ഗാന്ധിജി പറഞ്ഞിട്ടാണ് സവര്‍ക്കര്‍ ബ്രിട്ടീഷുകാരോട് മാപ്പ് ചോദിച്ചത്: രാജ്‌നാഥ് സിങ്

'വീര സവര്‍ക്കര്‍- ദ് മാന്‍ ഹു കുഡ് ഹാവ് പ്രിവന്റഡ് പാര്‍ട്ടിഷന്‍' എന്ന പുസ്തകത്തിന്റെ പ്രകാശനച്ചടങ്ങില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു രാജ്‌നാഥ് സിങ്

Update: 2021-10-13 10:10 GMT
Editor : Dibin Gopan | By : Web Desk
Advertising

ആന്‍ഡമാന്‍ ജയിലില്‍നിന്നു മോചിതനാവാനായി വി.ഡി.സവര്‍ക്കര്‍ ബ്രിട്ടീഷുകാരോടു മാപ്പു ചോദിച്ചത് മഹാത്മാഗാന്ധിയുടെ നിര്‍ദേശപ്രകാരമായിരുന്നുവെന്നു പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്. സവര്‍ക്കറുടെ മോചനത്തിനു ഗാന്ധിജി ശുപാര്‍ശ ചെയ്തിരുന്നുവെന്നും പറഞ്ഞു.

ഉദയ് മഹുര്‍ക്കര്‍, ചിരായു പണ്ഡിറ്റ് എന്നിവര്‍ ചേര്‍ന്നു രചിച്ച 'വീര സവര്‍ക്കര്‍- ദ് മാന്‍ ഹു കുഡ് ഹാവ് പ്രിവന്റഡ് പാര്‍ട്ടിഷന്‍' എന്ന പുസ്തകത്തിന്റെ പ്രകാശനച്ചടങ്ങില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു രാജ്‌നാഥ് സിങ്. ആര്‍എസ്എസ് അധ്യക്ഷന്‍ ഡോ. മോഹന്‍ ഭാഗവത് പ്രകാശനം നിര്‍വഹിച്ചു.

ആന്‍ഡമാന്‍ സെല്ലുലാര്‍ ജയിലിലെ എല്ലാ തടവുകാരും മോചനത്തിനായി പതിവു നടപടിക്രമമെന്ന നിലയില്‍ മാപ്പപേക്ഷ സമര്‍പ്പിച്ചിരുന്നുവെന്നാണ് രാജ്‌നാഥിന്റെ വാദം. 'ഞങ്ങള്‍ സമാധാനപൂര്‍വം സ്വാത്രന്ത്ര്യത്തിനു വേണ്ടി പോരാടുന്നതു പോലെ സവര്‍ക്കറും ഇനി സമാധാനപാതയിലേ പ്രവര്‍ത്തിക്കൂവെന്ന് ഉറപ്പു നല്‍കുന്നു' എന്നു ഗാന്ധിജിയും എഴുതിയത്രേ. സവര്‍ക്കര്‍ ഒരു ആല്‍മരമാണെന്നും തങ്ങള്‍ അതിലെ ശിഖരങ്ങള്‍ മാത്രമാണെന്നും കമ്യൂണിസ്റ്റ് വിപ്ലവകാരി എം.എന്‍. റോയി പറഞ്ഞിട്ടുണ്ട്. ഇക്കാര്യങ്ങളെല്ലാം മറച്ചുവച്ച് സവര്‍ക്കറെ അപമാനിക്കാന്‍ ചിലര്‍ വര്‍ഷങ്ങളായി ശ്രമിക്കുകയാണെന്നും രാജ്നാഥ്സിങ് പറഞ്ഞു.

സവര്‍ക്കറെപ്പറ്റി ശരിയായ അറിവിന്റെ അഭാവമുണ്ടെന്ന് മോഹന്‍ ഭാഗവത് പറഞ്ഞു. സവര്‍ക്കറെ അടുത്തറിഞ്ഞാല്‍ ചിലരുടെ യഥാര്‍ഥ സ്വഭാവം പുറത്താകും എന്നതിനാലാണ് അവരത് അനുവദിക്കാത്തത്. ഭിന്ന നിലപാടുകാരായിരുന്നുവെങ്കിലും ഗാന്ധിജിയും സവര്‍ക്കറും പരസ്പരം ബഹുമാനിച്ചിരുന്നുവെന്നും പറഞ്ഞു.

Tags:    

Writer - Dibin Gopan

contributor

Editor - Dibin Gopan

contributor

By - Web Desk

contributor

Similar News