യഥാർഥ പോളിങ് കണക്കുകൾ പുറത്തുവിടുന്നില്ല; തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ മാധ്യമപ്രവർത്തകർ

‘ഓരോ ഘട്ട വോട്ടെടുപ്പ് കഴിയുമ്പോഴും വാർത്താസമ്മേളനം വിളിച്ചുചേർക്കണം’

Update: 2024-05-11 12:10 GMT
Advertising

ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിൽ കഴിഞ്ഞ മൂന്ന് ഘട്ടത്തിലെയും യഥാർഥ പോളിങ് കണക്കുകൾ തെരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തുവിടാത്തതിനെതിരെ മാധ്യമപ്രവർത്തകർ. ഇതുസംബന്ധിച്ച് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ചു.

യഥാർഥ കണക്ക് പുറത്തുവിടാത്തതിൽ ഞെട്ടലും ആശ്ചര്യവും അറിയിച്ച കത്തിൽ, ഓരോ ഘട്ടത്തിന് ശേഷവും തെരഞ്ഞെടുപ്പ് കമ്മീഷൻ വാർത്താസമ്മേളനം വിളിച്ചുചേർക്കണമെന്നും ആവശ്യപ്പെട്ടു. പ്രസ് ക്ലബ് ഓഫ് ഇന്ത്യ, പ്രസ് അസോസിയേഷൻ, ഇന്ത്യൻ വിമൻ പ്രസ് കോർപ്, ഡൽഹി യൂണിയൻ ഓഫ് ജേർണലിസ്റ്റ്സ്, ഫോറീൻ കറസ്​പോണ്ടന്റ് ക്ലബ് എന്നിവ ചേർന്നാണ് കത്തയച്ചത്.

രാജ്യത്തുടനീളം മൂന്ന് ഘട്ടങ്ങളിലായി വോട്ടെടുപ്പ് പൂർത്തിയായിട്ടും തെരഞ്ഞെടുപ്പ് കമ്മീഷൻ ഒരു വാർത്താസമ്മേളനം പോലും നടത്താത്തതിൽ മാധ്യമപ്രവർത്തകരായ ഞങ്ങൾ നിരാശരാണെന്ന് കത്തിൽ പറയുന്നു. 2019ൽ നടന്ന പൊതുതെരഞ്ഞെടുപ്പ് വരെ ഓരോ ഘട്ട പോളിങിന് ശേഷവും വാർത്താസമ്മേളനം നടത്തുന്നതാണ് സാധാരണ രീതി.

ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യങ്ങളിലൊന്നായ ഇന്ത്യയിൽ ജനാധിപത്യത്തിന്റെ ഉത്സവമായിട്ടാണ് പൊതുതെരഞ്ഞെടുപ്പ് കണക്കാക്കുന്നത്. ഭരണഘടനാ സ്ഥാപനമായ ഇന്ത്യൻ തെരഞ്ഞെടുപ്പ് കമ്മീഷനിൽ നിന്ന് വോട്ടിംഗ് ദിവസം എന്താണ് സംഭവിച്ചതെന്ന് അറിയാൻ പൗരന്മാർക്ക് എല്ലാ അവകാശവുമുണ്ട്.

മാധ്യമപ്രവർത്തകർക്ക് വാർത്താസമ്മേളനങ്ങൾ വഴി അവരുടെ സംശയങ്ങളും ആശയക്കുഴപ്പങ്ങളും ദൂരീകരിക്കാൻ സാധിക്കും. അതുവഴി വായനക്കാർക്ക് പിശകില്ലാതെ വിവരങ്ങൾ നൽകുകയും ചെയ്യാം. മാധ്യമപ്രവർത്തകർ പൗരന്മാരെ കൃത്യമായി അറിയിക്കുകയും നടന്നുകൊണ്ടിരിക്കുന്ന തെരഞ്ഞെടുപ്പിനെക്കുറിച്ചുള്ള വിവരങ്ങൾ എത്തിക്കുകയും ചെയ്യുന്നുണ്ട്. വാർത്താസമ്മേളനത്തിൽ ഇലക്‌ട്രോണിക് മാധ്യമങ്ങൾ വഴി തെരഞ്ഞെടുപ്പ് കമ്മീഷണർക്ക് നേരിട്ട് വോട്ടർമാരോട് സംസാരിക്കുകയും ചെയ്യാം.

കഴിഞ്ഞ മൂന്ന് ഘട്ടങ്ങളിലും പോൾ ചെയ്ത വോട്ടുകളുടെ യഥാർഥ കണക്ക് കമ്മീഷൻ പുറത്തുവിടാത്തത് ഞങ്ങളെ ഞെട്ടിക്കുകയും ആശ്ചര്യപ്പെടുത്തുകയും ചെയ്യുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പുകളിൽ ഇതായിരുന്നില്ല സ്ഥിതി. ഈ സംഭവവികാസങ്ങൾ തെരഞ്ഞെടുപ്പ് വിശ​്വാസ്യതയെക്കുറിച്ച് ജനങ്ങളുടെ മനസ്സിൽ ആശങ്കയുണ്ടാക്കിയിട്ടുണ്ട്.

