ബംഗാൾ ഉൾക്കടലിലെ ന്യൂനമർദം ശക്തി പ്രാപിച്ചു; ചുഴലിക്കാറ്റായി മാറാൻ സാധ്യത
6 മണിക്കൂറിനുള്ളിൽ തീവ്ര ന്യൂനമർദമാവും
ന്യൂഡൽഹി: തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യുനമർദം ശക്തി കൂടിയ ന്യുനമർദമായി . വടക്ക് പടിഞ്ഞാറു ദിശയിൽ സഞ്ചരിച്ച് അടുത്ത 6 മണിക്കൂറിനുള്ളിൽ വീണ്ടും ശക്തി പ്രാപിച്ചു തീവ്ര ന്യുനമർദമാകും. നാളെയോടെ മധ്യ കിഴക്കൻ ബംഗാൾ ഉൾക്കടലിന് മുകളിൽ ചുഴിക്കാറ്റായി മാറാനാണ് സാധ്യത.
തുടർന്ന് മെയ് പത്തോടെ വടക്കൻ ആന്ധ്രാപ്രദേശ് - ഒഡിഷ തീരത്ത് എത്തിച്ചേരും. പിന്നീട് ദിശ മാറി ഒഡിഷ തീരത്തിന് സമീപത്തേക്ക് നീങ്ങാനാണ് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേരളത്തിൽ അടുത്ത 5 ദിവസം ഇടി മിന്നലൊടു കൂടിയ മഴ തുടരാനാണ് സാധ്യത. ആന്ധ്ര, ഒഡീഷ തീരങ്ങളിൽ അതീവ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.
മത്സ്യതൊഴിലാളികൾ കടലിൽ പോകരുതെന്ന് മുന്നറിയിപ്പുണ്ട്. ആവശ്യമെങ്കിൽ തീരപ്രദേശത്തുള്ളവരെ മാറ്റിപാർപ്പിക്കും. രക്ഷാപ്രവർത്തനത്തിനായി എൻ.ഡി.ആർ.എഫ് സംഘത്തെ വിന്യസിക്കും. തെക്കൻ ആൻഡമാൻ കടലിലും തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിനും മുകളിലായാണ് പുതിയ ന്യൂനമർദം രൂപപ്പെട്ടത്. ശ്രീലങ്കയാണ് ചുഴലിക്കാറ്റിന് അസാനി എന്ന പേര് നിർദേശിച്ചത്.