തെലങ്കാനയില്‍ വന്‍ വ്യവസായ പരീക്ഷണത്തിന് കിറ്റെക്സ്; 1,000 കോടിയുടെ നിക്ഷേപം നടത്തും
രണ്ടു വർഷത്തിനകം തെലങ്കാനയിൽ 1,000 കോടി രൂപയുടെ നിക്ഷേപമിറക്കും. കാക്കത്തിയ മെഗാ ടെക്‌സ്‌റ്റൈൽ പാർക്കിലാണ് പദ്ധതി വരുന്നത്
തെലങ്കാനയിൽ കിറ്റെക്‌സ് ആയിരം കോടിയുടെ നിക്ഷേപം നടത്തും. സംസ്ഥാനത്ത് ടെക്‌സ്‌റ്റൈൽ അപ്പാരൽ പദ്ധതി തുടങ്ങാൻ തെലങ്കാന സർക്കാരുമായി കരാറുണ്ടാക്കി. കിറ്റെക്‌സ് എംഡി സാബു എം ജേക്കബിന്റെ നേതൃത്വത്തിലുള്ള സംഘം തെലങ്കാന വ്യവസായ മന്ത്രി കെടി രാമറാവുവുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് നിക്ഷേപത്തിന് ധാരണയായത്.
രണ്ടു വർഷത്തിനകം തെലങ്കാനയിൽ 1,000 കോടി രൂപയുടെ നിക്ഷേപം നടത്താനാണ് കൂടിക്കാഴ്ചയിൽ ധാരണയായത്. കാക്കത്തിയ മെഗാ ടെക്‌സ്‌റ്റൈൽ പാർക്കിലാണ് പദ്ധതി. ഇതുവഴി 4,000 പേർക്ക് തൊഴിലവസരം നൽകാനാകുമെന്ന് കിറ്റെക്‌സ് പറയുന്നു.
തെലങ്കാനയിൽ പുതിയ വ്യവസായ സംരംഭങ്ങൾ തുടങ്ങാനുള്ള ചർച്ചയ്ക്കായി ഹൈദരാബാദിലെത്തിയതായിരുന്നു കിറ്റെക്സ് സംഘം. തെലങ്കാന സർക്കാർ അയച്ച പ്രത്യേക വിമാനത്തിലാണ് ഇവർ ഇവിടെയെത്തിയത്. മന്ത്രി കെടി രാമറാവുവുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷം സംഘം വാറങ്കൽ കാക്കത്തിയ മെഗാ ടെക്സ്റ്റൈൽ പാർക്ക് സന്ദർശിച്ചു. പാർക്കിൽ പുതിയ സംരംഭം തുടങ്ങാനുള്ള സ്ഥലവും പരിശോധിക്കുകയും ചെയ്തു. വാറങ്കൽ ജില്ലാ കലക്ടറും സംഘത്തോടൊപ്പമുണ്ടായിരുന്നു.
കേരളത്തിന് പുറത്ത് പുതിയ നിക്ഷേപങ്ങൾ നടത്താനാണ് കിറ്റെക്സിന്റെ തീരുമാനം. പിടിച്ചുനിൽക്കാനായില്ലെങ്കിൽ നിലവിലുള്ള വ്യവസായംകൂടി കേരളത്തിനു പുറത്തേക്ക് മാറ്റുന്നതു സംബന്ധിച്ച് ആലോചിക്കേണ്ടിവരുമെന്ന് കമ്പനി വൃത്തങ്ങൾ സൂചിപ്പിക്കുന്നു. മന്ത്രിയുമായുള്ള കൂടിക്കാഴ്ചയും വ്യവസായമേഖലയിലെ സന്ദർശവും പ്രതീക്ഷ നൽകുന്നതാണെന്ന് കിറ്റെക്സ് എംഡി സാബു എം. ജേക്കബ് പ്രതികരിച്ചു. നാളെ ഉന്നത ഉദ്യോഗസ്ഥരുമായി വീണ്ടും സംഘം ചർച്ച നടത്തുമെന്നാണ് അറിയുന്നത്.
3,500 കോടി രൂപയുടെ നിക്ഷേപം കേരളത്തിൽനിന്ന് പിൻവലിക്കുമെന്ന് പറഞ്ഞിട്ട് ആരും തിരിഞ്ഞുനോക്കിയില്ലെന്നായിരുന്നു തെലങ്കാനയിലേക്ക് പുറപ്പെടുംമുമ്പ് സാബു ജേക്കബ് മാധ്യമങ്ങളോട് പറഞ്ഞത്. സംസ്ഥാന സർക്കാർ തന്നെ ചവിട്ടിപ്പുറത്താക്കുകയായിരുന്നു. മൃഗത്തെപ്പോലെ വേട്ടയാടിയെന്നും അദ്ദേഹം ആരോപിച്ചു.