക്ക് നിയന്ത്രണങ്ങളോടെ അനുമതിയും നൽകിയിരുന്നു. രാജ്യത്തെ വിവിധ നഗരങ്ങളിൽ നിന്നും പുറപ്പെടുന്നതും എത്തിച്ചേരുന്നതുമായ 1783 അന്താരാഷ്ട്ര വിമാന സർവീസുകളാണ് ഉള്ളത്. രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം 40 വിദേശ രാജ്യങ്ങളിലേക്ക് ഉള്ള സർവീസുകൾക്ക് ആണ് വേനലവധി കാലത്ത് കേന്ദ്ര സർക്കാർ അനുമതി നൽകിയിരിക്കുന്നത്. ഇത് വഴി ഏപ്രിൽ മുതൽ അന്താരാഷ്ട്ര വിമാന യാത്രക്കാരുടെ എണ്ണത്തിൽ വലിയ വർധനവ് ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. എല്ലാ വിഭാഗത്തിലുമുള്ള ടൂറിസ്റ്റ് വിസകൾ പുതുക്കാനുള്ള തീരുമാനം ഈ മാസം ആദ്യം കേന്ദ്ര സർക്കാർ സ്വീകരിച്ചിരുന്നു. അറുപതോളം വിദേശ വിമാന കമ്പനികളും ഇന്ത്യയിൽ നിന്ന് സർവീസ് നടത്തും. 27 രാജ്യങ്ങളിലെ 43 നഗരങ്ങളിലേക്ക് ഇന്ത്യൻ വിമാന കമ്പനികളും സർവീസ് നടത്തുന്നുണ്ട്.
International flights to India resumed with 100 percentage passengers