'35 വർഷമായി പ്രിയങ്കയെ അറിയാം, മറ്റുള്ളവര്‍ക്കായി പോരാടുന്ന അവള്‍ ഒരിക്കലും അവളെ കുറിച്ച് ചിന്തിച്ചിട്ടില്ല ': റോബർട്ട് വദ്ര
രാജീവ് ഗാന്ധിയുണ്ടായിരുന്നെങ്കിൽ പ്രിയങ്കയുടെ തെരഞ്ഞെടുപ്പ് ചുവടുവെപ്പില്‍ അദ്ദേഹം അതിയായി സന്തോഷിക്കുമായിരുന്നുവെന്ന് വദ്ര
ന്യൂഡൽഹി: രാഷ്ട്രീയകളത്തിൽ വയനാട്ടിൽ നിന്നും ആദ്യ അങ്കത്തിനിറങ്ങുന്ന കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയെ പിന്തുണച്ച് ഭർത്താവ് റോബർട്ട് വദ്ര. പ്രിയങ്ക ഒന്നിനേയും ഭയക്കാത്ത നേതാവും ജനങ്ങൾക്കായി പോരാടുന്നവളുമാണെന്ന് വദ്ര പറഞ്ഞു.
രാഷ്ട്രീയത്തിലേക്ക് ഇറങ്ങാനും തെരഞ്ഞെടുപ്പിലേക്ക് ചുവടുവെക്കാനും പോരാടാനും ഉറച്ച തീരുമാനങ്ങളെടുക്കാനും പ്രിയങ്കയ്ക്ക് കഴിഞ്ഞതിൽ സന്തോഷമുണ്ട്. കഴിഞ്ഞ 35 വർഷമായി പ്രിയങ്കയെ തനിക്കറിയാം. അവൾ മറ്റുള്ളവരെ സഹായിക്കാനും അവർക്കായി പ്രവർത്തിക്കുകയും ചെയ്യുന്നയാളാണ്. എല്ലാവരും സ്വന്തം കുടുംബമാണെന്ന് ചിന്തിക്കുന്ന പ്രകൃതമാണ്. ഒരിക്കലും സ്വന്തം കാര്യത്തെകുറിച്ച് പ്രിയങ്ക ചിന്തിക്കാറില്ല. അതിൽ തനിക്ക് സന്തോഷമേ ഉള്ളൂവെന്നും വദ്ര പറഞ്ഞു.
പ്രിയങ്കയുടെ പിതാവും മുൻ പ്രധാനമന്ത്രിയും കോൺഗ്രസ് നേതാവുമായിരുന്ന രാജീവ് ഗാന്ധിയുണ്ടായിരുന്നെങ്കിൽ അദ്ദേഹത്തിന് ഇത് അഭിമാന നിമിഷമായിരിക്കുമെന്നും വദ്ര പറഞ്ഞു.
പ്രിയങ്കയെ പാർലമെന്റിൽ കാണാൻ ജനം ആഗ്രഹിക്കുന്നുണ്ട്. അവൾ ഒട്ടും ഭയമില്ലാത്ത വ്യക്തിയാണ്. ആരെങ്കിലും ഒരു പ്രശ്‌നം നേരിടുമ്പോൾ അവൾ അവിടെ എത്തി അവർക്കായി പോരാടും. ജനങ്ങളുടെ പ്രശ്‌നങ്ങൾക്കായി എപ്പോഴും മുന്നിട്ടിറങ്ങുന്ന പ്രിയങ്ക, പ്രത്യേകിച്ച് സ്ത്രീകളുടേയും കർഷകരുടേയും തൊഴിലില്ലായ്മ വിഷയങ്ങളിലടക്കം ഇടപെട്ടിട്ടുണ്ട്. വയനാട്ടിൽ നിന്നും മത്സരിക്കാൻ പ്രിയങ്കയ്ക്ക് അവസരം ലഭിച്ചതിൽ സന്തോഷം ഏറെയാണെന്നും വദ്ര വ്യക്തമാക്കി.
അതേസമയം സ്വന്തം രാഷ്ട്രീയ പ്രവേശനത്തെ കുറിച്ചും വദ്ര പ്രതികരിച്ചു. ജനങ്ങൾ തന്റെ രാഷ്ട്രീയ പ്രവേശനം ആഗ്രഹിക്കുന്നുവെങ്കിൽ അതിനുവേണ്ട കാര്യങ്ങൾ ചെയ്യും. എന്നാൽ കുടുംബവും കോൺഗ്രസും തീരുമാനിക്കുന്ന സമയത്തായിരിക്കും തന്റെ രാഷ്ട്രീയ ചുവടുവെപ്പ് എന്നും അദ്ദേഹം പറഞ്ഞു.
സഹോദരനും ലോക്‌സഭാ പ്രതിപക്ഷ നേതാവുമായ രാഹുൽ ഗാന്ധി ഒഴിഞ്ഞതിനു പിന്നാലെയാണ് വയനാട്ടിൽ പിൻഗാമിയാകാൻ പ്രിയങ്ക എത്തുന്നത്. ലോക്സഭയിലും നിയമസഭയിലും പ്രിയങ്കയെ മത്സരിപ്പിക്കാൻ വിവിധ പിസിസികൾ മത്സരിച്ചപ്പോഴാണ് രാഹുൽ ഗാന്ധിയുടെ പിൻഗാമിയാകാൻ വയനാട് തന്നെ തെരഞ്ഞെടുത്തിരുക്കുന്നത്. കഴിഞ്ഞ ദിവസമാണ് പ്രിയങ്ക ഗാന്ധി വയനാട്ടിലെത്തി നാമനിർദേശ പത്രിക സമർപ്പിച്ചത്.