ആശ്വാസ വാർത്ത; ഹിമാചലിൽ കുടുങ്ങിയ മലയാളി വിദ്യാർഥികൾ ഡൽഹി കേരളാ ഹൗസിൽ എത്തി
മിന്നൽ പ്രളയമുണ്ടായതോടെയാണ് മണാലിയിൽ 27 മലയാളി മെഡിക്കൽ വിദ്യാർഥികൾ കുടുങ്ങിയത്
ന്യൂഡൽഹി: ഹിമാചൽ പ്രദേശിൽ കുടുങ്ങിയ മലയാളി മെഡിക്കൽ വിദ്യാർത്ഥികൾ ഡൽഹി കേരള ഹൗസിലെത്തി. എറണാകുളം കളമശേരി മെഡിക്കൽ കോളേജിലെ അവസാന വർഷ വിദ്യാർത്ഥികളാണ് എത്തിയത്. പ്രത്യേക ബസിലാണ് ഇവർ ഡൽഹിയിലെത്തിയത്. കൃഷി മന്ത്രി പി പ്രസാദ് വിദ്യാർഥികളുമായി സംസാരിച്ചു.
മിന്നൽ പ്രളയമുണ്ടായതോടെയാണ് മണാലിയിൽ 27 മലയാളി മെഡിക്കൽ വിദ്യാർഥികൾ കുടുങ്ങിയത്. കഴിഞ്ഞ മാസം 27നാണ് വിദ്യാർഥികൾ വിനോദ സഞ്ചാരത്തിന്റെ ഭാഗമായി ഹിമാചലിലേക്ക് പോയത്. തൃശൂരിൽ നിന്നുള്ള 18 മെഡിക്കൽ വിദ്യാർഥികളും ഹിമാചലിൽ കുടുങ്ങിയിരുന്നു. ഇവരും ഇന്ന് തന്നെ ഡൽഹിയിലേക്ക് തിരിച്ചുവരുമെന്ന് പ്രതീക്ഷിക്കുന്നതായി മന്ത്രി പി പ്രസാദ് പറഞ്ഞു.
തൃശൂരിലെ വിദ്യാർഥികൾ കൂടി എത്തിയാൽ വിദ്യാർഥികളെ കേരളത്തിലേക്ക് എത്തിക്കാനുള്ള നടപടികൾ ചെയ്യും. വിദ്യാർഥികളുടെ ട്രാവൽ എജൻറ്‌സ് മുഖേനെയോ അല്ലെങ്കിൽ സർക്കാർ നേരിട്ടോ ഇക്കാര്യം ചെയ്യും. എട്ടാം തിയ്യതി മുതൽ കുടുങ്ങിക്കിടന്ന വിദ്യാർഥികളിൽ ആൺകുട്ടികളെ ഫോണിൽ ലഭ്യമായിരുന്നില്ല. കയ്യിൽ പണമില്ലാത്തതിനാൽ ഇവർ പട്ടിണി കിടക്കേണ്ടി വന്നിരുന്നു. സംസ്ഥാന സർക്കാറിന്റെ ഡൽഹി പ്രതിനിധി കെ.വി തോമസാണ് വിദ്യാർഥികളെ രക്ഷിക്കാനുള്ള പ്രവർത്തനം ഏകോപിപ്പിച്ചത്.
Malayalee students stuck in Himachal reached Delhi Kerala House