‘ദേശീയപതാകയെ 21 തവണ സല്യൂട്ട് ചെയ്യണം’; ജാമ്യത്തിന് ഉപാധിവെച്ച് മധ്യപ്രദേശ് ഹൈകോടതി

‘പാകിസ്താൻ സിന്ദാബാദ്’ മുദ്രാവാക്യം വിളിച്ചെന്നാണ് കേസ്

Update: 2024-10-17 06:55 GMT
Advertising

ഭോപ്പാൽ: ‘പാകിസ്താൻ സിന്ദാബാദ്, ഹിന്ദുസ്ഥാൻ മൂർദാബാദ്’ എന്ന മുദ്രാവാക്യം വിളി​ച്ചെന്ന കേസിലെ പ്രതിക്ക് ​ജാമ്യത്തിനായി വ്യത്യസ്ത ഉപാധികൾവെച്ച് മധ്യപ്രദേശ് ഹൈകോടതി. മാസത്തിൽ രണ്ട് തവണ ദേശീയപതാകയെ 21 തവണ സല്യൂട്ട് ചെയ്യണമെന്നാണ് വ്യവസ്ഥ.

ഈ വർഷം മെയ് 17ന് രജിസ്റ്റർ ചെയ്ത എഫ്ഐആറിനെ തുടർന്നാണ് മധ്യപ്രദേശ് സ്വദേശി ഫൈസാനെ ഭോപ്പാൽ പൊലീസ് അറസ്റ്റ് ചെയ്യുന്നത്. അന്ന് മുതൽ ഇയാൾ തടങ്കലിലാണ്. വിവിധ വിഭാഗങ്ങൾക്കിടയിൽ ശത്രുത വളർത്താനാണ് പ്രതിയുടെ ലക്ഷ്യമെന്നും ഇയാളുടെ പ്രവൃത്തി ഐക്യവും ദേശീയോദ്ഗ്രഥനവും നിലനിർത്തുന്നതിന് ദോഷകരമാണെന്നും പ്രോസിക്യൂഷൻ വാദിച്ചു.

അതേസമയം, ജസ്റ്റിസ് ദിനേഷ് കുമാർ പലിവാൾ പ്രതിക്ക് ഉപാധികളോടെ ജാമ്യം അനുവദിക്കുകയായിരുന്നു. വിചാരണ തുടരുന്നത് വരെ എല്ലാ മാസവും ആദ്യത്തെയും നാലാമത്തെയും ചൊവ്വാഴ്ച പ്രദേശത്തെ പൊലീസ് സ്റ്റേഷനിൽ ഇയാൾ ഹാജരാകണം. തുടർന്ന് ‘ഭാരത് മാതാകീ ജയ്’ മുഴക്കി പൊലീസ് സ്​റ്റേഷനിലുള്ള ദേശീയ പതാക നോക്കി 21 തവണ സല്യൂട്ട് ചെയ്യണമെന്നാണ് ജാമ്യവ്യവസ്ഥയിൽ പറയുന്നത്. ഇത് കൂടാതെ 50,000 രൂപ ജാമ്യത്തുകയായി കെട്ടിവെക്കുകയും വേണം.

പ്രതി മുദ്രാവാക്യം വിളിക്കുന്നതിന്റെ വിഡിയോ തങ്ങളുടെ കൈവശമുണ്ടെന്ന് പ്രോസിക്യൂഷൻ അറിയിച്ചിരുന്നു. എന്നാൽ, വിഡിയോ കോടതി മുമ്പാകെ ഹാജരാക്കാത്തതിനാൽ ജാമ്യാപേക്ഷ മാസങ്ങളോളം നീണ്ടു.

തുടർന്ന് സെപ്റ്റംബർ 17ന് ഭോപ്പാലിലെ ഫോറൻസിക് സൈബർ സെൽ ഡയറക്ടർ അശോക് ഖാൽകോ കോടതി മുമ്പാകെ ഹാരജാകുകയുണ്ടായി. മധ്യ​പ്രദേശിലെ വിവിധ ​പൊലീസ് സ്റ്റേഷനുകളിൽനിന്നായി ലഭിച്ച 3400 വിഷയങ്ങൾ ഫോറൻസിക് സൈബർ ലാബിന്റെ മുമ്പിൽ പരിശോധനക്കായി കെട്ടിക്കിടക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഇവ പരിശോധിക്കാൻ ആകെ നാല് പേർ മാത്രമാണുള്ളതെന്നും വ്യക്തമാക്കി. തുടർന്ന് ഫോറൻസിക് സൈബർ സെല്ലിന്റെ പ്രവർത്തനം വേഗത്തിലാക്കാൻ ആവശ്യമായ ജീവനക്കാരെ നിയമിക്കണമെന്ന് കോടതി സർക്കാരിനോട് നിർദേശിച്ചു.

ഫൈസാനെ കള്ളക്കേസിൽ കുടുക്കുകയായിരുന്നുവെന്ന് അഭിഭാഷകൻ ഹക്കീം ഖാൻ കോടതിയിൽ അറിയിച്ചു. അതേസമയം, അയാൾ മുദ്രാവാക്യം വിളിക്കുന്നതായി ഒരു വിഡിയോയിൽ കണ്ടുവെന്ന് അഭിഭാഷകൻ പറഞ്ഞതായി കോടതി വ്യക്തമാക്കി.

പ്രതി സ്ഥിരം കുറ്റവാളിയാണെന്നും ഇയാൾക്കെതിരെ 14 ക്രിമിനൽ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും സർക്കാർ അഭിഭാഷകൻ സി.കെ മിശ്ര പറഞ്ഞു. അയാൾ ജനിച്ചുവളർന്ന രാജ്യത്തിനെതിരെ പരസ്യമായി മുദ്രാവാക്യം വിളിക്കുകയാണ്. ഈ രാജ്യത്ത് അയാൾക്ക് സന്തോഷവും തൃപ്തിയും ഇല്ലെങ്കിൽ അയാൾ സിന്ദാബാദ് മുദ്രാവാക്യം വിളിച്ച രാജ്യം ജീവിക്കാനായി തെരഞ്ഞെടുത്തോട്ടെയെന്നും സി.കെ മി​ശ്ര പറഞ്ഞു.

Tags:    

Writer - വി.കെ. ഷമീം

Senior Web Journalist

Editor - വി.കെ. ഷമീം

Senior Web Journalist

By - Web Desk

contributor

Similar News