കനയ്യ മറ്റൊരു സിദ്ദു; കോൺഗ്രസിനെ തകർക്കുമെന്ന് ആർ.ജെ.ഡി
"കനയ്യ കോൺഗ്രസിൽ ചേർന്നത് ഒരു മാറ്റവും സൃഷ്ടിക്കില്ല"
കനയ്യ കോൺഗ്രസിൽ ചേർന്നതിനെ പരിഹസിച്ച് ബിഹാറിലെ മുഖ്യപ്രതിപക്ഷമായ ആർ.ജെ.ഡി. കനയ്യ കോൺഗ്രസിനെ തകർക്കുന്ന നവജ്യോത് സിങ് സിദ്ദുവിനെ പോലെയാണെന്നും ആർ.ജെ.ഡി നേതാവ് ശിവാനന്ദ് തിവാരി പറഞ്ഞു.
കോൺഗ്രസിനെ മുങ്ങുന്ന കപ്പലെന്ന് വിശേഷിപ്പിച്ച അദ്ദേഹം കനയ്യ കുമാർ പാർട്ടിയിലെത്തിയത് വലിയ മാറ്റമൊന്നുമുണ്ടാക്കില്ലെന്നും അഭിപ്രായപ്പെട്ടു. "അദ്ദേഹം പാർട്ടിയെ കൂടുതൽ തകർക്കുന്ന മറ്റൊരു നവജ്യോത് സിങ് സിദ്ദുവിനെ പോലെയാണ്. " - "കോൺഗ്രസ് രക്ഷിക്കപ്പെടേണ്ട വലിയ കപ്പലാണെന്ന" കനയ്യയുടെ പ്രസ്‍താവനയോട് ശിവാനന്ദ് തിവാരിയുടെ പ്രതികരണം ഇതായിരുന്നു.
"കനയ്യ കോൺഗ്രസിൽ ചേർന്നത് ഒരു മാറ്റവും സൃഷ്ടിക്കില്ല. അദ്ദേഹത്തിന് പാർട്ടിയെ രക്ഷിക്കാൻ കഴിയില്ല. കോൺഗ്രസ് ഒരു മുങ്ങുന്ന കപ്പലാണ്. അതിന് ഭാവിയില്ല." അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ആർ.ജെ.ഡിയോട് കൂടിയാലോചിക്കാതെ കനയ്യ കുമാറിനെ കോൺഗ്രസിലെടുത്തതിൽ പാർട്ടിയിൽ അതൃപ്തിയുണ്ട്.കഴിഞ്ഞ വർഷം നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ എൻ.ഡി.എ ക്കെതിരെ മത്സരിച്ച ആർ.ജെ.ടിയുടെ നേതൃത്വത്തിലുള്ള മഹാസഖ്യത്തിൻറെ ഭാഗമാണ് കോൺഗ്രസ്.
അതേസമയം, കോൺഗ്രസിൽ ചേർന്നത് കാലത്തിന്റെ ആവശ്യമാണെന്നും കോൺഗ്രസിന് ഇന്ത്യൻ ജനാധിപത്യത്തിൽ നിർണ്ണായക സ്ഥാനമുണ്ടെന്നും കനയ്യ കുമാർ പറഞ്ഞു. മീഡിയവണിനോട് സംസാരിക്കവേയാണ് പുതുതായി കോൺഗ്രസിൽ ചേർന്ന മുൻ സി.പി.ഐ നേതാവ് ഇക്കാര്യം പറഞ്ഞത്.