ഇന്ത്യ ഹിന്ദുരാഷ്ട്രമല്ലെന്ന് തെരഞ്ഞെടുപ്പ് ഫലം തെളിയിച്ചു-അമര്‍ത്യാ സെന്‍
ഗാന്ധിയുടെയും ടാഗോറിന്റെയും നേതാജിയുടെയും രാജ്യത്തെ ഹിന്ദുരാഷ്ട്രമായി ചിത്രീകരിക്കാന്‍ രാമക്ഷേത്രം നിര്‍മിച്ചത് ശരിയായില്ലെന്നും അമര്‍ത്യാ സെന്‍
കൊല്‍ക്കത്ത: ഇന്ത്യ ഹിന്ദുരാഷ്ട്രമല്ലെന്ന് ലോക്‌സഭാ തെരഞ്ഞെടുപ്പ് തെളിയിച്ചെന്ന് നൊബൈല്‍ ജേതാവും സാമ്പത്തിക ശാസ്ത്രജ്ഞനുമായ അമര്‍ത്യാ സെന്‍. ഗാന്ധിയുടെയും ടാഗോറിന്റെയും നേതാജിയുടെയും രാജ്യത്തെ ഹിന്ദുരാഷ്ട്രമായി ചിത്രീകരിക്കാന്‍ രാമക്ഷേത്രം നിര്‍മിച്ചത് ശരിയായില്ലെന്നും അദ്ദേഹം പറഞ്ഞു. കൊല്‍ക്കത്തയില്‍ നേതാജി സുഭാഷ് ചന്ദ്രബോസ് വിമാനത്താവളത്തല്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു സെന്‍.
'ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കുന്നത് ശരിയല്ല. ഇന്ത്യ ഹിന്ദുരാഷ്ട്രമല്ലെന്നാണ് ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നത്. ഓരോ തെരഞ്ഞെടുപ്പിനുശേഷവും മാറ്റം കാണാന്‍ ആഗ്രഹിക്കുന്നവരാണ് നമ്മള്‍. വിചാരണ കൂടാതെ ആളുകളെ തടവിലിടുന്നതും ദരിദ്രരും ധനികരും തമ്മിലുള്ള വിടവ് വിപുലമാകുന്നതും ഉള്‍പ്പെടെ മുന്‍പ്(ബി.ജെ.പി സര്‍ക്കാരുകളില്‍) സംഭവിച്ചതെല്ലാം ഇപ്പോഴും ആവര്‍ത്തിക്കുകയാണ്. അതിന് ഒരു അന്ത്യമുണ്ടാകണം.'-അമര്‍ത്യാ സെന്‍ പറഞ്ഞു.
ഇന്ത്യ ഒരു മതേതര ഭരണഘടനയുള്ള മതേതര രാജ്യമാണ്. ഇവിടെ രാഷ്ട്രീയമായി തുറന്ന മനസുള്ളവരാവണം എല്ലാവരും. ഇന്ത്യയെ ഹിന്ദുരാജ്യമാക്കുന്നത് ശരിയല്ല. പുതിയ കേന്ദ്ര മന്ത്രിസഭ മുന്‍പ് മന്ത്രിസഭയുടെ തനിപ്പകര്‍പ്പ് തന്നെയാണ്. ഒരേ വകുപ്പുകള്‍ തന്നെ മന്ത്രിമാര്‍ കൈയില്‍വച്ചിരിക്കുന്നു. ചെറിയ പുനഃസംഘടന ഒഴിച്ചുനിര്‍ത്തിയാല്‍ രാഷ്ട്രീയമായി പ്രബലരായുള്ളവരെല്ലാം കരുത്തരായി തന്നെ തുടരുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
'ഞാന്‍ യുവാവായിരുന്ന സമയത്ത് എന്റെ അമ്മാവന്മാരും അനന്തരവന്മാരുമെല്ലാം വിചാരണ കൂടാതെ ജയിലില്‍ കഴിയുകയായിരുന്നു. ഇതില്‍നിന്നെല്ലാം ഇന്ത്യ സ്വതന്ത്രമാകുമെന്നാണു പ്രതീക്ഷിക്കപ്പെട്ടിരുന്നത്. അതിന് അന്ത്യമുണ്ടാക്കാത്തതിന്റെ കുറ്റം കോണ്‍ഗ്രസിനുമുണ്ട്. അവര്‍ അതു മാറ്റാന്‍ നോക്കിയില്ല. എന്നാല്‍, നിലവിലെ സര്‍ക്കാരിനു കീഴില്‍ ഇതൊരു സ്ഥിരം പരിപാടിയായി മാറിയിരിക്കുകയാണ്.'
മഹാത്മാ ഗാന്ധിയുടെയും രബീന്ദ്രനാഥ ടാഗോറിന്റെയും നേതാജി സുഭാഷ് ചന്ദ്രബോസിന്റെയും രാജ്യമായ ഇന്ത്യയെ ഹിന്ദുരാഷ്ട്രമായി ചിത്രീകരിക്കാനായി വന്‍ തുക ചെലവിട്ട് രാമക്ഷേത്രം നിര്‍മിച്ചത് സംഭവിക്കാന്‍ പാടില്ലായിരുന്നു. ഇന്ത്യയുടെ യഥാര്‍ത്ഥ സ്വത്വത്തെ അവഗണിക്കാനുള്ള നീക്കമായിരുന്നു അത്. അത്തരം പരിപാടികള്‍ അവസാനിപ്പിക്കണമെന്നും അമര്‍ത്യ സെന്‍ ആവശ്യപ്പെട്ടു.
Summary: Lok Sabha poll results reject 'Hindu Rashtra' notion, says Amartya Sen