'അവര്‍ ഞങ്ങളെ കള്ളക്കേസില്‍ കുടുക്കി, എന്‍റെ സഹോദരിമാരെ വില്‍ക്കാന്‍ ഗൂഢാലോചന നടത്തുന്നു'; ലഖ്നൗ കൂട്ടക്കൊലയില്‍ പ്രതിയുടെ കുറ്റസമ്മത വീഡിയോ
പ്രദേശവാസികളാണ് കൊലപാതകത്തിന് കാരണമെന്നാണ് യുവാവിന്‍റെ ആരോപണം
ലഖ്‍നൗ: ലഖ്‍നൗവില്‍ കുടുംബ പ്രശ്നങ്ങളെ തുടര്‍ന്ന് അമ്മയെയും നാല് സഹോദരിമാരെയും ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിയായ യുവാവിന്‍റെ വീഡിയോ പുറത്ത്. കൊലപാതകം നടത്തിയതിനു ശേഷം കുറ്റം സമ്മതിച്ചുകൊണ്ടുള്ള വീഡിയോയാണ് പുറത്തുവന്നിരിക്കുന്നത്.
കൊലപാതകത്തിന് ശേഷം അമ്മയുടെയും സഹോദരിമാരുടെയും മൃതദേഹങ്ങൾ കാണിച്ചുകൊണ്ടാണ് അസദ് വീഡിയോ റെക്കോഡ് ചെയ്തിരിക്കുന്നത്. അസദിന്‍റെ പിതാവിനെയും ദൃശ്യങ്ങളില്‍ കാണാം. പ്രദേശവാസികളാണ് കൊലപാതകത്തിന് കാരണമെന്നാണ് യുവാവിന്‍റെ ആരോപണം. “ഞങ്ങളുടെ പ്രദേശത്തുള്ള ആളുകൾ കാരണം, ഇത് ചെയ്യാതെ എനിക്ക് മറ്റ് മാർഗമില്ലായിരുന്നു. അവര്‍ ഞങ്ങളുടെ വീട്ടിലെത്തി എണ്ണിയാലൊടുങ്ങാത്ത ക്രൂരതകൾ ചെയ്തു. ശബ്ദം ഉയർത്തിയിട്ടും ആരും ചെവിക്കൊണ്ടില്ല. ഞങ്ങൾ ദിവസങ്ങളായി ഈ കൊടും തണുപ്പിൽ അലഞ്ഞുതിരിയുകയാണ്''. റാനു എന്ന അഫ്താബ് അഹമ്മദ്, അലീം ഖാൻ, സലീം ഖാൻ തുടങ്ങിയവര്‍ തൻ്റെ കുടുംബത്തെ കള്ളക്കേസിൽ കുടുക്കി സഹോദരിമാരെ വിൽക്കാൻ ഗൂഢാലോചന നടത്തുകയാണെന്ന് അസദ് ആരോപിക്കുന്നു. ഇവരില്‍ നിന്നും കുടുംബത്തെ രക്ഷിക്കാനാണ് കൊലപാതകം നടത്തിയതെന്നും യുവാവ് പറഞ്ഞു.
പൊലീസിൻ്റെയും രാഷ്ട്രീയ നേതാക്കളുടെയും പിന്തുണ ലഭിക്കാത്തതിലുള്ള നിരാശയും അസദ് വീഡിയോയിലൂടെ വ്യക്തമാക്കുന്നുണ്ട്. സാധുതയുള്ള രേഖകൾ ഉണ്ടായിരുന്നിട്ടും തൻ്റെ കുടുംബം ബംഗ്ലാദേശി കുടിയേറ്റക്കാരാണെന്ന് ആരോപിച്ചതായി പ്രതി പരാമർശിച്ചു. തങ്ങള്‍ നേരിട്ട പീഡനങ്ങൾ കാരണം മറ്റൊരു മതത്തിലേക്ക് മാറാൻ അസദ് ആഗ്രഹം പ്രകടിപ്പിച്ചു. തൻ്റെ കുടുംബത്തിന് നീതി ഉറപ്പാക്കണമെന്നും സമാനമായ ദുരന്തങ്ങൾ മറ്റുള്ളവർക്ക് സംഭവിക്കുന്നത് തടയണമെന്നും അസദ് പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും മുഖ്യമന്ത്രി യോഗി ആദിത്യനാഥിനോടും അഭ്യർഥിക്കുന്നുമുണ്ട്. പൊലീസുകാര്‍ കൈക്കൂലി വാങ്ങുന്നതായും പ്രദേശത്തെ പാവപ്പെട്ട പെണ്‍കുട്ടികളെ തട്ടിക്കൊണ്ടു പോയി വില്‍ക്കുന്നത് ശ്രദ്ധിക്കുന്നില്ലെന്നും അസദ് പറയുന്നു. അമ്മയെയും സഹോദരിമാരെയും ക്രൂരമായ രീതിയിൽ കൊലപ്പെടുത്തിയതായും അസദ് വീഡിയോയില്‍ സമ്മതിക്കുന്നുണ്ട്.
പുതുവത്സര ദിനത്തില്‍ ലഖ്നൗവിലെ ഹോട്ടലില്‍ വച്ചായിരുന്നു കൊലപാതകം. ആഗ്ര സ്വദേശികളാണ് അസദും കുടുംബവും. അസദിന്‍റെ മാതാവ് അസ്മ, സഹോദരിമാരായ ആലിയ (9), അൽഷിയ (19), അക്സ (16), റഹ്മീൻ (18) എന്നിവരാണ് കൊല്ലപ്പെട്ടത്. കൈത്തണ്ടയിൽ വെട്ടേറ്റ നിലയിലും കമ്പിളി വസ്ത്രങ്ങൾ ചോരയിൽ മുങ്ങിയ നിലയിലുമാണ് അഞ്ചുപേരെയും മരിച്ച നിലയിൽ കണ്ടെത്തിയത്. ഭക്ഷണത്തിൽ ലഹരി കലർത്തിയ ശേഷം അർഷാദ് ഇവരെ കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായത്. ചിലരെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയും ബാക്കിയുള്ളവരെ ബ്ലേഡ് ഉപയോഗിച്ച് കൊലപ്പെടുത്തുകയും ചെയ്തതായി പൊലീസ് വ്യക്തമാക്കിയിരുന്നു. കേസിൽ അസദിൻ്റെ പിതാവ് ബദറിനെയും പോലീസ് പ്രതി ചേർത്തിട്ടുണ്ട്. പിതാവ് ഇപ്പോഴും ഒളിവിലാണ്, ഇയാൾക്കായി പൊലീസ് തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്.