തെളിവുകൾ നശിപ്പിച്ചു, രാജ്യം വിടാനും ശ്രമം; ജാക്വിലിനെതിരെ ഇഡി

'അന്വേഷണവുമായി ഒരിക്കൽ പോലും ജാക്വിലിൻ സഹകരിച്ചിരുന്നില്ല'

Update: 2022-10-22 14:06 GMT
Editor : banuisahak | By : Web Desk
Advertising

ന്യൂഡൽഹി: സുകേഷ് ചന്ദ്രശേഖർ ഉൾപ്പെട്ട 200 കോടിയുടെ സാമ്പത്തിക തട്ടിപ്പ് കേസിൽ ജാക്വിലിൻ ഫെർണാണ്ടസിന്റെ ഇടക്കാല ജാമ്യം നീട്ടിയതിനെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി). ജാക്വിലിന്റെ ജാമ്യാപേക്ഷയെ തുടക്കം മുതൽ തന്നെ ഇഡി എതിർത്തിരുന്നു. ജാമ്യം ലഭിച്ചാൽ അത് നിലവിലെ അന്വേഷണത്തെ ബാധിക്കുമെന്ന് ഇഡി കോടതിയെ അറിയിക്കുകയും ചെയ്‌തിരുന്നു.

അന്വേഷണം പ്രഖ്യാപിച്ചതിന് പിന്നാലെ ഇന്ത്യ വിടാൻ ജാക്വിലിൻ ശ്രമിച്ചിരുന്നു. എന്നാൽ, ലുക്ക് ഔട്ട് സർക്കുലർ (എൽഒസി) പുറപ്പെടുവിച്ചതിനാൽ നടിക്ക് രാജ്യംവിടാൻ സാധിച്ചില്ലെന്ന് ഇഡി പറഞ്ഞു. അന്വേഷണവുമായി ഒരിക്കൽ പോലും ജാക്വിലിൻ സഹകരിച്ചിരുന്നില്ല. തെളിവുകൾ ലഭിച്ചപ്പോൾ മാത്രമാണ് വെളിപ്പെടുത്തലുകൾ നടത്താൻ നടി തയ്യാറായതെന്ന് ഇഡി പറഞ്ഞു. തെളിവുകൾ നശിപ്പിക്കാനും ജാക്വിലിൻ ശ്രമിച്ചിരുന്നുവെന്നും ഇഡി കൂട്ടിച്ചേർത്തു.

ജാക്വിലിൻ ഫെർണാണ്ടസിന്റെ ഇടക്കാല ജാമ്യം നവംബർ 10 വരെയാണ് നീട്ടിയിരിക്കുന്നത്. ഡൽഹി പട്യാല ഹൗസ് കോടതിയുടേതാണ് ഉത്തരവ്. കുറ്റപത്രവും ബന്ധപ്പെട്ട രേഖകളും കക്ഷികൾക്ക് നൽകാൻ കോടതി നിർദ്ദേശിച്ചു.

നടിയുടെ സ്ഥിരം ജാമ്യാപേക്ഷ കോടതി കോടതി പരിഗണിക്കാനിരിക്കെയാണ് ഇടക്കാല ജാമ്യം നീട്ടിയത്. അഭിഭാഷകനായ പ്രശാന്ത് പാട്ടീലിനൊപ്പമാണ് ജാക്വിലിൻ കോടതിയിലെത്തിയത്. ജാക്വിലിന്റെ ജാമ്യാപേക്ഷയിൽ ഇ.ഡിയോട് കോടതി വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്.

ആഗസ്‌ത്‌ 17നാണ് സുകേഷ് ചന്ദ്രശേഖറിനെയും ജാക്വിലിൻ ഫെർണാണ്ടസിനെയും പ്രതികളാക്കി അന്വേഷണ ഏജൻസി കുറ്റപത്രം സമർപ്പിച്ചത്. സുകേഷ് ഏഴ് കോടിയിലധികം രൂപ വിലമതിക്കുന്ന ആഭരണങ്ങൾ ജാക്വിലിന് സമ്മാനമായി നൽകിയെന്നാണ് ഇഡിയുടെ ആരോപണം. കൂടാതെ നടിയുടെ കുടുംബാംഗങ്ങൾക്കും നിരവധി ഉയർന്ന കാറുകൾ, വിലകൂടിയ ബാഗുകൾ, വസ്ത്രങ്ങൾ, ഷൂകൾ, വിലകൂടിയ വാച്ചുകൾ എന്നിവ സമ്മാനമായി നൽകിയിരുന്നുവെന്നും ഇഡി പറയുന്നു.

മറ്റൊരു നടിയായ നോറ ഫത്തേഹിയും സുകേഷിൽ നിന്ന് ബിഎംഡബ്ലിയു കാറുകളും വിലപിടിപ്പുള്ള സമ്മാനങ്ങളും സ്വീകരിച്ചതായും ഇഡി ആരോപിച്ചിരുന്നു. നോറക്കെതിരെയും അന്വേഷണം നടക്കുകയാണ്.

Tags:    

Writer - banuisahak

contributor

Editor - banuisahak

contributor

By - Web Desk

contributor

Similar News