ഇൻഡ്യാ മുന്നണി വിജയിച്ചാൽ ജൂൺ അഞ്ചിന് തന്നെ ജയിലിൽ നിന്ന് മടങ്ങിയെത്തും -കെജ്രിവാൾ

‘തിഹാർ ജയിലിലെ ദൃശ്യങ്ങൾ മോദിയും നിരീക്ഷിക്കുന്നു’

Update: 2024-05-13 12:50 GMT
Advertising

ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇൻഡ്യാ മുന്നണി വിജയിച്ചാൽ, ജൂൺ അഞ്ചിന് തന്നെ താൻ തിഹാർ ജയിലിൽ നിന്ന് മടങ്ങിയെത്തുമെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. തിഹാറിലെ തന്റെ സെല്ലിനകത്ത് രണ്ട് സി.സി.ടി.വി കാമറകളുണ്ട്. അതിലെ ദൃശ്യങ്ങൾ നിരീക്ഷിക്കാൻ 13 ഉദ്യോഗസ്ഥരുമുണ്ട്.

ഈ ദൃശ്യങ്ങൾ പ്രധാനമന്ത്രിയുടെ ഓഫീസിനും നൽകുന്നുണ്ടെന്നാണ് പറയപ്പെടുന്നത്. മോദിയും തന്നെ നിരീക്ഷിക്കുകയാണ്. മോദിക്ക് എന്തിനാണ് ത​ന്നോട് ഇത്ര പകയെന്ന് അറിയില്ലെന്നും കെജ്രിവാൾ പറഞ്ഞു.

രാത്രി താൻ ബാത്ത് റൂമിൽ പോകുന്നത് എപ്പോഴാണെന്നത് പോലും അവർ നിരീക്ഷിക്കുന്നുണ്ട്. കെജ്‌രിവാൾ തകർന്നോ ഇല്ലയോ എന്ന് കാണാൻ മോദി ആഗ്രഹിക്കുന്നു. കെജ്രിവാൾ നിരാശനല്ല. ഹനുമാൻ്റെ അനുഗ്രഹം എനിക്കുണ്ടെന്ന് അവരോട് പറയാൻ ആഗ്രഹിക്കുന്നു. കെജ്‌രിവാളിനെ ഇങ്ങനെ തകർക്കാമെന്ന് അവർ കരുതുന്നു. പക്ഷേ അവർക്കത് സാധിക്കില്ല. മോദി ജി ദൈവമല്ല’ -കെജ്രിവാൾ പറഞ്ഞു.

താൻ ജൂൺ രണ്ടിന് തിഹാർ ജയിലിലേക്ക് പോകും. ജൂൺ നാലിന് ജയിലിനുള്ളിൽ വെച്ച് തെരഞ്ഞെടുപ്പ് ഫലം വീക്ഷിക്കും. താൻ കഠിനാധ്വാനം ചെയ്യുകയും ഇൻഡ്യാ മുന്നണി വിജയിക്കുകയും ചെയ്താൽ ജൂൺ 5ന് താൻ വീണ്ടും പുറത്തുവരും. ഇപ്പോൾ കഠിനാധ്വാനം ചെയ്തില്ലെങ്കിൽ എപ്പോൾ വീണ്ടും കണ്ടുമുട്ടാനാകുമെന്ന് തനിക്കറിയില്ലെന്നും കെജ്രിവാൾ പറഞ്ഞു.

Tags:    

Writer - വി.കെ. ഷമീം

Senior Web Journalist

Editor - വി.കെ. ഷമീം

Senior Web Journalist

By - Web Desk

contributor

Similar News