അമിത് ഷായെ കണ്ട് ഉമർ അബ്ദുല്ല; ജമ്മു കശ്മീരിന് സംസ്ഥാന പദവി ഉറപ്പ് നൽകിയതായി റിപ്പോർട്ട്

ഉമർ അബ്ദുല്ല സർക്കാർ ആദ്യ മന്ത്രിസഭാ യോ​ഗത്തിൽ തന്നെ സംസ്ഥാന പദവി പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് പ്രമേയം പാസാക്കിയിരുന്നു.

Update: 2024-10-24 12:18 GMT
Advertising

ന്യൂഡൽഹി: ജമ്മു കശ്മീർ മുഖ്യമന്ത്രി ഉമർ അബ്ദുല്ല കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി. ജമ്മു കശ്മീരിന് സംസ്ഥാന പദവി തിരിച്ചുനൽകുമെന്ന് അമിത് ഷാ ഉറപ്പ് നൽകിയതായാണ് വിവരം. പുതിയ സർക്കാരിന് കേന്ദ്രത്തിന്റെ എല്ലാ പിന്തുണയും അമിത് ഷാ കൂടിക്കാഴ്ചയിൽ വാഗ്ദാനം ചെയ്തതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ഉമർ അബ്ദുല്ല സർക്കാർ ആദ്യ മന്ത്രിസഭാ യോ​ഗത്തിൽ തന്നെ സംസ്ഥാന പദവി പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് പ്രമേയം പാസാക്കിയിരുന്നു. മുറിവുണക്കാനുള്ള പ്രക്രിയയുടെ തുടക്കമെന്നാണ് സംസ്ഥാന പദവിയെ പ്രമേയത്തിൽ വിശേഷിപ്പിച്ചിട്ടുള്ളത്. ഇതുവഴി സംസ്ഥാനത്തിന്റെ ഭരണഘടനാപരമായ അവകാശങ്ങൾ തിരിച്ചുകിട്ടുമെന്നും കശ്മീർ ജനതയുടെ അസ്തിത്വം സംരക്ഷിക്കപ്പെടുമെന്നും പ്രമേയത്തിൽ പറഞ്ഞിരുന്നു. നിലവിൽ ഡൽഹിയിലേതിന് സമാനമായി സുപ്രധാന വിഷയങ്ങളിൽ ലെഫ്. ഗവർണർ അന്തിമ തീരുമാനമെടുക്കുന്ന രീതിയാണ് കശ്മീരിലുള്ളത്.

പ്രത്യേക പദവി റദ്ദാക്കി അഞ്ച് വർഷങ്ങൾക്ക് ശേഷമാണ് ജമ്മു കശ്മീരിന് സംസ്ഥാന പദവി പുനഃസ്ഥാപിക്കാൻ വഴിയൊരുങ്ങുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും ഉമർ അബ്ദുല്ല കൂടിക്കാഴ്ച നടത്തുന്നുണ്ട്. കശ്മീരിന്റെ പ്രത്യേക സുരക്ഷാ സാഹചര്യങ്ങൾ കണക്കിലെടുത്ത് കേന്ദ്രവുമായി ഒരു തരത്തിലുള്ള ഏറ്റുമുട്ടലുകൾക്കും താൻ തയ്യാറല്ലെന്നും ഫെഡറലിസത്തിന്റെ ആത്മാവ് ഉൾക്കൊള്ളുന്ന ബന്ധം കേന്ദ്ര സർക്കാരുമായി നിലനിർത്താനാണ് ആഗ്രഹിക്കുന്നതെന്നും ഉമർ അബ്ദുല്ല നേരത്തെ വ്യക്തമാക്കിയിരുന്നു.

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News