നിതീഷ് കുമാറിനായി വാതിലുകൾ തുറന്നിട്ടിരിക്കുന്നുവെന്ന് ലാലു പ്രസാദ് യാദവ്
കഴിഞ്ഞ 10 വർഷത്തിനിടെ രണ്ട് തവണയാണ് നിതീഷ് കുമാർ ആർജെഡിയുമായി സഖ്യമുണ്ടാക്കിയത്.
പട്‌ന: ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിനെ വീണ്ടും ഇൻഡ്യാ സഖ്യത്തിലേക്ക് സ്വാഗതം ചെയ്ത് ആർജെഡി നേതാവ് ലാലു പ്രസാദ് യാദവ്. നിതീഷ് കുമാറിനായി എപ്പോഴും വാതിലുകൾ തുറന്നിട്ടിരിക്കുകയാണെന്ന് ലാലു പറഞ്ഞു. തങ്ങളുടെ വാതിലുകൾ നിതീഷ് കുമാറിനായി തുറന്നിട്ടിരിക്കുകയാണ്. അയാളും തന്റെ ഗെയ്റ്റ് തുറക്കണം. ഇത് ഇരുവശത്തേക്കുമുള്ള ആളുകളുടെ യാത്ര സുഗമമാക്കും എന്നായിരുന്നു ഒരു അഭിമുഖത്തിൽ ലാലു പറഞ്ഞത്.
ബിഹാറിൽ വീണ്ടും ഒരു രാഷ്ട്രീയ മാറ്റം ഉണ്ടാവുമോ എന്ന ചർച്ചകൾക്കാണ് ലാലുവിന്റെ പ്രതികരണം തുടക്കമിട്ടിരിക്കുന്നത്. ലാലുവിന്റെ ക്ഷണം പൂർണമായും നിരസിക്കാൻ നിതീഷും തയ്യാറായിട്ടില്ല. ലാലുവിന്റെ ക്ഷണത്തെ കുറിച്ച് മാധ്യമപ്രവർത്തകർ പ്രതികരണം ആരാഞ്ഞാപ്പോൾ 'നിങ്ങൾ എന്തൊക്കെയാണ് പറയുന്നത്?' എന്ന് ചോദിച്ച് നിതീഷ് ഒഴിഞ്ഞുമാറുകയായിരുന്നു.
ഇടക്കിടെ മുന്നണി മാറുന്ന നിതീഷ് വീണ്ടും ഇൻഡ്യാ സഖ്യത്തിലെത്തുമോ എന്നതാണ് ബിഹാർ രാഷ്ട്രീയത്തിലെ പുതിയ ചർച്ച. കഴിഞ്ഞ 10 വർഷത്തിനിടെ രണ്ട് തവണയാണ് നിതീഷ് കുമാർ ആർജെഡിയുമായി സഖ്യമുണ്ടാക്കിയത്. അതേസമയം ലാലു മാധ്യമപ്രവർത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുക മാത്രമാണ് ചെയ്തതെന്നും മറ്റൊരു രാഷ്ട്രീയ നീക്കവും അതിന് പിന്നിലില്ലെന്നുമായിരുന്നു ലാലുവിന്റെ മകനും പ്രതിപക്ഷനേതാവുമായ തേജസ്വി യാദവിന്റെ പ്രതികരണം. നിതീഷ് കുമാർ നയിക്കുന്ന എൻഡിഎ സർക്കാരിന്റെ ഭരണത്തിന് പുതുവർഷത്തിൽ അവസാനം കുറിക്കുമെന്നും തേജസ്വി പറഞ്ഞു.