'പ്രധാനമന്ത്രിയുടെ പരിപാടി റിപ്പോർട്ട് ചെയ്യാൻ സ്വഭാവ സർട്ടിഫിക്കറ്റ് വേണം': മാധ്യമപ്രവർത്തകർക്ക് നിബന്ധന
ഓൾ ഇന്ത്യ റേഡിയോ, ദൂര്‍ദര്‍ശനന്‍ ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ സ്ഥാപനങ്ങൾക്കും നിബന്ധന ബാധകമാണ്.
ഷിംല: ഹിമാചല്‍ പ്രദേശില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പരിപാടി റിപ്പോര്‍ട്ട് ചെയ്യാൻ പാസ് ലഭിക്കണമെങ്കിൽ മാധ്യമ പ്രവർത്തകർ സ്വഭാവ സര്‍ട്ടിഫിക്കറ്റ് കാണിക്കണമെന്ന് അധികൃതരുടെ നിബന്ധന. ബിലാസ്പൂർ എയിംസ് ഉദ്ഘാടനം, കുളു ദസ്‌റ എന്നിവയില്‍ പങ്കെടുക്കാനാണ് പ്രധാനമന്ത്രി ഹിമാചലില്‍ എത്തുന്നത്.
നാളെയാണ് മോദിയുടെ ഹിമാചല്‍ സന്ദര്‍ശനം. ഓൾ ഇന്ത്യ റേഡിയോ, ദൂര്‍ദര്‍ശനന്‍ ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ മാധ്യമങ്ങളിലേതു കൂടാതെ സ്വകാര്യ ഉടമസ്ഥതയിലുള്ള പത്ര-ഡിജിറ്റൽ മാധ്യമസ്ഥാപനങ്ങള്‍ക്കും നിബന്ധന ബാധകമാണ്. ജില്ലാ പൊലീസ് മേധാവിയും ജില്ലാ ഭരണകൂടവുമാണ് നിബന്ധന പുറത്തിറക്കിയത്.
പരിപാടിയിൽ പങ്കെടുക്കാനുള്ള ദൂരദർശൻ, ഓൾ ഇന്ത്യ റേഡിയോ ഉൾപ്പെടെയുള്ള മാധ്യമസ്ഥാപനങ്ങളുടെ റിപ്പോർട്ടർമാർ, ഫോട്ടോഗ്രാഫർമാർ, വീഡിയോഗ്രാഫർമാർ എന്നിവരുടെ ലിസ്റ്റ് അവരുടെ സ്വഭാവ സർട്ടിഫിക്കറ്റ് സഹിതം നൽകാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. പാസ് നൽകാൻ ജില്ലാ പബ്ലിക് റിലേഷന്‍ ഓഫീസറെയാണ് ചുമതലപ്പെടുത്തിയിരുന്നത്.
സ്വഭാവ സർട്ടിഫിക്കറ്റ് ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട്, സിഐഡി ഓഫീസുകളിലാണ് നൽകേണ്ടതെന്നും റാലികളിലോ യോഗങ്ങളിലോ ഉള്ള മാധ്യമപ്രവർത്തകരുടെ പ്രവേശനം ഈ ഓഫീസുകൾ തീരുമാനിക്കുമെന്നും ഉത്തരവിൽ പറയുന്നു. "ഈ നിബന്ധന എല്ലാ മാധ്യമപ്രവർത്തകർക്കും ബാധകമാണ്. എസ്.പി, സി.ഐ.ഡി ഉദ്യോഗസ്ഥർ സ്വഭാവ സർട്ടിഫിക്കറ്റുകൾ ആവശ്യപ്പെടുന്നുണ്ട്"- ജില്ലാ പബ്ലിക് റിലേഷൻ ഓഫീസർ പറഞ്ഞു.
തീരുമാനത്തിനിതിരെ കോണ്‍ഗ്രസ്, ആംആദ്മി ഉൾപ്പെടെയുള്ള പാർട്ടികൾ രംഗത്തുവന്നു. സംഭവം മാധ്യമസ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റമാണെന്ന് കോൺഗ്രസ് കുറ്റപ്പെടുത്തി. തന്റെ 22 വർഷത്തെ പത്രപ്രവർത്തന ജീവിതത്തിൽ ഇതാദ്യമായാണ് ഇത്രയും വിചിത്രമായ ആവശ്യം താൻ കേൾക്കുന്നതെന്ന് എ.എ.പി വക്താവ് പങ്കജ് പണ്ഡിറ്റ് പറഞ്ഞു.
അതേസമയം, ഉത്തരവ് വിവാദമായതോടെ അധികൃതർ ഇത് പിൻവലിച്ചു. സെപ്തംബറില്‍ 24ന് മോദിയുടെ സന്ദര്‍ശനം നിശ്ചയിച്ചിരുന്നെങ്കിലും കാലാവസ്ഥ പ്രതികൂലമായതിനാല്‍ മാറ്റിവയ്ക്കുകയായിരുന്നു. ഈ വര്‍ഷം തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഹിമാചലിൽ മോദിയുടെ സന്ദർശനത്തിന് ഏറെ രാഷ്ട്രീയ പ്രാധാന്യമുണ്ട്.