'സ്ത്രീകള്‍ സ്വയം രക്ഷക്ക് വേണ്ടി ത്രിശൂലങ്ങൾ വീട്ടിൽ സൂക്ഷിക്കണം'; ആഹ്വാനവുമായി ബി.ജെ.പി നേതാവ്
പ്രസ്താവന ശരിയല്ലെന്നും ഭരണകൂടം പരിശോധിക്കണമെന്നും തൃണമൂൽ എംഎൽഎ
കൊൽക്കത്ത: പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസിനെ പ്രതിരോധിക്കാൻ ത്രിശൂലങ്ങൾ വീട്ടിൽ സൂക്ഷിക്കണമെന്ന് പശ്ചിമ ബംഗാളിലെ ബിജെപി നേതാവ്. പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ തൃണമൂൽ കോണ്‍ഗ്രസ് അക്രമാസക്തമാകുമെന്നും ബി.ജെ.പി പ്രവർത്തകരെ സംരക്ഷിക്കാൻ സ്ത്രീകൾ വീട്ടിൽ ത്രിശൂലം സൂക്ഷിക്കണമെന്നും ബിജെപി നേതാവ് രാജു ബന്ദോപാധ്യായ പറഞ്ഞു.
കൊൽക്കത്തയുടെ പ്രാന്തപ്രദേശത്ത് നടന്ന ജഗധാത്രി പൂജ പരിപാടിയിയിലായിരുന്നു നേതാവിന്റെ ആഹ്വാനം. 'പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസ് ബോംബും ബുള്ളറ്റും ഉപയോഗിക്കും. സ്വയരക്ഷയ്ക്ക് നമുക്ക് എന്തുണ്ടാകും? സ്വയം സംരക്ഷിക്കാൻ ത്രിശൂലം ഞങ്ങൾക്കുണ്ടാകും. എല്ലാ അമ്മമാരും സഹോദരിമാരും ത്രിശൂലങ്ങൾ വീട്ടിൽ സൂക്ഷിക്കണം. പശ്ചിമ ബംഗാളിലെ സ്ഥിതി ഇതാണെന്നും അദ്ദേഹം പറഞ്ഞു.
ബി.ജെ.പി നേതാവിന്റെ പ്രസ്താവന ശരിയല്ലെന്നും ഭരണകൂടം പരിശോധിക്കണമെന്നും തൃണമൂൽ എംഎൽഎ തപസ് റോയ് പറഞ്ഞു. 'ആളുകൾ വീട്ടിൽ ത്രിശൂലങ്ങൾ സൂക്ഷിക്കണമെന്ന് അവർ ആഗ്രഹിക്കുന്നു. ബംഗാളിലെ രാഷ്ട്രീയത്തെയും സമാധാനത്തെയും ക്രമസമാധാനത്തെയും ഇത് ബാധിക്കും. അവർക്ക് ബംഗാളിൽ സമാധാനം വേണ്ട. ബംഗാളിനെ കുറിച്ച് അവർ ചിന്തിക്കുന്നില്ല. പക്ഷേ ഞങ്ങൾ ബംഗാളിനെ കുറിച്ചും അതിന്റെ സംസ്‌കാരത്തെ കുറിച്ചും പാരമ്പര്യങ്ങളെ കുറിച്ചും ചിന്തിക്കുന്നു. അതിനാലാണ് ഞങ്ങൾക്ക് അത്തരം കാര്യങ്ങൾ പറയാൻ കഴിയാത്തത്,'' തൃണമൂൽ നേതാവ് പറഞ്ഞു.
അടുത്ത വർഷം ആദ്യമാണ് പഞ്ചായത്ത് തെരഞ്ഞെടുപ്പ് നടക്കുന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ബംഗാളിൽ വ്യാപക അക്രമം നടന്നിരുന്നു.