കേന്ദ്രത്തിൽ പിടിയുണ്ടെന്നു വിശ്വസിപ്പിച്ച് 65 ലക്ഷം തട്ടി; മലയാളി ദമ്പതികൾ അറസ്റ്റിൽ

വിദേശമദ്യ വ്യവസായത്തിന്‍റെ പേരിലാണ് ഹൈദരാബാദ് സ്വദേശിയായ വ്യവസായിയില്‍നിന്ന് പ്രതികള്‍ ലക്ഷങ്ങള്‍ തട്ടിയത്

Update: 2023-08-15 04:27 GMT
Editor : Shaheer | By : Web Desk
Advertising

ബംഗളൂരു: സാമ്പത്തിക തട്ടിപ്പുകേസിൽ മലയാളി ദമ്പതികളെ ബംഗളൂരു പൊലീസ് അറസ്റ്റ് ചെയ്തു. തൃശൂർ സ്വദേശികളായ സുബീഷ് പി. വാസു(31), ശിൽപ ബാബു(27) എന്നിവരാണ് പിടിയിലായത്. മദ്യവ്യാപാരത്തിൽ പങ്കാളിത്തം വാഗ്ദാനം ചെയ്ത് ഹൈദരാബാദ് സ്വദേശിയായ വ്യവസായി കെ.ആർ കമലേഷിൽനിന്ന് 65 ലക്ഷം രൂപ തട്ടിയ കേസിലാണ് നടപടിയെന്ന് കന്നട മാധ്യമം 'ഉദയവാണി' റിപ്പോർട്ട് ചെയ്തു.

കൊല്ലം കരുനാഗപ്പള്ളിയിൽ വച്ചാണ് പ്രതികൾ പിടിയിലായത്. ഇവരെ പിന്നീട് ബംഗളൂരുവിൽനിന്ന് പൊലീസെത്തി അറസ്റ്റ് രേഖപ്പെടുത്തി. കേന്ദ്ര-സംസ്ഥാന സർക്കാരുകളിൽ സ്വാധീനമുണ്ടെന്നു വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്. ബിസിനസ് എക്‌സ്‌ചേഞ്ച് ഗ്രൂപ്പ് എൽ.എൽ.പി എന്ന പേരിൽ ഒരു കമ്പനി ആരംഭിച്ചായിരുന്നു ഇവർ വലയൊരുക്കിയത്. വിദേശമദ്യം ഇറക്കുമതി ചെയ്യുന്ന പുതിയ സംരംഭം തുടങ്ങുന്നുവെന്നു പറഞ്ഞായിരുന്നു ഹൈദരാബാദ് സ്വദേശിയെ ഇവർ സമീപിച്ചത്.

മദ്യം വിദേശത്തുനിന്ന് ഇറക്കുമതി ചെയ്ത് വിവിധ സംസ്ഥാനങ്ങളിൽ വിതരണം ചെയ്യുന്ന ബിസിനസാണ് ഇവർ ഹൈദരാബാദ് വ്യവസായിക്കുമുന്നിൽ അവതരിപ്പിച്ചത്. ഇതിൽ വൻ ലാഭമുണ്ടാകുമെന്നു പറഞ്ഞായിരുന്നു ലക്ഷങ്ങൾ ആവശ്യപ്പെട്ടത്. തുടർന്ന് 65 ലക്ഷം രൂപ കമലേഷ് വ്യാജ കമ്പനിയുടെ അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്തു. കരാറിൽ ഒപ്പുവയ്ക്കുകയും ചെയ്തു. എന്നാൽ, ഏറെ നാളായിട്ടും വാഗ്ദാനം നൽകിയ സംരംഭം ആരംഭിക്കാത്തതിനാൽ ഇദ്ദേഹം പണം തിരികെചോദിച്ചു.

എന്നാൽ, പ്രതികൾ പണം മടക്കിക്കൊടുത്തില്ല. തുടർന്നാണ് എ.എ.എൽ പൊലീസിൽ കമലേഷ് പരാതി നൽകിയത്. വിവിധ രാഷ്ട്രീയനേതാക്കളുടെയും കേന്ദ്ര-സംസ്ഥാന സർക്കാർ വൃത്തങ്ങളുടെയും പ്രമുഖ വ്യക്തികളുടെയുമെല്ലാം പേര് ദുരുപയോഗം ചെയ്തായിരുന്നു പ്രതികളുടെ തട്ടിപ്പെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

Summary: Kerala couple arrested in 65 lakh's liquor business scam

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News