ഈ സാഹചര്യത്തിൽ, വോട്ടെടുപ്പിൻ്റെ ഓരോ ഘട്ടത്തിനും ശേഷവും തെരഞ്ഞെടുപ്പ് കമ്മീഷൻ വാർത്താസമ്മേളനം നടത്തണമെന്ന് ഞങ്ങൾ ആവശ്യപ്പെടുന്നു. കൂടാതെ, പോൾ ചെയ്ത വോട്ടുകളുടെ യഥാർഥ കണക്കും ശതമാനവും ഉൾപ്പെടെ മുഴുവൻ വോട്ടെടുപ്പ് വിവരങ്ങളും പോളിങ്ങിൻ്റെ അടുത്ത ദിവസം തന്നെ പുറത്തുവിടണമെന്ന് ഞങ്ങൾ ആവശ്യപ്പെടുന്നു. തെരഞ്ഞെടുപ്പ് സംവിധാനത്തിൽ വോട്ടർമാരുടെ വിശ്വാസം ഉയർത്തിപ്പിടിക്കാൻ ഇത്തരം സുതാര്യ പ്രവർത്തനങ്ങൾ ആവശ്യമാണ്. നിങ്ങൾ ഈ ആവശ്യങ്ങൾ അംഗീകരിക്കുകയും അവയിൽ ഉടനടി നടപടി സ്വീകരിക്കുകയും ചെയ്യുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നുവെന്നും കത്തിൽ സൂചിപ്പിച്ചു.

തെരഞ്ഞെടുപ്പ് കമ്മീഷൻ യഥാർഥ പോളിങ് ശതമാനം പുറത്തുവിടാൻ വൈകുന്നതിനെതിരെ ഇൻഡ്യാ മുന്നണിയും പ്രതിഷേധവുമായി രംഗത്ത് വന്നിട്ടുണ്ട്. വിഷയത്തിൽ കോൺഗ്രസ് അധ്യക്ഷൻ മല്ലികാര്‍ജുന്‍ ഖാർഗെ ഇൻഡ്യാ മുന്നണി നേതാക്കൾക്ക് കത്തയച്ചിരുന്നു. ആദ്യഘട്ട തെരെഞ്ഞടുപ്പിലെ പോളിങ് കണക്കുകള്‍ 11 ദിവസം കഴിഞ്ഞും, രണ്ടാം ഘട്ടത്തിലെ കണക്കുകൾ 4 ദിവസം കഴിഞ്ഞുമാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തുവിട്ടത്. ഇതിനു പിന്നാലെയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിശ്വാസ്യതയിൽ സംശയം പ്രകടിപ്പിച്ച് മല്ലികാർജ്ജുൻ ഖാർഗെ ഇൻഡ്യാ മുന്നണി നേതാക്കൾക്ക് കത്തയച്ചത്.

ജനാധിപത്യത്തെ സംരക്ഷിക്കാനും തെരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവാദിത്തത്തോടെ കാര്യങ്ങൾ നിർവഹിക്കാനുമായി ശബ്ദമുയർത്തേണ്ടത് മുന്നണിയുടെ കടമയാണെന്ന് ഖാർഗെ കത്തിൽ ചൂണ്ടിക്കാട്ടി. തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ നടപടിക്കെതിരെ പ്രതിഷേധിക്കണം. ജനാധിപത്യത്തെയും ഭരണഘടനയെയും സംരക്ഷിക്കാനുള്ള തെരഞ്ഞെടുപ്പാണ് നടക്കുന്നതെന്നും ഖാർഗെ കത്തിൽ അറിയിച്ചു.

എന്നാൽ, ഈ കത്തിനെതിരെ കഴിഞ്ഞദിവസം തെരഞ്ഞെടുപ്പ് കമ്മീഷൻ രംഗത്തുവന്നിരുന്നു. ഖാർഗെയുടെ കത്തിനെ കമ്മീഷൻ ശക്തമായി അപലപിച്ചു. ആരോപണങ്ങൾ അനാവശ്യവും തെറ്റിദ്ധാരണ പരത്തുന്നതും ആശയക്കുഴപ്പം സൃഷ്ടിക്കുന്നതുമാണെന്നും കമ്മീഷൻ വ്യക്തമാക്കി. എന്നാൽ, ഇതിന് പിന്നാലെയാണ് മാധ്യമപ്രവർത്തകൾ തെരഞ്ഞെടുപ്പ് കമ്മീഷന് കത്തയക്കുന്നത്. 

 

Tags:    

Writer - വി.കെ. ഷമീം

Senior Web Journalist

Editor - വി.കെ. ഷമീം

Senior Web Journalist

By - Web Desk

contributor

Similar News