രാജീവ് ഗാന്ധിയുടെ പേരില്‍ പുരസ്‌കാരം പ്രഖ്യാപിച്ച് മഹാരാഷ്ട്ര സര്‍ക്കാര്‍

രാജീവ് ഗാന്ധി ഖേല്‍രത്‌നയുടെ പേര് മാറ്റിയ മോദി സര്‍ക്കാറിന്റെ നടപടി രാഷ്ട്രീയവിവാദത്തിന് കാരണമായിരുന്നു.

Update: 2021-08-11 06:51 GMT
Editor : Suhail | By : Web Desk
Advertising

മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ പേരില്‍ പുരസ്‌കാരം പ്രഖ്യാപിച്ച് മഹാരാഷ്ട്ര സര്‍ക്കാര്‍. ഐ.ടി മേഖലയില്‍ മികച്ച പ്രകടനം കാഴ്ച്ചവെക്കുന്നവര്‍ക്ക് രാജീവ് ഗാന്ധിയുടെ പേരിലുള്ള പുരസ്‌കാരം നല്‍കാനാണ് തീരുമാനമായിരിക്കുന്നത്. മഹാരാഷ്ട്ര ഇന്‍ഫൊര്‍മേഷന്‍ ടെക്നോളജി കോര്‍പ്പറേഷനാണ് അവാര്‍ഡ് ജേതാക്കളെ തിരഞ്ഞെടുക്കുക.

ഐ.ടി മേഖലയില്‍ മികച്ച പ്രകടനം കാഴ്ച്ചവെക്കുന്ന കമ്പനികള്‍ക്കും സ്ഥാപനങ്ങള്‍ക്കുമാണ് പുരസ്‌കാരം നല്‍കുന്നത്. രാജീവ് ഗാന്ധിയുടെ ജന്മദിനമായ ആഗസ്റ്റ് ഇരുപതിന് പുരസ്‌കാര പ്രഖ്യാപനം ഉണ്ടായിരിക്കുമെന്നും സംസ്ഥാന ഐ.ടി മന്ത്രി സാതേജ് പട്ടേല്‍ പറഞ്ഞു. രാജീവ് ഗാന്ധിയുടെ പേരിലുള്ള പുരസ്‌കാരം സമ്മാനിക്കുന്നത് അഭിമാനകരമായ കാര്യമാണെന്നും മന്ത്രി പറഞ്ഞു.

അവാര്‍ഡ് വിതരണത്തിനായി നോഡല്‍ ഏജന്‍സിയെ നിയമിച്ചതായും മന്ത്രി പറഞ്ഞു. പുരസ്‌കാര ജേതാക്കളുടെ തിരഞ്ഞെടുപ്പ് സംബന്ധിച്ച പ്രവര്‍ത്തികള്‍ പൂര്‍ത്തിയായി. മുഖ്യമന്ത്രി ഉദ്ധവ് താക്കറെയായിരിക്കും സമ്മാനം നല്‍കുന്നത്. ആഗസ്റ്റ് ഇരുപതിന് പുരസ്‌കാര പ്രഖ്യാപനവും, ഒക്ടോബര്‍ മുപ്പതിന് മുമ്പായി സമര്‍പ്പണവും നടക്കും. അടുത്ത വര്‍ഷം മുതല്‍ ആഗസ്റ്റ് ഇരുപതിന് തന്നെ പുരസ്കാരം വിതരണം ചെയ്യുമെന്നും സാതേജ് പട്ടേല്‍ പറഞ്ഞു.

രാജീവ് ഗാന്ധി ഖേല്‍രത്‌നയുടെ പേര് മാറ്റി മേജര്‍ ധ്യാന്‍ചന്ദ് ഖേല്‍രത്‌ന എന്നാക്കി മാറ്റിയ മോദി സര്‍ക്കാറിന്റെ നടപടി രാഷ്ട്രീയവിവാദത്തിന് കാരണമായിരുന്നു. പേരുമാറ്റം രാഷ്ട്രീയപ്രേരിതമാണെന്ന് കുറ്റപ്പെടുത്തിയ കോണ്‍ഗ്രസ്, സ്‌റ്റേഡിയങ്ങള്‍ക്ക് സ്വന്തം പേരും ബി.ജെ.പി നേതാക്കളുടെ പേരും നല്‍കിയ മോദിയുടെ ഇരട്ടത്താപ്പാണ് നടപടിയെന്നും വിമര്‍ശിക്കുകയുണ്ടായി.

ഇന്ത്യയുടെ ആറാമത് പ്രധാനമന്ത്രിയായിരുന്ന രാജിവ് ഗാന്ധി, 1984 മുതല്‍ 1989 വരെ അധികാരത്തിലിരുന്നിരുന്നു. രാജ്യത്തെ വിവരസാങ്കേതിക വിദ്യ വിപ്ലവത്തിന് ചുക്കാന്‍ പിടിച്ച രാജീവ് ഗാന്ധി, കുറഞ്ഞ വിലയില്‍ കമ്പ്യൂട്ടര്‍ ലഭ്യമാക്കുകയും ടെലികമ്മ്യൂണിക്കേഷന്‍ സാര്‍വത്രികമാക്കുകയും ചെയ്തു.

Tags:    

Writer - Suhail

contributor

Editor - Suhail

contributor

By - Web Desk

contributor

Similar News