'മാതാപിതാക്കളെ അധിക്ഷേപിച്ചോളൂ, പക്ഷേ മോദിക്കും അമിത്ഷായ്ക്കും എതിരെ മിണ്ടരുത്'; ബി.ജെ.പി നേതാവ്

സംഭവത്തിൽ പാട്ടീലിനെതിരെ പ്രതിഷേധമറിയിച്ച് പ്രതിപക്ഷ നേതാക്കൾ രംഗത്തെത്തി.

Update: 2022-10-08 12:44 GMT
Advertising

മുംബൈ: മാതാപിതാക്കളെ അധിക്ഷേപിച്ചാലും കുഴപ്പമില്ല, പക്ഷേ പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ആഭ്യന്തര മന്ത്രി അമിത്ഷായ്ക്കുമെതിരെ ഒരുവാക്ക് പോലും മിണ്ടിപ്പോകരുതെന്ന് ബിജെപി നേതാവ്. മഹാരാഷ്ട്ര ബി.ജെ.പി മുൻ അധ്യക്ഷനും നിലവിൽ‍ ഉന്നത- സാങ്കേതിക വിദ്യാഭ്യാസ മന്ത്രിയുമായ ചന്ദ്രകാന്ത് പാട്ടീൽ ആണ് വിവാദ പ്രസ്താവനയുമായി രം​ഗത്തെത്തിയത്.

'മാതാപിതാക്കളെ അധിക്ഷേപിക്കുന്നത് സഹിക്കാം, പക്ഷേ മോദിജിക്കും അമിത് ഷാ ജിക്കും എതിരെ ഒരു വാക്ക് പോലും പറയുന്നത് സഹിക്കാനാവില്ല'- മന്ത്രി പറഞ്ഞു. പൂനെയിൽ നടന്ന ഒരു അനുമോദന ചടങ്ങിനിടെയായിരുന്നു പരാമർശം.

'അച്ഛനേയും അമ്മേയേയും അധിക്ഷേപിക്കുന്നത് പ്രശ്നമല്ല. കോലാപൂരിൽ ഇത് സാധാരണമാണ്. എന്നാൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ആഭ്യന്തര മന്ത്രി അമിത് ഷായ്‌ക്കുമെതിരായ ഒരു അധിക്ഷേപ വാക്ക് പോലും കോലാപ്പൂരിലെ ആളുകൾ സഹിക്കില്ല'- പാട്ടീൽ പറഞ്ഞു.

സംഭവത്തിൽ പാട്ടീലിനെതിരെ പ്രതിഷേധമറിയിച്ച് പ്രതിപക്ഷ നേതാക്കൾ രംഗത്തെത്തി. അദ്ദേഹത്തിന് തന്റെ നേതാക്കളെ പ്രശംസിക്കാം, എന്നാൽ കോലാപ്പൂരിന്റെയും മഹാരാഷ്ട്രയുടെയും സംസ്കാരത്തെ അവഹേളിക്കരുതെന്നും നേതാക്കളെ പുകഴ്ത്തുമ്പോൾ ജാഗ്രത പാലിക്കണമെന്നും മാതാപിതാക്കളെ അധിക്ഷേപിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും എൻ.സി.പി എം.എൽ.എ രോഹിത് പവാർ പറഞ്ഞു.

മാതാപിതാക്കളെ അധിക്ഷേപിക്കുന്നതാണ് ബി.ജെ.പിയുടെ ഹിന്ദുത്വമെന്ന് ശിവസേന വക്താവ് മനീഷ കയാൻഡെ പരിഹസിച്ചു. ഇതാദ്യമായല്ല, പാട്ടീൽ വിവാദ പരാമർശം നടത്തുന്നത്. നേരത്തെ എൻ.സി.പി എം.പി സുപ്രിയ സുലെക്കെതിരെയും ഇയാൾ വിവാദ പരാമർശം നടത്തിയിരുന്നു. "വീട്ടിൽ പോയി ഭകാരി താപ പാചകം ചെയ്യൂ" എന്നായിരുന്നു ഒ.ബി.സി വിഭാ​ഗങ്ങൾക്കുള്ള ക്വാട്ടയുടെ പശ്ചാത്തലത്തിൽ സുലെയ്‌ക്കെതിരായ അധിക്ഷേപ പരാമർശം.

പരാമർശത്തിനെതിരെ വ്യാപക വിമർശനമുയർന്നിരുന്നു. എന്നാൽ ഈ പരാമർശങ്ങളിൽ പാട്ടീൽ ക്ഷമാപണം നടത്തിയില്ല. തന്റെ പാർട്ടി സ്ത്രീവിരുദ്ധമാണെന്ന് തെളിയിക്കുകയാണ് മന്ത്രി ചെയ്തതെന്ന് എം.പിയുടെ ഭർത്താവ് സദാനന്ദ സുലെ പ്രതികരിച്ചിരുന്നു. 

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News