മുംബൈയിലെ കടൽപ്പാലത്തിന് സവർക്കറുടെ പേര് നൽകി മഹാരാഷ്ട്ര സർക്കാർ
കടൽപ്പാലത്തിന് സവർക്കറുടെ പേര് നൽകുമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെ നേരത്തേ തന്നെ പ്രഖ്യാപിച്ചിരുന്നു
മുംബൈ: മുംബൈയിലെ വെർസോവ-ബാന്ദ്ര കടൽപ്പാലത്തിന് സവർക്കറുടെ പേര് നൽകി മഹാരാഷ്ട്ര സർക്കാർ. വീർ സവർക്കർ സേതു എന്നാണ് പുതിയ പേര്. മുംബൈ ട്രാൻസ്ഹാർബർ ലിങ്ക് റോഡിന്റെ പേര് നവ സേവ അടൽ സേതു എന്നും പുനർനാമകരണം ചെയ്തിട്ടുണ്ട്.
ഇന്ന് മുംബൈയിൽ നടന്ന കാബിനറ്റ് മീറ്റിംഗിലാണ് പാലം നാമകരണം ചെയ്തത്. കടൽപ്പാലത്തിന് സവർക്കറുടെ പേര് നൽകുമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെ നേരത്തേ തന്നെ പ്രഖ്യാപിച്ചിരുന്നു. സവർക്കർ ജയന്തി ദിനമായ മെയ് 28നായിരുന്നു പ്രഖ്യാപനം.
17.17 കിലോമീറ്ററാണ് നിലവിൽ നിർമാണം നടക്കുന്ന ബാന്ദ്ര-വെർസോവ സീ ലിങ്കിന്റെ നീളം. രാജ്യത്തെ ഏറ്റവും വീതിയേറിയ കടൽപ്പാലമാണ് അന്ധേരിയിലെ വെർസോവയെയും ബാന്ദ്രയെയും ബന്ധിപ്പിക്കുന്ന ഈ എട്ടുവരിപ്പാത. 2027 ഓഗസ്റ്റിൽ പൂർത്തിയാകുന്ന തരത്തിലാണ് പാലത്തിന്റെ നിർമാണം. മുംബൈ നഗരത്തെ നവി മുംബൈയുമായി ബന്ധിപ്പിക്കുന്നതാണ് ട്രാൻസ് ഹാർബർ ലിങ്ക്. ഡിസംബറിൽ നിർമാണം പൂർത്തിയാകുമെന്നാണ് പ്രതീക്ഷ.