'കുമാരസ്വാമി പേടിച്ചിരിക്കുന്നു, ഒരു കോണ്‍സ്റ്റബിള്‍ മതി അദ്ദേഹത്തെ അറസ്റ്റ് ചെയ്യാന്‍'; പരിഹാസവുമായി സിദ്ധരാമയ്യ

കുമാരസ്വാമിയെ വിചാരണ ചെയ്യാൻ കർണാടക ലോകായുക്തയുടെ പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) കർണാടക ഗവർണർ തവർ ചന്ദ് ഗെലോട്ടിൻ്റെ അനുമതി തേടിയിരുന്നു

Update: 2024-08-22 06:48 GMT
Editor : Jaisy Thomas | By : Web Desk
Advertising

ബെംഗളൂരു: കേന്ദ്രമന്ത്രിയും ജെഡിഎസ് നേതാവുമായ എച്ച്‌.ഡി കുമാരസ്വാമിയെ പരിഹസിച്ച് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. കുമാരസ്വാമി ആകെ ഭയപ്പെട്ടിരിക്കുകയാണെന്നും ഒരു കോണ്‍സ്റ്റബിള്‍ മതി അദ്ദേഹത്തെ അറസ്റ്റ് ചെയ്യാനെന്നും സിദ്ധരാമയ്യ പറഞ്ഞു. അനധികൃത ഭൂമി ഖനന കേസിൽ കുമാരസ്വാമിയെ വിചാരണ ചെയ്യാൻ കർണാടക ലോകായുക്തയുടെ പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) കർണാടക ഗവർണർ തവർ ചന്ദ് ഗെലോട്ടിൻ്റെ അനുമതി തേടിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് സിദ്ധരാമയ്യയുടെ പ്രതികരണം.

ഇന്ന് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സിദ്ധരാമയ്യെക്കെതിരെ കുമാരസ്വാമി ആഞ്ഞടിച്ചിരുന്നു. ''എന്നെ അറസ്റ്റ് ചെയ്യണമെങ്കില്‍ നൂറ് സിദ്ധരാമയ്യമാര്‍ വേണ്ടിവരും. എന്നെ കാണുമ്പോള്‍ എനിക്ക് പേടിയുണ്ടെന്ന് തോന്നുന്നുണ്ടോ?'' എന്നാണ് കേന്ദ്രമന്ത്രി ചോദിച്ചത്. എന്നാല്‍ നൂറ് സിദ്ധരാമയ്യമാര്‍ വേണ്ട, വെറുമൊരു കോണ്‍സ്റ്റബിള്‍ മതി കുമാരസ്വാമിയെ അറസ്റ്റ് ചെയ്യാനെന്നായിരുന്നു കര്‍ണാടക മുഖ്യമന്ത്രിയുടെ പ്രതികരണം. താന്‍ അറസ്റ്റ് ചെയ്യുന്നില്ലെന്നും അത് പൊലീസ് ചെയ്തോളുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പേടിയില്ലായിരുന്നെങ്കിൽ ഇന്ന് കുമാരസ്വാമി പത്രസമ്മേളനം നടത്തില്ലായിരുന്നുവെന്നും സിദ്ധരാമയ്യ പരിഹസിച്ചു.

മുഡ അഴിമതിക്കേസില്‍ കുറ്റവിചാരണ ചെയ്യാന്‍ ഗവര്‍ണര്‍ അനുമതി നല്‍കിയതിനെതിരെ സിദ്ധരാമയ്യ കോടതിയെ സമീപിച്ചതുപോലെ താനൊരിക്കലും ചെയ്യില്ലെന്നും ആവശ്യമെങ്കില്‍ രാജിവയ്ക്കുമെന്നും കുമാരസ്വാമി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. "ഗവർണറുടേത് ഭരണഘടനാപരമായ പദവിയാണ്, ഞങ്ങൾ അതിനെ ബഹുമാനിക്കുന്നു, അദ്ദേഹം പ്രവർത്തിക്കേണ്ടത് രാഷ്ട്രപതിയുടെ പ്രതിനിധിയായാണ്. അല്ലാതെ കേന്ദ്ര സർക്കാരിൻ്റെ പ്രതിനിധിയായിട്ടല്ല'' എന്ന് ചൊവ്വാഴ്ച സിദ്ധരാമയ്യ ഗവർണർ ഗെലോട്ടിനെ വിമർശിച്ചിരുന്നു. അനധികൃത ഭൂമി ഖനനക്കേസിൽ കുമാരസ്വാമിയെ പ്രോസിക്യൂട്ട് ചെയ്യാൻ കർണാടക ലോകായുക്ത ഗവർണറുടെ അനുമതി തേടിയതിന് പിന്നാലെയായിരുന്നു ഈ പരാമർശം. എന്നാല്‍ ശ്രീ സായി വെങ്കിടേശ്വര മിനറൽസുമായി ബന്ധപ്പെട്ട അഴിമതിയുമായി ബന്ധപ്പെട്ട് തനിക്കെതിരെ സുപ്രിം കോടതിയെ സമീപിക്കുന്നതിൽ നിന്ന് മുഖ്യമന്ത്രിയെ തടയുന്നതെന്താണെന്ന് സിദ്ധരാമയ്യയുടെ വിമർശനത്തോട് പ്രതികരിച്ചുകൊണ്ട് കുമാരസ്വാമി ചോദിച്ചു.

2007-ൽ കുമാരസ്വാമി മുഖ്യമന്ത്രിയായിരിക്കെ ശ്രീ സായി വെങ്കടേശ്വര മിനറൽസിന് 550 ഏക്കർ സ്ഥലം പാട്ടത്തിനു നൽകിയതിലാണ് കേസ്. 24 മൈനിങ് കമ്പനികൾ അപേക്ഷ നൽകിയെങ്കിലും വഴിവിട്ട് സായി വെങ്കടേശ്വര മിനറൽസിന് പാട്ടം ഉറപ്പിക്കുകയായിരുന്നെന്നാണ് ആരോപണം. അന്ന് പരാതിയുയർന്നതിനെത്തുടർന്ന് ലോകായുക്ത കേസെടുത്ത് അന്വേഷണം നടത്തുകയായിരുന്നു.

അതേസമയം, മുഡ അധികാരികൾക്കായി ഒരു രേഖ വൈറ്റ്നർ ഉപയോഗിച്ച് എഡിറ്റ് ചെയ്തുവെന്ന ജെഡി (എസ്) ആരോപണം സിദ്ധരാമയ്യ നിഷേധിച്ചു. "ജെഡി(എസ്) അവകാശപ്പെടുന്നതുപോലെ ഒരു രേഖയും വൈറ്റ്നർ ഉപയോഗിച്ച് എഡിറ്റ് ചെയ്തിട്ടില്ല. അത്തരം അവകാശവാദങ്ങൾ തെറ്റാണ്,"സംസ്ഥാനത്ത് ബി.ജെ.പി അധികാരത്തിലിരുന്നപ്പോൾ പ്രസ്തുത ഭൂമി തൻ്റെ ഭാര്യക്ക് അനുവദിച്ചതാണെന്നും ഇതിന്‍റെ ഉത്തരവാദിത്തം ആര്‍ക്കാണെന്നും സിദ്ധരാമയ്യ ചോദിച്ചു.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News